Skip to main content
പ്രവൃത്തി പുരോഗമിക്കുന്ന വടകര-വില്യാപ്പള്ളി-ചേലക്കാട് റോഡ്

വില്യാപ്പള്ളി-ചേലക്കാട് റോഡ് പ്രവൃത്തി പുരോഗമിക്കുന്നു

 

കുറ്റ്യാടി, നാദാപുരം, വടകര നിയോജക മണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന വടകര-വില്യാപ്പള്ളി-ചേലക്കാട് റോഡ് പ്രവൃത്തി ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. ദേശീയപാതയെയും സംസ്ഥാനപാതയും ബന്ധിപ്പിക്കുന്നതും വടകര നഗരസഭയിലൂടെയും വില്യാപ്പള്ളി, ആയഞ്ചേരി, പുറമേരി, നാദാപുരം ഗ്രാമപഞ്ചായത്തുകളിലൂടെയും കടന്നുപോകുന്നതുമായ റോഡ് 12 മീറ്റര്‍ വീതിയിലാണ് വികസിപ്പിക്കുന്നത്. ഭൂരിഭാഗം ഭൂവുടമകളില്‍ നിന്നും സമ്മതപത്രം ലഭിച്ച കുറ്റ്യാടി, നാദാപുരം നിയോജക മണ്ഡലങ്ങളിലാണ് പ്രവൃത്തി പുരോഗമിക്കുന്നത്. 61.71 കോടി രൂപയുടെ പ്രവൃത്തിയാണ് ഈ നിയോജകമണ്ഡലങ്ങളില്‍ നടത്തുന്നത്. ഇതില്‍ യൂട്ടിലിറ്റി ഷിഫ്റ്റിങ്ങിനുള്ള 3.27 കോടി രൂപ കെ.എസ്.ഇ.ബിക്കും 2.57 കോടി രൂപ വാട്ടര്‍ അതോറിറ്റിക്കും കൈമാറിയിട്ടുണ്ട്. 

1050 മീറ്റര്‍ നീളത്തില്‍ മതില്‍ പുനര്‍നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്. ആറ് സ്ലാബ് കള്‍വെര്‍ട്ടുകളുടെയും രണ്ട് ബോക്‌സ് കള്‍വെര്‍ട്ടുകളുടെയും ഡ്രൈനേജിന്റെയും നിര്‍മാണം പുരോഗമിക്കുന്നു. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് സ്ഥലം വിട്ടുനല്‍കുന്ന ഭൂവുടമകള്‍ക്ക് മതിലുകളുടെ പുനര്‍നിര്‍മാണവും ഉപജീവനമാര്‍ഗങ്ങള്‍ക്ക് നഷ്ടമുണ്ടാകുന്നവര്‍ക്ക് അവ പരിഹരിക്കുന്നതിനുള്ള ഘടകങ്ങളും എസ്റ്റിമേറ്റില്‍ ഉള്‍പ്പെടുത്തിയത്. കിഫ്ബിയുടെ അനുമതി പ്രകാരം കേരള റോഡ് ഫണ്ട് ബോര്‍ഡിനാണ് പ്രവൃത്തിയുടെ നിര്‍വഹണ ചുമതല. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോഓപറേറ്റീവ് സൊസൈറ്റിയാണ് പ്രവൃത്തി നടത്തുന്നത്.

date