ബേപ്പൂര്‍ വാട്ടര്‍ഫെസ്റ്റ്: മാരത്തോണ്‍ മത്സരം 28ന്
ചാലിയം ഓഷ്യാനസ് പരിസരത്തുനിന്ന് രാവിലെ ആറിന് ആരംഭിക്കും
ബേപ്പൂര്‍ അന്താരാഷ്ട്ര വാട്ടര്‍ ഫെസ്റ്റ് അഞ്ചാം പതിപ്പിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന മാരത്തോണ്‍ മത്സരം ഡിസംബര്‍ 28ന് നടക്കും. രാവിലെ ആറിന് ചാലിയം ഓഷ്യാനസ് പരിസരത്തുനിന്ന് ആരംഭിക്കുന്ന മാരത്തോണ്‍ 13 കിലോമീറ്റര്‍ പിന്നിട്ട് ബേപ്പൂര്‍ മറീന ബീച്ചില്‍ അവസാനിക്കും. കെ എം സച്ചിന്‍ ദേവ് എംഎല്‍എ ഉദ്ഘാടനം നിര്‍വഹിക്കും.
പുരുഷ-വനിതാ വിഭാഗങ്ങളില്‍ പ്രത്യേകം മത്സരം ഉണ്ടാകും. ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് 10000 രൂപ, രണ്ടാം സ്ഥാനക്കാര്‍ക്ക് 7000, മൂന്നാം സ്ഥാനക്കാര്‍ക്ക് 5,000 എന്നിങ്ങനെയാണ് സമ്മാനത്തുക. വിജയികള്‍ക്ക് പുറമെ ആദ്യം ഫിനിഷ് ചെയ്യുന്ന അഞ്ച് വനിതകള്‍ക്കും അഞ്ച് പുരുഷന്മാര്‍ക്കും 1000 രൂപ വീതം പ്രോത്സാഹന സമ്മാനം ഉണ്ടാകും. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ബീച്ച് ഫുട്ബോളില്‍ ദേവഗിരി സെന്റ് ജോസഫ് കോളേജും ബേപ്പൂര്‍ വൈ ബി എസും ജേതാക്കള്‍
ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റ് അഞ്ചാം പതിപ്പിന്റെ പ്രചാരണാര്‍ഥം സംഘടിപ്പിച്ച ബീച്ച് ഫുട്‌ബോളില്‍ വനിതാ വിഭാഗത്തില്‍ ദേവഗിരി സെന്റ് ജോസഫ് കോളേജും പുരുഷ വിഭാഗത്തില്‍ ബേപ്പൂര്‍ വൈ ബി എസും ജേതാക്കളായി. വനിതാ വിഭാഗം ഫൈനലില്‍ ഡൈനാമിക് എഫ് സിയെ എതിരില്ലാത്ത ഒരു ഗോളിനാണ് ദേവഗിരി സെന്റ് ജോസഫ് കോളേജ് പരാജയപ്പെടുത്തിയത്. പുരുഷ വിഭാഗത്തില്‍ ബേപ്പൂര്‍ ഫൈറ്റേഴ്സിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് വൈ ബി എസ് ടീം ഒന്നാമതെത്തിയത്. പുരുഷ-വനിതാ വിഭാഗങ്ങളിലായി എട്ട് വീതം ടീമുകളാണ് ബീച്ചില്‍ കളിയാവേശം തീര്‍ത്തത്. ഒന്നാം സ്ഥാനക്കാര്‍ക്ക് 12,000 രൂപയും രണ്ടാം സ്ഥാനക്കാര്‍ക്ക് 8000 രൂപയുമാണ് സമ്മാനം.
ബേപ്പൂര്‍ ബീച്ചില്‍ നടന്ന മത്സരം ഫറോക്ക് എ.സി.പി എ എം സിദ്ദിഖ് ഉദ്ഘാടനം ചെയ്തു. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ഡോ. വി റോയ് ജോണ്‍ അധ്യക്ഷനായി. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി പ്രപു പ്രേംനാഥ്, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരായ ഇ അനിതകുമാരി, നിമ്മി പ്രശാന്ത്, തസ്ലീന, കെ.ഡി.എഫ്.എ സെക്രട്ടറി ഷജേഷ്‌കുമാര്‍, ഡി.ടി.പി.സി മാനേജര്‍ നിഖില്‍ ഹരിദാസ് തുടങ്ങിയവര്‍ സംസാരിച്ചു.
ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി പ്രപു പ്രേംനാഥ്, എക്‌സിക്യൂട്ടീവ് മെമ്പര്‍ കെ ഷാജേഷ് കുമാര്‍ എന്നിവര്‍ സമ്മാനദാനം നിര്‍വഹിച്ചു. സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
- Log in to post comments