Skip to main content

വോട്ടിങ് യന്ത്രം പരിചയപ്പെടാം; മൊബൈല്‍ ഡെമോണ്‍സ്ട്രേഷന്‍ വാന്‍ പര്യടനത്തിന് ജില്ലയില്‍ തുടക്കമായി

വോട്ടിങ് യന്ത്രങ്ങളുടെയും വിവിപാറ്റ് (VVPAT) സംവിധാനത്തിന്റെയും പ്രവര്‍ത്തനം വോട്ടര്‍മാര്‍ക്ക് നേരിട്ട് ബോധ്യപ്പെടുത്തുന്നതിനായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരുക്കുന്ന 'മൊബൈല്‍ ഡെമോണ്‍സ്ട്രേഷന്‍ വാന്‍' ജില്ലയില്‍ പര്യടനം ആരംഭിച്ചു. കാസര്‍കോട് സിവില്‍ സ്റ്റേഷന്‍ പരിസരത്ത് നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ വാനുകളുടെ പര്യടനം ഫ്‌ളാഗ് ഓഫ് ചെയ്തു.  തിരഞ്ഞെടുപ്പ് പ്രക്രിയയിലെ സുതാര്യത ഉറപ്പുവരുത്താനും വോട്ടര്‍മാരുടെ സംശയങ്ങള്‍ ദുരീകരിക്കാനുമാണ് ഈ വിപുലമായ പ്രചാരണ പരിപാടി ലക്ഷ്യമിടുന്നത്.

ജില്ലയ്ക്കായി അനുവദിച്ച രണ്ട് വാനുകളില്‍ ഒന്ന് മഞ്ചേശ്വരം മണ്ഡലത്തിലും മറ്റൊന്ന് കാഞ്ഞങ്ങാട് മണ്ഡലത്തിലുമാണ് പര്യടനം നടത്തുക. ഒരു ദിവസം പത്ത് പ്രധാന കേന്ദ്രങ്ങളില്‍ വീതം മൊബൈല്‍ ഡെമോണ്‍സ്ട്രേഷന്‍ വാന്‍ പര്യടനം നടത്തും. ഈ രണ്ട് മണ്ഡലങ്ങളിലെയും പര്യടനം പൂര്‍ത്തിയാകുന്ന മുറക്ക് മറ്റു മണ്ഡലങ്ങളില്‍ മൊബൈല്‍ ഡെമോണ്‍സ്ട്രേഷന്‍ വാന്‍ പര്യടനം നടത്തും.

 
ജില്ലയിലെ മുഴുവന്‍ പോളിംഗ് ബൂത്തുകളെയും കേന്ദ്രീകരിച്ച് ഗ്രാമ-നഗര വ്യത്യാസമില്ലാതെ എല്ലാ വോട്ടര്‍മാരിലേക്കും വോട്ടിങ് യന്ത്രത്തിന്റെ പ്രവര്‍ത്തനക്ഷമത എത്തിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. വോട്ടര്‍മാര്‍ക്ക് വോട്ടിങ് യന്ത്രത്തില്‍ നേരിട്ട് വോട്ട് രേഖപ്പെടുത്താനുള്ള സൗകര്യവും ഓരോ കേന്ദ്രത്തിലുമുണ്ടാകും.

ചടങ്ങില്‍ ഇലക്ഷന്‍ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ എ.എന്‍. ഗോപകുമാര്‍, ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ ആന്‍ഡ് ട്രെയിനിങ് മാനേജ്മെന്റ് നോഡല്‍ ഓഫീസര്‍ ലിപു എസ്. ലോറന്‍സ്, സ്വീപ്പ് നോഡല്‍ ഓഫീസര്‍ കെ.രതീഷ് കുമാര്‍, ജൂനിയര്‍ സൂപ്രണ്ട് എ.രാജീവന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വരും ദിവസങ്ങളില്‍ ജില്ലയിലെ മറ്റ് നിയമസഭാ മണ്ഡലങ്ങളിലും വിവിധ സ്‌ക്വാഡുകളുടെ നേതൃത്വത്തില്‍ വോട്ടിംഗ് ഡെമോണ്‍സ്ട്രേഷന്‍ വാനുകള്‍ പര്യടനം തുടരും.

date