സ്കൂൾ, കോളജ് ജില്ലാതല മത്സരം ജനുവരി 28ന് കണ്ണൂർ ഗവ. വനിതാ കോളജിൽ ചീഫ് മിനിസ്റ്റേഴ്സ് മെഗാക്വിസ്: സ്കൂളുകളുടെ വിദ്യാഭ്യാസ ജില്ലാതല മത്സരം പൂർത്തിയായി
കേരളത്തിന്റെ സാമൂഹിക പുരോഗമന ചരിത്രം അടിസ്ഥാനമാക്കി സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ് മത്സരത്തിൽ സ്കൂൾ വിദ്യാർഥികൾക്കായുള്ള വിദ്യാഭ്യാസ ജില്ലാ മത്സരം പൂർത്തിയായി. സ്കൂൾതല ജേതാക്കൾക്കും കോളജ് തലത്തിൽനിന്ന് തിരഞ്ഞെടുക്കപ്പെടുന്നവർക്കുമുള്ള ജില്ലാതല മത്സരം ജനുവരി 28ന് കണ്ണൂർ പള്ളിക്കുന്ന് കൃഷ്ണമേനോൻ സ്മാരക ഗവ. വനിതാ കോളജിൽ രാവിലെയും വൈകീട്ടുമായി നടക്കും. 28ന് രാവിലെ 10 മുതൽ സ്കൂൾ തല മത്സരങ്ങളും ഉച്ചക്ക് ശേഷം കോളജ് തല മത്സരങ്ങളുമാണ് നടക്കുക.
പിണറായി എ കെ ജി മെമ്മോറിയൽ എച്ച് എസ് സ്കൂളിൽ നടന്ന തലശ്ശേരി വിദ്യാഭ്യാസ ജില്ലാതല മത്സരത്തിൽ കൂത്തുപറമ്പ് ഹയർസെക്കൻഡറി സ്കൂൾ തൊക്കിലങ്ങാടിക്കാണ് ഒന്നാംസ്ഥാനം. ചിറ്റാരിപ്പറമ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂൾ, മമ്പറം ഹയർസെക്കൻഡറി സ്കൂൾ, വേങ്ങാട് ഗവ. ഹയർസെക്കൻഡറി സ്കൂൾ, മട്ടന്നൂർ ഹയർ സെക്കൻഡറി സ്കൂൾ, പിണറായി എകെജി മെമ്മോറിയൽ എച്ച്എസ്എസ്, മൊകേരി രാജീവ്ഗാന്ധി സ്കൂളിലെ രണ്ട് ടീമുകൾ, കൂത്തുപറമ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ രണ്ട് ടീമുകൾ എന്നീ 10 ടീമുകൾ ജില്ലാതല മത്സരത്തിലേക്ക് യോഗ്യത നേടി. സ്കൂൾതല പ്രാരംഭഘട്ട മത്സരത്തിൽ വിജയികളായ രണ്ട് ടീമുകൾ വീതം 72 വിദ്യാലയത്തിൽ നിന്നും 288 വിദ്യാർഥികൾ പങ്കെടുത്തു. ജില്ലാ വിദ്യാഭ്യാസ ഓഫീസർ പി ശകുന്തള നേതൃത്വം നൽകി. പെരളശ്ശേരി എ കെ ജി സ്മാരക ഗവ. എച്ച് എസ് സ്കൂളിലെ അധ്യാപകൻ വി.വി റിനേഷ് മത്സരം നിയന്ത്രിച്ചു.
ചാല ജി എച്ച് എസ് എസ് സ്കൂളിൽ നടത്തിയ കണ്ണൂർ വിദ്യാഭ്യാസ ജില്ലാതല മത്സരത്തിൽ പെരളശ്ശേരി എ കെ ജി സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് മത്സരിച്ച രണ്ട് ടീമുകൾ ഒന്നും നാലും സ്ഥാനം നേടി. സെന്റ് മൈക്കിൾസ് കണ്ണൂർ രണ്ടാം സ്ഥാനവും കാടാച്ചിറ എച്ച് എസ് എസ് മൂന്നാം സ്ഥാനവും നേടി. ചെമ്പിലോട് എച്ച് എസ് എസ്, അഴീക്കോട് എച്ച് എസ് എസ്, കല്ല്യാശ്ശേരി കെ പി ആർ ജി എച്ച് എസ് എസ്, എളയാവൂർ സി എച്ച് എം എച്ച് എസ് എസ്, കണ്ണൂർ സെന്റ് തെരാസസ് എന്നീ സ്കൂളുകളിലെ ടീമുകളാണ് സംസ്ഥാന തലത്തിൽ മത്സരിക്കാൻ യോഗ്യത നേടിയത്. 36 സ്കൂളുകളിൽ നിന്നായി രണ്ട് പേരടങ്ങുന്ന 72 ടീമുകൾ പങ്കെടുത്തു. ജില്ലാ വിദ്യാഭ്യാസ ഓഫീസർ വി ദീപ, പ്രധാനാധ്യാപിക കെ സുനിഷ, എച്ച് എം ഫോറം സെക്രട്ടറി പി.പി സുബൈർ, ക്വിസ് മാസ്റ്റർമാരായ സനോജ്, അജേഷ്, ജില്ലാ വിദ്യാഭ്യാസ ഓഫീസ് സീനിയർ ക്ലാർക്ക് പി.പി മുരളീ കൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.
മയ്യിൽ ഐ എം എൻ എസ് ജി എച്ച് എസ് സ്കൂളിൽ നടന്ന തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലാതല മത്സരത്തിൽ ചട്ടുകപ്പാറ ജി എച്ച് എസ് എസ് ഒന്നാംസ്ഥാനം നേടി. മയ്യിൽ ഐ എം എൻ എസ് ജി എച്ച് എസ് എസ്, ടാഗോർ വിദ്യാനികേതൻ ജി എച്ച് എസ് എസ് തളിപ്പറമ്പ്, ജി എച്ച് എസ് എസ് കൊട്ടില, ജി എച്ച് എസ് എസ് കോറോം, ജി എച്ച് എസ് എസ് പയ്യന്നൂർ, ജി എച്ച് എസ് എസ് കടന്നപ്പളളി, കെ എൻ പി എം ജി വി എച്ച് എസ് എസ് പരിയാരം, എസ് എസ് ജി എച്ച് എസ് എസ് പയ്യന്നൂർ, ജി എച്ച് എസ് എസ് കടന്നപ്പള്ളി എന്നീ സ്കൂളുകൾ ആദ്യ പത്ത് സ്ഥാനം നേടി ജില്ലാതല മത്സരത്തിലേക്ക് യോഗ്യത നേടി. 144 ടീമുകളാണ് മാറ്റുരച്ചത്. തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലാ ഓഫീസർ എസ് വന്ദന നേതൃത്വം നൽകി. മയ്യിൽ ഐ എം എൻ എസ് ജി എച്ച് എസ് സ്കൂൾ അധ്യാപകൻ ടി രാജേഷ് ക്വിസ് മാസ്റ്ററായി
ജില്ലാതല മത്സര വിജയികൾ ഫെബ്രുവരി മൂന്നാം വാരം നടക്കുന്ന ചീഫ് മിനിസ്റ്റേഴ്സ് മെഗാക്വിസ് ഗ്രാൻഡ് ഫിനാലെയിൽ പങ്കെടുക്കും. സ്കൂൾതല ഫൈനൽ മത്സരത്തിൽ ഒന്നാം സ്ഥാനം നേടുന്നവർക്ക് അഞ്ച് ലക്ഷം രൂപയും രണ്ടാം സ്ഥാനക്കാർക്ക് മൂന്ന് ലക്ഷം രൂപയും മൂന്നാം സ്ഥാനക്കാർക്ക് രണ്ട് ലക്ഷം രൂപയുമാണ് സമ്മാനത്തുക. പങ്കെടുക്കുന്ന എല്ലാ വിദ്യാർഥികൾക്കും പ്രശസ്തി പത്രവും മെമന്റോയും നൽകും.
- Log in to post comments