Skip to main content
മരുതോങ്കര എം ആർ എസ്: പട്ടികജാതി - പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്കായി നടപ്പാക്കുന്ന ‘ഉന്നതി വിജ്ഞാന കേരളം’ തൊഴിൽ പരിശീലന പദ്ധതി ഉദ്ഘാടനം -മന്ത്രി ഒ ആർ  കേളു നിർവഹിക്കുന്നു.

പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച തൊഴിലവസരങ്ങള്‍ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ നടത്തുന്നത് വലിയ ഇടപെടല്‍- മന്ത്രി ഒ ആര്‍ കേളു

 

'ഉന്നതി വിജ്ഞാന കേരളം' തൊഴില്‍ പരിശീലന പദ്ധതി ഉദ്ഘാടനം ചെയ്തു

സംസ്ഥാനത്തെ പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച തൊഴിലവസരങ്ങള്‍ ലഭ്യമാക്കാന്‍ വലിയ ഇടപെടലാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ ആര്‍ കേളു. പട്ടികജാതി-പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്കായി നടപ്പാക്കുന്ന 'ഉന്നതി വിജ്ഞാന കേരളം' തൊഴില്‍ പരിശീലന പദ്ധതി മരുതോങ്കര എംആര്‍എസില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി ഇ കെ വിജയന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. 

പട്ടികജാതി, പട്ടികവര്‍ഗ്ഗ പിന്നാക്ക വികസന വകുപ്പും കെ-ഡിസ്‌കും വിജ്ഞാനകേരളവും സംയുക്തമായി ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന പ്രത്യേക പദ്ധതിയാണ് 'ഉന്നതി -വിജ്ഞാന കേരളം'. ഇന്റേണ്‍ഷിപ്പുകള്‍, തൊഴില്‍, അപ്രന്റീസ് ഷിപ്പുകള്‍ വഴി 2026 മാര്‍ച്ച് 31 നകം 10,000 തൊഴിലവകരങ്ങള്‍ സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നത്. സംസ്ഥാനത്തെ ഐടിഐ പോളിടെക്‌നിക് പഠനം പൂര്‍ത്തിയായ തൊഴിലന്വേഷകര്‍ക്ക് വിവിധ ട്രേഡുകളില്‍ ഡൊമൈന്‍ പരിശീലനവും വ്യക്തിത്വ വികസന പരിശീലനവും ഉറപ്പാക്കി തൊഴിലിലേക്ക് എത്തിക്കുക എന്നതാണ് പദ്ധതിയുടെ  ലക്ഷ്യം.

പദ്ധതിയുടെ പ്രാഥമിക ഘട്ടമായി ഐടിഐ ട്രേഡുകള്‍ വിജയിച്ച മുഴുവന്‍ പട്ടികജാതി-പട്ടികവര്‍ഗ തൊഴിലന്വേഷകര്‍ക്ക് തൊഴില്‍ സാദ്ധ്യതകള്‍, വിവിധ തൊഴില്‍ മേഖലകള്‍, ബ്രിഡ്ജ് കോഴ്‌സ് പരിചയപ്പെടുത്തല്‍, നൂതന സങ്കേതങ്ങള്‍, ഇന്‍ഡസ്ട്രി 4.0 എന്നിവ പരിചയപ്പെടുത്തും. പരിശീലനത്തിന്റെ രണ്ടാം ഘട്ടം ജനുവരി നാല് വരെ തിരഞ്ഞെടുത്ത ഐ ടി ഐകളിലും മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലുമായി സംഘടിപ്പിക്കും.

കെ ഡിസ്‌ക് മെമ്പര്‍ സെക്രട്ടറി ഡോ. പി വി ഉണ്ണികൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ശശീന്ദ്രന്‍, മരുതോങ്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ എം സതി, മരുതോങ്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ആര്‍ ബിജു, പട്ടികജാതി വികസന വകുപ്പ് ഉത്തരമേഖല ഡെപ്യൂട്ടി ഡയറക്ടര്‍ കെ കെ ഷാജു, വിജ്ഞാനകേരളം ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ എം ജി സുരേഷ്, ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ ഐ പി ശൈലേഷ്, മരുതോങ്കര ഡോ. ബി ആര്‍ അംബേദ്കര്‍ ഗവ. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ സീനിയര്‍ സൂപ്രണ്ട് പി കെ സുരജ, ഉത്തരമേഖല ട്രെയിനിങ് ഇന്‍സ്പെക്ടര്‍ എ ബാബുരാജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date