അതിദാരിദ്ര്യത്തിലേക്ക് തിരിച്ചു പോകാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കണം; ഡോ. എ നിസാമുദ്ദീന്‍
സംസ്ഥാനത്ത് അതിദാരിദ്ര്യത്തില്‍ നിന്നും മുക്തമായവര്‍ വീണ്ടും അതേ അവസ്ഥയിലേക്ക് പോകാതിരിക്കാനുള്ള നടപടികള്‍ സർക്കാർ സംവിധാനങ്ങൾ സ്വീകരിക്കണമെന്ന് കില ജനറല്‍ ഡയറക്ടര്‍ ഡോ. എ നിസാമുദ്ദീന്‍ പറഞ്ഞു. തദ്ദേശ ദിനാഘോഷത്തിന്റെ ഭാഗമായി അതിദാരിദ്ര്യ നിര്‍മാര്‍ജനം പദ്ധതി 2.0 എന്ന വിഷയത്തെ അടിസ്ഥാനമാക്കി മാങ്ങാട്ടുപറമ്പ് കെ.എ.പി ബറ്റാലിയന് ഗ്രൗണ്ടില്‍ നടന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതിദാരിദ്ര്യം നിര്‍ണയിക്കുന്ന മാനദണ്ഡങ്ങള്‍ പുന:പരിശോധിച്ച് കൂടുതല്‍ ആളുകളെ ഉള്‍പെടുത്തേണ്ടതുണ്ടോ എന്ന് കൂടി പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അതിദാരിദ്ര്യ നിര്‍മാര്‍ജനത്തിന്റെ അടുത്ത ഘട്ടത്തില്‍ ഊന്നല്‍ നല്‍കേണ്ടത് വരുമാന മാര്‍ഗം ഉണ്ടാക്കുന്നതിലാണെന്ന് ചര്‍ച്ചയില്‍ അഭിപ്രായം ഉയര്‍ന്നു. പാലിയേറ്റീവ് കെയര്‍ ആവശ്യമുള്ളവരെക്കൂടി ഉള്‍പ്പെടുത്തുക, അതിദാരിദ്ര്യ മാനദണ്ഡങ്ങൾക്ക് സമാനമായ സ്ഥിതിയുള്ളവരെകൂടി പരിഗണിക്കുക തുടങ്ങിയ നിർദ്ദേശങ്ങൾ പാനലിസ്റ്റുകള്‍ മുന്നോട്ട് വച്ചു.
സംസ്ഥാന പ്ലാനിംഗ് ബോര്‍ഡ് അംഗം ഡോ. ജിജു പി അലക്സ് അധ്യക്ഷനായി. തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ജെറോമിക് ജോര്‍ജ് മോഡറേറ്ററായി. കില ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് പോളിസി ഡയറക്ടര്‍ ഡോ. എ അശോകന്, കോഴിക്കോട് ജില്ലാപഞ്ചായത്ത് സെക്രട്ടറി വിമല്‍ രാജ്, കെ ഡിസ്ക് സംസ്ഥാന പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ ഡോ. ദുര്‍ഗമാലതി എന്നിവര്‍ പാനലിസ്റ്റുകളായി.
- Log in to post comments