Skip to main content
ഹാപ്പിനെസ്സ് വേദിയിൽ വിദ്യാർഥികളുമായി മുഖാമുഖം 

വിദ്യാര്‍ഥികളുടെ രചനകള്‍ പ്രസിദ്ധീകരിക്കാനും ലൈബ്രറികളില്‍ എത്തിക്കാനും സംവിധാനമുണ്ടാക്കും: മന്ത്രി വി ശിവന്‍കുട്

 

വിദ്യാര്‍ഥികളുടെ സര്‍ഗശേഷികള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി പുസ്തക കമ്മിറ്റി രൂപീകരിച്ച്,  തെരഞ്ഞെടുക്കുന്ന രചനകൾ വിദ്യാഭ്യാസവകുപ്പ് പ്രസിദ്ധീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. തദ്ദേശ ദിനാഘോഷത്തിന്റെ ഭാഗമായി കണ്ണൂര്‍ ഗവ. എഞ്ചിനീയറിംഗ് കോളേജ് ഗ്രൗണ്ടിലെ ഹാപ്പിനസ് ഫെസ്റ്റിവല്‍ വേദിയില്‍ തളിപ്പറമ്പ് മണ്ഡലത്തിലെ വിദ്യാര്‍ഥികളുമായി നടന്ന മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമ്പത്തിക ശേഷിയില്ലാത്തതിനാല്‍ പുസ്തകം പ്രസിദ്ധീകരിക്കാന്‍ സാധിക്കാത്ത വിദ്യാർഥികളുടെ രചനകൾ വിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ച് സ്‌കൂള്‍ ലൈബ്രറികളില്‍ എത്തിക്കുമെന്നും മന്ത്രി പറഞ്ഞു. വിദ്യാര്‍ഥികള്‍ രചിക്കുന്ന പുസ്തകങ്ങള്‍ എങ്ങനെ ജനങ്ങളിലേക്ക് എത്തിക്കുമെന്ന കടന്നപ്പള്ളി ജി.എച്ച്.എസ്.എസ് സ്‌കൂളിലെ ലക്ഷ്മിക മനോജിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. 

പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം വിദ്യാർഥികൾ വിദേശത്ത് ഉപരിപഠനത്തിനായി പോകുന്ന പ്രവണത കുറക്കുന്നതിനെക്കുറിച്ച് സദസില്‍ ചോദ്യം ഉയര്‍ന്നു. നിലവില്‍ ഇന്ത്യയിലെത്തന്നെ ഏറ്റവും മികച്ച വിദ്യാഭ്യാസ സംവിധാനമാണ് കേരളത്തിലുള്ളതെന്നും പൊതുവിദ്യാഭ്യാസം, തൊഴില്‍, ഉന്നത വിദ്യാഭ്യാസ വകുപ്പുകൾ ചേര്‍ന്ന് മികച്ച സംവിധാനങ്ങളാണ് സംസ്ഥാനത്ത് ഒരുക്കുന്നതെന്നും മന്ത്രി പറഞ്ഞു. 

വളര്‍ന്നു കൊണ്ടിരിക്കുന്ന വിജ്ഞാന ശൃംഖലയ്ക്കനുസൃതമായി പാഠപുസ്തകങ്ങള്‍ എല്ലാവര്‍ഷവും പരിഷ്‌കരിക്കേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു. വിദ്യാര്‍ഥികളുടെ കണ്ടുപിടുത്തങ്ങള്‍ക്ക് പേറ്റന്റ് ലഭിക്കുന്ന സംവിധാനം സംസ്ഥാനത്ത് കൊണ്ടുവരാനുള്ള ആലോചനകള്‍ നടത്തുമെന്നും കുട്ടികളിലെ കാര്‍ഷിക താല്‍പര്യം വളര്‍ത്തിയെടുക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും വിവിധ ചോദ്യങ്ങള്‍ക്കുള്ള മറുപടിയായി മന്ത്രി പറഞ്ഞു. 

എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ എം.എൽ.എ അധ്യക്ഷനായി. വിദ്യാര്‍ഥികളിലെ കായിക ശേഷി വര്‍ധിപ്പിക്കുന്നതിന് എന്തൊക്കെ കാര്യങ്ങളാണ് ചെയ്യാൻ കഴിയുകയെന്ന വിദ്യാർഥികളുടെ ചോദ്യത്തിന്  കായികശേഷി വര്‍ധിപ്പിക്കുന്നതിനായി തളിപ്പറമ്പില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള കില സ്റ്റേഡിയം ഒരങ്ങുന്നുണ്ടെന്നും വിദ്യാലയങ്ങളിലും പഞ്ചായത്തിലും കളിക്കളങ്ങള്‍ നിർമ്മിക്കുന്നതിന് ഒരു പഞ്ചായത്തിൽ ഒരു കളിക്കളം പോലുള്ള പദ്ധതികൾ സർക്കാർ നടപ്പാക്കുന്നുണ്ടെന്നും എം എൽ എ പറഞ്ഞു. 

30 സ്‌കൂളുകളിൽ നിന്ന് തെരഞ്ഞെടുത്ത ഇരുന്നൂറിലധികം വിദ്യാര്‍ഥികള്‍ മുഖാമുഖം പരിപാടിയുടെ ഭാഗമായി. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഡി ഷൈനി, തളിപ്പറമ്പ് ഡി.ഇ.ഒ വന്ദന സുരേന്ദ്രന്‍, ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ. കെ.പി രാജേഷ്, കള്‍ച്ചറല്‍ കമ്മിറ്റി വൈസ് ചെയര്‍മാന്‍ പി.ഒ മുരളീധരന്‍ എന്നിവര്‍ പങ്കെടുത്തു.

date