ഓൺലൈൻ പ്രസംഗ മത്സര വിജയികൾക്ക് ജില്ലാ കളക്ടർ സമ്മാനം നൽകി
ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓൺലൈൻ മലയാളം പ്രസംഗ മത്സര വിജയികൾക്കുള്ള സമ്മാനദാനം ജില്ലാ കളക്ടർ അലക്സ് വർഗീസ് നിർവഹിച്ചു. ജില്ലാ കളക്ടറുടെ ചേംബറിൽ നടന്ന ചടങ്ങിൽ ഹൈസ്കൂൾ വിഭാഗത്തിൽ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കിയ അമ്പലപ്പുഴ ജിഎംഎച്ച്എസ്എസ് വിദ്യാർഥിനി എസ് ദേവലക്ഷ്മി, പുന്നപ്ര സെന്റ് അലോഷ്യസ് സ്കൂളിലെ വിദ്യാർഥിനി എമി റോസ് ബ്രിട്ടോ, ചേർത്തല സെന്റ് ആൻസ് പബ്ലിക് സ്കൂളിലെ വിദ്യാർഥിനി അലീന ഷാജി എന്നിവരും യു പി സ്കൂൾ വിഭാഗത്തിൽ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കിയ ചേർത്തല സെന്റ് മേരീസ് ഗേൾസ് എച്ച് എസ് വിദ്യാർഥിനി എം തീർത്ഥ, വടുതല ജമാഅത്ത് ഇംഗ്ലീഷ് മീഡിയം സ്കൂൾ വിദ്യാർഥിനി അസിയ ബിൻത് മുറാദ്, ആലപ്പുഴ മാതാ സീനിയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനി എലീഷ ജ്യോതിസ് എന്നിവരും ജില്ലാ കളക്ടറിൽ നിന്ന് സമ്മാനം ഏറ്റുവാങ്ങി. 'ആധുനിക ഇന്ത്യയിൽ ഗാന്ധിജിയുടെ പ്രസക്തി' എന്നതായിരുന്നു വിഷയം. രണ്ടു വിഭാഗത്തിലും ഒന്നാം സ്ഥാനം നേടിയവർക്ക് ആയിരം രൂപ ക്യാഷ് അവാർഡും മെമന്റോയും സർട്ടിഫിക്കറ്റും ലഭിച്ചു. രണ്ടും മൂന്നും സ്ഥാനക്കാർക്ക് മെമന്റോയും സർട്ടിഫിക്കറ്റും നൽകി. സമ്മാനദാനച്ചടങ്ങിൽ ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ. എസ് സുമേഷ്, അസിസ്റ്റന്റ് എഡിറ്റർ ടി. എ യാസിർ, അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ പി എസ് സജിമോൻ, മറ്റു ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments