Skip to main content

എല്ലാവരും ആരോഗ്യ സംരക്ഷണത്തെ പുതുവർഷ പ്രതിജ്ഞയായി കണക്കാക്കണം: ജില്ലാ കളക്ടർ

പുതു വർഷത്തിൽ ആരോഗ്യത്തിന് പ്രഥമ പരിഗണന നൽകണമെന്നും ആരോഗ്യ സംരക്ഷണത്തെ പുതുവർഷ പ്രതിജ്ഞയായി കണക്കാക്കണമെന്നും ജില്ലാ കളക്ടർ ജി പ്രിയങ്ക. ആരോഗ്യ വകുപ്പിൻ്റെ നേതൃത്വത്തിൽ നടത്തുന്ന വിവിധ പദ്ധതികളുടെ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ.

 

നല്ലത് കഴിക്കുക, നന്നായി ഉറങ്ങുക, വ്യായാമം ചെയ്യുക, ആരോഗ്യത്തിൽ ശ്രദ്ധിക്കുക എന്നിവയിൽ എല്ലാവരും പ്രത്യേക ശ്രദ്ധ പുലർത്തണമെന്നും യോഗത്തിൻ്റെ അധ്യക്ഷത വഹിച്ച ജില്ലാ കളക്ടർ പറഞ്ഞു. 

 

ദേശീയ വിരവിമുക്ത ദിനം, കുഷ്ഠരോഗ നിർമാർജന യജ്ഞത്തിൻ്റെ ഭാഗമായി നടത്തുന്ന അശ്വമേധം 7.0, മികച്ച ജീവിതശൈലി ശീലമാക്കുന്നതിനുള്ള 'ആരോഗ്യം ആനന്ദം വൈബ് 4 വെൽനസ്സ്', പരിപാടി എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങൾ യോഗം ചർച്ച ചെയ്തു.

 

 ജനുവരി ആറിന് വിരവിമുക്ത ദിനത്തോടനുബന്ധിച്ച് സ്കൂളുകൾ, അങ്കണവാടികൾ എന്നിവ കേന്ദ്രീകരിച്ച് പ്രതിരോധ ഗുളികകൾ നൽകും. ഒന്ന് മുതൽ 19 വയസ് വരെയുള്ളവരാണ് ഗുളിക കഴിക്കേണ്ടത്. സ്വകാര്യ , എയ്ഡഡ്, സർക്കാർ സ്കൂളുകളിൽ സൗജന്യമായി മരുന്ന് വിതരണം ചെയ്യും. സ്കൂളിൽ പോകാത്തവർക്ക് അങ്കണവാടികളിൽ നിന്ന് വാങ്ങാം. അന്ന് ഗുളിക കിട്ടാത്തവർക്ക് ജനുവരി 12 ന് ലഭിക്കും.

 

കുഷ്ഠരോഗ നിർമാർജനുമായി ബന്ധപ്പെട്ട് നടത്തുന്ന അശ്വമേധം 7.0 ക്യാമ്പയിൻ വിപുലമായി നടത്താൻ യോഗത്തിൽ തീരുമാനിച്ചു. ജനുവരി ഏഴ് മുതൽ 20 വരെ നടത്തുന്ന ഭവന സന്ദർശന ബോധവത്കരണ പരിപാടിയുടെ ഭാഗമായി പരിശീലനം ലഭിച്ച ഒരു സ്ത്രീയും പുരുഷനും അടങ്ങിയ സംഘം വീടുകൾ സന്ദർശിക്കും. ഇതിനായി 4830 സന്നദ്ധ പ്രവർത്തകർക്കാണ് പരിശീലനം നൽകിയിട്ടുള്ളത്.

 

 

ജീവിതശൈലീ രോഗങ്ങൾ പ്രതിരോധിക്കാൻ ആരോഗ്യകരമായ ജീവിതശൈലി രൂപപ്പെടുത്തുക എന്ന ലക്ഷ്യമിട്ട് സർക്കാർ നടപ്പാക്കുന്ന ആരോഗ്യം ആനന്ദം, വൈബ് ഫോർ വെൽനസ് എന്ന കർമ്മപദ്ധതി കൂടുതൽ വിപുലമാക്കാനും യോഗത്തിൽ തീരുമാനിച്ചു. 

 

ആരോഗ്യ വകുപ്പിൻ്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുമായി സഹകരിച്ചാണ് പദ്ധതികൾ നടപ്പാക്കുന്നത്. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ വിവിധ വകുപ്പുകളുടെ മേധാവികൾ പങ്കെടുത്തു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.എൽ ഷീജ, അഡീ. ഡി.എം.ഒ ഡോ. കെ.ആർ വിദ്യ, ആർ സി എച്ച് ഓഫീസർ ഡോ. എം.എസ് രശ്മി, ഡെപ്യൂട്ടി ഡി.എം.ഒ ആരതി കൃഷ്ണൻ, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം ഓഫീസർ ഡോക്ടർ പ്രസ്ലിൻ ജോർജ്, ജില്ലാ എഡ്യൂക്കേഷൻ മീഡിയ ഓഫീസർ ജി. രജനി തുടങ്ങിയവർ സംസാരിച്ചു.

 

 

date