സമ്പൂർണ്ണ ഭിന്നശേഷി സൗഹൃദ ജില്ല; സഹമിത്ര ഭിന്നശേഷി സൗഹൃദ ബിൽഡിംഗ് ഓഡിറ്റിന് തുടക്കം
ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ സമ്പൂർണ്ണ ഭിന്നശേഷി സൗഹൃദ ജില്ല എന്ന ലക്ഷ്യത്തിൽ നടത്തുന്ന ‘സഹമിത്ര’ സമഗ്ര ഭിന്നശേഷി പരിരക്ഷ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ പൊതു കെട്ടിടങ്ങളിൽ നടത്തുന്ന ഭിന്നശേഷി സൗഹൃദ ബിൽഡിംഗ് ഓഡിറ്റിന് തുടക്കമായി.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, കമ്പോസിറ്റ് റീജിയണൽ സെന്റർ (സി.ആർ.സി.), ക്യാമ്പസസ് ഓഫ് കോഴിക്കോട്, നാഷണൽ സർവീസ് സ്‌കീം (എൻ.എസ്.എസ്.), അസോസിയേഷൻ ഓഫ് പീപ്പിൾ വിത്ത് ഡിസബിലിറ്റി (എ.പി.ഡി.) തുടങ്ങിയ കൂട്ടായ്മകളുടെയും അനുബന്ധ സർക്കാർ വകുപ്പുകളുടെയും കൂട്ടായ നേതൃത്വത്തിലാണ് ബിൽഡിംഗ് ഓഡിറ്റ് നടത്തുക.
ഓരോ കോളേജിലെയും എൻ.എസ്.എസ്, ക്യാമ്പസസ് ഓഫ് കോഴിക്കോട്, യൂണിറ്റുകൾക്ക് തദ്ദേശ സ്ഥാപനം നിശ്ചയിച്ചു നൽകുകയും അതത് തദ്ദേശ സ്ഥാപനത്തിലെ പൊതു കെട്ടിടങ്ങളുടെ പട്ടിക തയ്യാറാക്കി അവിടങ്ങളിൽ തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ മൊബൈലിൽ “യെസ് ടൂ ആക്സെസ്” എന്ന അപ്പ് ഉപയോഗിച്ചാണ് ഓഡിറ്റ് നടുത്തുന്നത്.
പ്രാഥമിക ഘട്ടമെന്ന നിലയിൽ ജില്ലയിലെ കോളേജുകളിൽ ഓഡിറ്റ് പൂർത്തിയാക്കി. രണ്ടാം ഘട്ടമായി നടന്ന ഓഡിറ്റിൽ എട്ട് കോളേജുകളുടെ നേതൃത്വത്തിൽ 150 ൽ പരം കെട്ടിടങ്ങളിൽ ഓഡിറ്റ് പൂർത്തിയാക്കി. വരും ദിവസങ്ങളിലും കോളേജുകളുടെ നേതൃത്വത്തിൽ ഓഡിറ്റ് പ്രവർത്തികൾ പുരോഗമിക്കും. 2026 ജനുവരി പകുതിയോടെ ഓഡിറ്റ് പൂർത്തിയാക്കാനാണ് ലക്ഷ്യം.
ഓഡിറ്റ് പങ്കാളികളാകുന്ന വളണ്ടിയർമാർക്ക് സാങ്കേതിക പരിശീലനം നൽകി. ഓഡിറ്റിനെ തുടർന്ന് തദ്ദേശ സ്ഥാപനങ്ങൾക്ക് ഭിന്നശേഷി പ്രോഗ്രസ് റിപ്പോർട്ടുകൾ തയ്യാറാക്കി നൽകും. ഈ അടിസ്ഥാനത്തിൽ സമഗ്ര തദ്ദേശ സ്ഥാപനതല ഭിന്നശേഷി പരിരക്ഷ പദ്ധതി പരിപാടികൾക്ക് രൂപം നൽകും.
- Log in to post comments