Skip to main content

കണ്‍സീലിയേഷന്‍ ഓഫീസര്‍മാരുടെ പാനല്‍ രൂപികരണം: അഭിമുഖം ജനുവരി 12 ന്

മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടേയും സംരക്ഷണവും ക്ഷേമവും സംബന്ധിച്ച നിയമ പ്രകാരം രൂപീകരിച്ചിട്ടുള്ള ദേവികുളം മെയിന്റനന്‍സ് ട്രൈബ്യൂണലില്‍ ബന്ധപ്പെട്ട ചുമതലകള്‍ നിര്‍വഹിക്കുന്നതിന് കണ്‍സീലിയേഷന്‍ ഓഫീസര്‍മാരുടെ പാനല്‍ രൂപീകരിക്കുന്നതിനായി  യോഗ്യരായവരെ അഭിമുഖത്തിന്റെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കുന്നു. അഭിമുഖം ജനുവരി 12  രാവിലെ 11 മണിക്ക് ദേവികുളം റവന്യു ഡിവിഷണല്‍ ഓഫീസില്‍ നടക്കും. അഭിമുഖത്തില്‍ പങ്കെടുക്കുന്നവര്‍ അപേക്ഷയും, ഫോട്ടോ പതിച്ച ബയോഡാറ്റയും, ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും  ഹാജരാക്കണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് ആര്‍.ഡി.ഒ ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍: 04865-264222

യോഗ്യതകള്‍

1. മുതിര്‍ന്ന പൗരന്മാരുടേയും, ദുര്‍ബല വിഭാഗങ്ങളുടെയും ക്ഷേമത്തിന് വേണ്ടി വിദ്യാഭ്യാസം, ആരോഗ്യം, ദാരിദ്രനിര്‍മാര്‍ജ്ജനം, സ്ത്രീ ശാക്തീകരണം, സാമൂഹ്യ ക്ഷേമം, ഗ്രാമവികസനം അല്ലെങ്കില്‍ ബന്ധപ്പെട്ട മണ്ഡലങ്ങള്‍ പ്രവര്‍ത്തന രംഗമായി പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയുമായി ബന്ധപ്പെട്ട് കുറഞ്ഞത് രണ്ട് വര്‍ഷത്തെ കളങ്കരഹിതമായ സേവന ചരിത്രം ഉള്ളവര്‍. ഈ സംഘടനയിലെ ഒരു മുതിര്‍ന്ന ഭാരവാഹിയായിരിക്കണം. നിയമത്തില്‍ നല്ല അറിവുണ്ടായിരിക്കണം.

2. സംഘടനയെന്നാല്‍, സൊസൈറ്റീസ് രജിസ്‌ട്രേഷന്‍ ആക്ട് 1860 പ്രകാരമോ അല്ലെങ്കില്‍ നിലവിലുള്ള ഏതെങ്കിലും നിയമ പ്രകാരമോ രജിസ്റ്റര്‍ ചെയ്ത സന്നദ്ധ സംഘടനയോ ആയിരിക്കണം. (രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് പകര്‍പ്പ് ഹാജരാക്കണം)

3. നിയമത്തില്‍ നല്ല അറിവുള്ള മേല്‍ സൂചിപ്പിച്ചിട്ടുള്ള ഒന്നോ അതിലധികമോ പ്രവര്‍ത്തന രംഗങ്ങളില്‍ മികച്ചതും കളങ്കരഹിതവുമായ പൊതുസേവന ചരിത്രം ഉള്ള വൃക്തികളെ സംഘടനയുമായി ബന്ധപ്പെട്ട പ്രവര്‍ത്തന പരിചയം ഇല്ലെങ്കിലും പരിഗണിക്കുന്നതാണ്.

date