Skip to main content

കുടുംബശ്രീ സംരംഭകര്‍ക്ക് വിപണന വേദിയായി സി.ഡി.എസ് മാര്‍ക്കറ്റിംഗ് കിയോസ്‌ക്

കുടുംബശ്രീയുടെ സൂക്ഷ്മ സംരംഭകര്‍ നിര്‍മ്മിക്കുന്ന ഗുണമേന്‍മയുള്ള ഉല്‍പ്പന്നങ്ങള്‍ പ്രാദേശിക വിപണിയില്‍ സുലഭമാക്കുക, ഉപഭോക്താക്കള്‍ക്ക് കുടുംബശ്രീ ഉല്‍പ്പന്നങ്ങള്‍ സ്ഥിരമായി ലഭ്യമാക്കുക, സംരംഭങ്ങളുടെ ഉത്പാദന ശേഷിയും നിലവാരവും ക്രമേണ ഉയര്‍ത്തുക, കൂടാതെ 'കുടുംബശ്രീ ഏകീകൃത റീട്ടെയില്‍ ചെയിന്‍' എന്ന ആശയം പ്രാവര്‍ത്തികമാക്കുക എന്നതാണ് കിയോസ്‌ക് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

പുല്ലൂര്‍ പെരിയ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് മാര്‍ക്കറ്റിംഗ് കിയോസ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഡോ. സി.കെ സബിത ഉദ്ഘാടനം ചെയ്തു. ആദ്യ വില്‍പ്പന വാര്‍ഡ് മെമ്പര്‍ എന്‍.ഉഷ നിര്‍വഹിച്ചു. എ.ഡി.എം.സിമാരായ ഡി.ഹരിദാസ്, സി.എച്ച് ഇക്ബാല്‍, സ്ഥിരം സമിതി അധ്യക്ഷന്‍മാരായ ബി.എ ഷാഫി, ദീപ മണികണ്ഠന്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് അംഗം സിന്ധു പത്മനാഭന്‍, പഞ്ചായത്ത് അംഗങ്ങളായ കെ.ബിന്ദു, കെ.ലീല, എം.രേഖ, കെ.സുനിത, വി.കെ നളിനി, സി.ശോഭന, സി.ഡി.എസ് മെമ്പര്‍മാര്‍, എം.ഇ.സി ആനിമേറ്റര്‍മാര്‍, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ജില്ലകളിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങള്‍, വ്യാപാര സാധ്യതയുള്ള പ്രദേശങ്ങള്‍, സര്‍ക്കാര്‍സ്വകാര്യ ഓഫീസുകള്‍ എന്നിവിടങ്ങളിലാണ് കിയോസ്‌കുകള്‍ സ്ഥാപിക്കുന്നത്. ഇതിലൂടെ കുടുംബശ്രീ സംരംഭകര്‍ക്ക് സ്ഥിരമായ വിപണി ഉറപ്പാക്കാനും ഉപഭോക്താക്കള്‍ക്ക് വിശ്വാസ്യതയുള്ള ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കാനും ലക്ഷ്യമിടുന്നു. കൂടുതല്‍ സംരംഭങ്ങളെയും ഉത്പ്പന്നങ്ങളെയും കിയോസ്‌കുകളില്‍ ഉള്‍പ്പെടുത്തുക, വിപണന സാധ്യതയുള്ള സ്ഥലങ്ങള്‍ തിരഞ്ഞെടുക്കുക, സംരംഭകര്‍ക്ക് ആവശ്യമായ പരിശീലനങ്ങള്‍ നല്‍കുക, ജില്ലാതല പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുക തുടങ്ങിയ നടപടികള്‍ ജില്ലാ മിഷന്‍ സ്വീകരിക്കും. ഏകീകൃത മാതൃകയിലൂടെ പരമാവധി ഉപഭോക്താക്കളെ സൃഷ്ടിച്ച് പദ്ധതി സമയബന്ധിതമായി നടപ്പിലാക്കുന്നതാണ് ലക്ഷ്യം.

കിയോസ്‌കുകള്‍ സ്ഥാപിക്കുന്നതിന്റെ ചുമതലയും ഉടമസ്ഥാവകാശവും അതത് ജില്ലാ മിഷനുകള്‍ക്കായിരിക്കും. കിയോസ്‌കുകളുടെ നടത്തിപ്പ് ചുമതല സി.ഡി.എസ്സിന് നല്‍കും. വിപണനത്തിനായി വ്യക്തിഗത മൈക്രോ എന്റര്‍പ്രൈസ് യൂണിറ്റുകളെയോ സ്റ്റാഫിനെയോ ജില്ലാ മിഷന്റെ അംഗീകാരത്തോടെ സി.ഡി.എസിന് ചുമതലപ്പെടുത്താനുമുള്ള വ്യവസ്ഥയും പദ്ധതിയിലുണ്ട്.

date