Skip to main content
ചീഫ് മിനിസ്റ്റേഴ്‌സ് മെഗാ ക്വിസ്: സ്‌കൂൾ-കോളേജ്തല മത്സരം പൂർത്തിയായി  വേറിട്ട അനുഭവമെന്ന് വിദ്യാർഥികൾ

ചീഫ് മിനിസ്റ്റേഴ്‌സ് മെഗാ ക്വിസ്: സ്‌കൂൾ-കോളേജ്തല മത്സരം പൂർത്തിയായി വേറിട്ട അനുഭവമെന്ന് വിദ്യാർഥികൾ

 

കേരളത്തിന്റെ സാമൂഹിക പുരോഗതിയുടെ ചരിത്രത്തെ അടിസ്ഥാനപ്പെടുത്തിയുള്ള വിജ്ഞാന യാത്ര-ചീഫ് മിനിസ്റ്റേഴ്‌സ് മെഗാക്വിസ് മത്സരം ജില്ലയിലെ സ്‌കൂൾ, കോളേജ്തലത്തിൽ പൂർത്തിയായി. ഓൺലൈൻ രജിസ്‌ട്രേഷൻ പ്രകാരം സ്‌കൂളുകളും കോളേജുകളും ക്ലാസ് അടിസ്ഥാനത്തിൽ  മത്സരം നടത്തി. പ്രാഥമിക മത്സരത്തിനായി 30 ചോദ്യങ്ങളും ടൈബ്രേക്കർ സെഷനായി 10 ചോദ്യങ്ങളുമാണുണ്ടായിരുന്നത്. 

ചീഫ് മിനിസ്റ്റേഴ്‌സ് മെഗാ ക്വിസ് വേറിട്ടതും പുതുമയുള്ളതുമായ അനുഭവമായെന്ന് വിദ്യാർഥികൾ അറിയിച്ചു. സർക്കാർ സംസ്ഥാനത്ത് നടപ്പാക്കിയ വികസന പ്രവർത്തനങ്ങളെക്കുറിച്ചും പദ്ധതികളെക്കുറിച്ചും അറിയാൻ മത്സരം സഹായിച്ചു. സമൂഹത്തിൽ നടക്കുന്ന കാര്യങ്ങൾ സംബന്ധിച്ച് ധാരണയുണ്ടാക്കാനും ക്വിസ് സഹായിച്ചെന്ന് വിദ്യാർഥികൾ പറഞ്ഞു.

സംസ്ഥാനത്തെ എട്ട് മുതൽ പ്ലസ് ടു വരെ ക്ലാസുകളിലുള്ള വിദ്യാർഥികൾക്കും സർവകലാശാല, കോളേജ് വിദ്യാർഥികൾക്കും പ്രത്യേകം മത്സരങ്ങളാണ്്. സ്‌കൂൾതല മത്സര വിജയികൾക്ക് ഒന്നാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും രണ്ടാം സമ്മാനമായി മൂന്ന് ലക്ഷം രൂപയും മൂന്നാം സമ്മാനമായി രണ്ട് ലക്ഷം രൂപയും ലഭിക്കും. കോളേജ്തല മത്സര വിജയികൾക്ക് ഒന്നാം സമ്മാനമായി മൂന്ന് ലക്ഷം രൂപയും രണ്ടാം സമ്മാനമായി രണ്ട് ലക്ഷം രൂപയും മൂന്നാം സമ്മാനമായി ഒരു ലക്ഷം രൂപയും നൽകും. മെമന്റോ, പ്രശസ്തി പത്രം എന്നിവയും വിജയികൾക്ക് ലഭിക്കും.

സ്‌കൂൾ തല വിജയികളെ ഉൾപ്പെടുത്തി ഇനി വിദ്യാഭ്യാസ ജില്ല, ജില്ല, സംസ്ഥാന തലങ്ങളിലാണ് മത്സരം സംഘടിപ്പിക്കുക. വിദ്യാഭ്യാസ ജില്ല മുതൽ ടീമുകളായാണ് മത്സരിക്കുക. കോളേജ് വിഭാഗത്തിൽ ഇനി ജില്ല, സംസ്ഥാന തലങ്ങളിലായിരിക്കും മത്സരം. കോളേജ് തലത്തിൽ വ്യക്തിഗതമായും പിന്നീട് ടീമായും മത്സരിക്കും. സംസ്ഥാന തലത്തിൽ നടക്കുന്ന ഗ്രാൻഡ് ഫിനാലെയിലൂടെ ഇരു വിഭാഗങ്ങളിലെയും അന്തിമ വിജയിയെ കണ്ടെത്തും.

ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് പൊതുവിദ്യാഭ്യാസ വകുപ്പും ഉന്നത വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ചാണ് മത്സരം സംഘടിപ്പിക്കുന്നത്.

date