കേരളത്തിന്റെ ആവേശോജ്ജ്വലമായ സാമൂഹിക പുരോഗതിയുടെ ചരിത്രത്തെ അടിസ്ഥാനപ്പെടുത്തിയുള്ള വിജ്ഞാന യാത്ര - ചീഫ് മിനിസ്റ്റേഴ്സ് മെഗാക്വിസ് മത്സരം ജനുവരി 12 മുതൽ സംസ്ഥാന വ്യാപകമായി ആരംഭിക്കുകയാണ്. സംസ്ഥാനത്തുള്ള 8 മുതൽ 12 വരെ ക്ലാസുകളിലുള്ള വിദ്യാർത്ഥികൾക്കും സർവകലാശാല, കോളേജ് വിദ്യാർത്ഥികൾക്കും പ്രത്യേകം മത്സരങ്ങളാണ് നടത്തുന്നത്. സ്‌കൂൾ തല മത്സര വിജയികൾക്ക് ഒന്നാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും രണ്ടാം സമ്മാനമായി മൂന്ന് ലക്ഷം രൂപയും മൂന്നാം സമ്മാനമായി രണ്ട് ലക്ഷം രൂപയും ലഭിക്കും. കോളേജ് തല മത്സര വിജയികൾക്ക് ഒന്നാം സമ്മാനമായി മൂന്ന് ലക്ഷം രൂപയും രണ്ടാം സമ്മാനമായി രണ്ട് ലക്ഷം രൂപയും മൂന്നാം സമ്മാനമായി ഒരു ലക്ഷം രൂപയും സമ്മാനമായി നൽകും. മെമന്റോ, പ്രശസ്തി പത്രം എന്നിവയും വിജയികൾക്ക് ലഭിക്കും.
സ്‌കൂൾ തലത്തിൽ സ്‌കൂൾ, വിദ്യാഭ്യാസ ജില്ല, ജില്ല, സംസ്ഥാന തലങ്ങളിലാണ് മത്സരം സംഘടിപ്പിക്കുക. ഈ മത്സരങ്ങളിലുണ്ടാവുന്ന വിദ്യാർത്ഥികളുടെ പ്രാതിനിധ്യം വലിയ ചരിത്രമാകും. സ്‌കൂൾ തലത്തിൽ വ്യക്തിഗതമായി നടത്തുന്ന മത്സരത്തിനു ശേഷം വിദ്യാഭ്യാസ ജില്ല മുതൽ മത്സരം ടീം തലത്തിലായിരിക്കും നടത്തുക. സംസ്ഥാന തലത്തിൽ നടക്കുന്ന ഗ്രാൻഡ് ഫിനാലെയിൽ അന്തിമ വിജയിയെ കണ്ടെത്തും. കോളേജ് വിഭാഗത്തിൽ കോളേജ്, ജില്ല, സംസ്ഥാന തലങ്ങളിലായിരിക്കും മത്സരം. കോളേജ് തലത്തിൽ വ്യക്തിഗതമായും പിന്നീട് ടീമായും മത്സരിക്കാവുന്ന രീതിയിലാണ് ക്രമീകരിച്ചിട്ടുള്ളത്. സംസ്ഥാന തലത്തിൽ നടക്കുന്ന ഗ്രാൻഡ് ഫിനാലെയിലൂടെ അന്തിമ വിജയിയെ കണ്ടെത്തും.
ക്വിസ് മത്സരങ്ങളിൽ പങ്കെടുക്കുന്ന എല്ലാവർക്കും ഓൺലൈൻ സർട്ടിഫിക്കറ്റ് നൽകും. ജില്ലാതല മത്സര വിജയികൾക്ക് മെമന്റോ, സർട്ടിഫിക്കറ്റ് എന്നിവ സമ്മാനമായി ലഭിക്കും. ശരിയുത്തരങ്ങൾക്ക് കാണികൾക്കും സമ്മാനം ലഭിക്കുന്ന ജനകീയ മത്സരമായാണ് ജില്ലാ തലം മുതൽ മത്സരം സംഘടിപ്പിക്കുന്നത്. കേരള സമൂഹം ഒന്നടങ്കം അണിനിരക്കുന്ന അറിവിന്റെ മഹോത്സവമായി വിജ്ഞാന യാത്ര - ചീഫ് മിനിസ്റ്റേഴ്സ് മെഗാക്വിസ് മത്സരം മാറും.
വിശദാംശങ്ങൾ അറിയാൻ ചീഫ് മിനിസ്റ്റേഴ്സ് മെഗാക്വിസ് വെബ്സൈറ്റ് സന്ദർശിക്കുക
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍:
https://entekeralam.kerala.gov.in/cmmegaquiz/
