Skip to main content
കോഴഞ്ചേരി സെന്റ് തോമസ് കോളജില്‍ നടന്ന സി എം മെഗാ ക്വിസ് സ്‌കൂള്‍ തല വിജയികള്‍ ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന് ഒപ്പം

തോല്‍വി മറികടക്കാനുമുള്ള ആത്മവിശ്വാസം ക്വിസ് മത്സരങ്ങളിലൂടെ നേടാന്‍ കഴിയും: ജില്ലാ കലക്ടര്‍

മത്സര പരീക്ഷ നേരിടാനുള്ള പരിശീലനത്തിനൊപ്പം തോല്‍വി മറികടക്കാനുമുള്ള ആത്മവിശ്വാസം ക്വിസ് മത്സരങ്ങളിലൂടെ നേടാനാകുമെന്ന് ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ പറഞ്ഞു. അറിവ് നേടാനുള്ള ജിജ്ഞാസയ്ക്കൊപ്പം ജീവിതത്തില്‍ ചടുലമായ തീരുമാനങ്ങള്‍ എടുക്കാന്‍ ഇത്തരം മത്സരങ്ങള്‍ പ്രാപ്തരാക്കുമെന്നും കലക്ടര്‍ പറഞ്ഞു. വിദ്യാര്‍ത്ഥി ആയിരിക്കുമ്പോള്‍ താനും ക്വിസ് മത്സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ടെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.
കോഴഞ്ചേരി സെന്റ് തോമസ് കോളജില്‍ നടന്ന സി എം മെഗാ ക്വിസ് സ്‌കൂള്‍ ജില്ലാതല   വിജയികള്‍ക്കുള്ള സമ്മാനവിതരണം നിര്‍വഹിക്കുകയായിരുന്നു ജില്ലാ കലക്ടര്‍.
ഭാവിയില്‍ മത്സര പരീക്ഷ, അഭിമുഖം എന്നിവ അനായാസം നേരിടാന്‍ കുട്ടികളെ ക്വിസ് മത്സരങ്ങള്‍ പ്രാപ്തരാകും.  വിജ്ഞാനപ്രദമായ  കഴിവ് പരിപോഷിപ്പിക്കാനും മിടുക്കരായ കുട്ടികളെ വാര്‍ത്തെടുക്കാനും അവര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കാനും ഇതിലൂടെ കഴിയും.  കേരളത്തിന്റെ വിവിധ കാലഘട്ടത്തെയും സംസ്‌കാരത്തെയും വിദ്യാര്‍ഥികള്‍ക്ക് അറിയാനുള്ള അവസരമാണ് സി എം മെഗാക്വിസിലൂടെ ഒരുക്കിയതെന്നും  കലക്ടര്‍ പറഞ്ഞു.
കേരളത്തിന്റെ ചരിത്രം, സംസ്‌കാരം, സാമൂഹിക മുന്നേറ്റം, സമകാലിക സംഭവം, ഭാവി സാധ്യത, അന്താരാഷ്ട്ര സംഭവം ,പൊതുവിജ്ഞാനവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ തുടങ്ങിയവയാണ് മത്സരത്തില്‍ ഉള്‍പ്പെടുത്തിയത്.
ആദ്യ ഘട്ടത്തില്‍ 20 ഉം  ഫൈനലില്‍ 36 ചോദ്യങ്ങളുമായിരുന്നു. പ്രാഥമിക മത്സരത്തില്‍ വിജയിച്ച ആറ് ടീം ഫൈനലില്‍ ഏറ്റുമുട്ടി. തിരുവല്ല മാര്‍ത്തോമാ കോളജ് ചരിത്ര വിഭാഗം അധ്യാപകന്‍ ജി കെ ആഗ്നേയ് മത്സരത്തിന് നേതൃത്വം നല്‍കി.
ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും പൊതുവിദ്യാഭ്യാസ വകുപ്പും ഉന്നത വിദ്യാഭ്യാസ വകുപ്പും സംയുക്തമായാണ് മത്സരം സംഘടിപ്പിച്ചത്.  രാജ്യത്ത് ആദ്യമായാണ് സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ഉള്‍പ്പെടുത്തി ഓണ്‍ലൈന്‍ സാധ്യത പ്രയോജനപ്പെടുത്തി സുതാര്യമായ രീതിയില്‍ പ്രശ്നോത്തരി നടത്തിയത്.

 

date