മാരാമണ്‍ കണ്വന്ഷന്: ഒരുക്കം അവസാന ഘട്ടത്തില്‍ തീര്‍ഥാടകരുടെ സുരക്ഷിതത്വം ഉറപ്പാക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്
ഫെബ്രുവരി എട്ട് മുതല്‍ 15 വരെ നടക്കുന്ന മാരാമണ്‍ കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നവര്‍ക്ക് സുരക്ഷിതത്വത്തിനൊപ്പം സന്തോഷകരമായ അനുഭവം ഉറപ്പാക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മാരാമണ്‍ കണ്‍വെന്‍ഷനോടനുബന്ധിച്ച് സര്‍ക്കാര്‍തലത്തില്‍ നടത്തുന്ന ക്രമീകരണത്തെ കുറിച്ച് തീരുമാനിക്കാന്‍ മാരാമണ്‍ റിട്രീറ്റ് സെന്റര്‍ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷയായിരുന്നു മന്ത്രി.
ക്രമസമാധാന പാലനവും സുരക്ഷയും പോലീസ് ഉറപ്പാക്കും. സമ്മേളന നഗരിയില്‍ മഫ്തിയിലും സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്കായും വനിതാ പോലിസിനെയും ക്രമീകരിക്കും. കോഴഞ്ചേരി, തോട്ടപ്പുഴശേരി എന്നിവിടങ്ങളില്‍ പൊലിസ് എയ്ഡ് പോസ്റ്റുകള്‍ സ്ഥാപിക്കും. കോഴഞ്ചേരി, നെടുമ്പ്രയാര്‍ ഉള്‍പ്പെടെ പ്രധാന കടവുകളില്‍ മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചു. കണ്വന്ഷന് നഗറിലും മാരാമണ്‍, കോഴഞ്ചേരി പ്രദേശങ്ങളിലും തടസം കൂടാതെയുള്ള വൈദ്യതി വിതരണം കെഎസ്ഇബി ഉറപ്പാക്കും.
കണ്വന്ഷന് നഗറില്‍ താല്‍ക്കാലിക ഡിസ്പെന്‍സറിയും ആംബുലന്‍സ് സൗകര്യവും ആരോഗ്യവകുപ്പ് ക്രമീകരിക്കും. കോഴഞ്ചേരി സര്‍ക്കാര്‍ ആശുപത്രിയില്‍ ആവശ്യത്തിന് ഡോക്ടര്‍മാരുടെയും പാരാമെഡിക്കല്‍ ജീവനക്കാരുടെയും സേവനം ഉറപ്പാക്കും. കണ്വന്ഷന് നഗറില്‍ അണുനശീകരണവും ശുചീകരണ പ്രവര്‍ത്തനവും നടത്തും.
ആധുനിക സൗകര്യമുള്ള ഫയര്‍ യൂണിറ്റ് ക്രമീകരിക്കും. സ്കൂബ ഡൈവിംഗ് ടീമിന്റെ സേവനം ഉണ്ടാകും. കണ്വന്ഷന് നഗറില്‍ 24 മണിക്കൂറും ജലലഭ്യത ഉറപ്പാക്കും. കെഎസ്ആര്‍ടിസി വിവിധ ഡിപ്പോകളില്‍ നിന്ന് സ്പെഷ്യല്‍ സര്‍വീസ് ക്രമീകരിക്കും. തിരുവല്ല ഭാഗത്തേക്ക് പ്രത്യേക രാത്രി സര്‍വീസും ഉണ്ടാകും.
കണ്വന്ഷന് നഗറിലും പരിസര പ്രദേശങ്ങളിലും വ്യാജ മദ്യം, നിരോധിത ലഹരി വസ്തുക്കള്‍ തുങ്ങിയവയുടെ വില്പന തടയുന്നതിന് കര്‍ശന നടപടി എക്സൈസ് വകുപ്പ് സ്വീകരിക്കും.
തിരുവല്ല സബ് കലക്ടര്‍, അടൂര്‍ റവന്യു ഡിവിഷണല്‍ ഓഫീസര്‍ എന്നിവര്‍ കോര്‍ഡിനേറ്റര്‍മാരായും കോഴഞ്ചേരി, തിരുവല്ല തഹസില്‍ദാര്‍മാര്‍ അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍മാരായും പ്രവര്‍ത്തിക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി, ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്, തിരുവല്ല സബ് കലക്ടര്‍ സുമിത് കുമാര്‍ താക്കൂര്‍, മാര്‍ത്തോമ്മ സുവിശേഷ പ്രസംഗ സംഘം പ്രസിഡന്റ് ഡോ. ഐസക് മാര്‍ ഫിലക്സിനോസ് എപ്പിസ്കോപ്പ, ജനറല്‍ സെക്രട്ടറി റവ. എബി കെ ജോഷ്വ, ഡെപ്യൂട്ടി കലക്ടര്‍ ആര് രാജലക്ഷ്മി എന്നിവര്‍ പങ്കെടുത്തു.
- Log in to post comments