സ്ത്രീകൾക്കു നേരെയുള്ള അതിക്രമങ്ങളും ചൂഷണങ്ങളും ഇല്ലാതാക്കാനാണ് വനിതാ കമ്മിഷൻ്റെ ഇടപെടലുകൾ: വി ആർ മഹിളാമണി
*മെഗാ അദാലത്തിൽ 21 പരാതികൾ തീർപ്പാക്കി
സ്ത്രീകൾക്കു നേരെയുള്ള അതിക്രമങ്ങളും ചൂഷണങ്ങളും ഇല്ലാതാക്കാൻ ശക്തമായ ഇടപെടലുകളാണ് വനിതാ കമ്മിഷൻ നേതൃത്വത്തിൽ നടത്തിവരുന്നതെന്ന് വനിതാ കമ്മിഷൻ അംഗം വി ആർ മഹിളാമണി പറഞ്ഞു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച മെഗാ അദാലത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു കമ്മിഷൻ അംഗം. ലഭിക്കുന്ന പരാതികളിൽ നീതി ഉറപ്പാക്കുക എന്ന ഉദ്ദേശത്തോടെയാണ് ഇടപെടുന്നത്. പരാതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയും കൃത്യമായ ബോധവത്കരണം ഉറപ്പാക്കുകയും ചെയ്യുന്നുണ്ടെന്നും കമ്മിഷൻ അംഗം പറഞ്ഞു.
ഗാർഹീക പീഡനം, സ്ത്രീകൾക്ക് നേരെയുണ്ടാകുന്ന സമ്പത്തിക തട്ടിപ്പുകൾ, തൊഴിൽ ചൂഷണം, മാതാപിതാക്കളുടെ സംരക്ഷണം തുടങ്ങിയ കേസുകളാണ് അദാലത്തില്‍ കൂടുതലായെത്തിയത്. ആകെ പരിഗണിച്ച 85 പരാതികളിൽ 21 എണ്ണം തീർപ്പാക്കി. 12 പരാതികളിൽ പൊലീസ് റിപ്പോർട്ടും രണ്ട് പരാതികളിൽ ആർഡിഒ റിപ്പോർട്ടും തേടി. ഒരെണ്ണം ലീഗൽ സർവീസ് അതോറിറ്റിക്ക് അയിച്ചു. ബാക്കി 51 പരാതികൾ അടുത്ത സിറ്റിങ്ങിൽ പരിഗണിക്കും. മെഗാ അദാലത്തില്‍ വനിത കമ്മീഷന് പാനല്‍ അംഗം അഡ്വ. രേഷ്മ ദിലീപ്, വനിതാ കമ്മിഷൻ സ്റ്റാഫ് രാജേശ്വരി, പൊലീസ് ഉദ്യോഗസ്ഥർ, വനിതാ കമ്മിഷൻ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments