Skip to main content

അള്‍ട്രാവയലറ്റ് സൂചിക ഉയരുന്നു മുന്‍കരുതല്‍ സ്വീകരിക്കണം: ജില്ലാ കലക്ടര്‍

ജില്ലയില്‍ അന്തരീക്ഷതാപനില കൂടിവരുന്നസാഹചര്യത്തില്‍ എല്ലാവരും പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു. പകല്‍ 10 മണി മുതല്‍ 3 മണി വരെ ഉയര്‍ന്ന അള്‍ട്രാവയലറ്റ് സാന്നിധ്യമുണ്ടാകും;  കൂടുതല്‍ നേരം ശരീരത്തില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക. 

 

പുറംജോലികളില്‍ ഏര്‍പ്പെടുന്നവര്‍, കടലിലും ഉള്‍നാടന്‍ ജലാശയങ്ങളിലും പോകുന്ന മത്സ്യത്തൊഴിലാളികള്‍, ജലഗതാഗതത്തിലേര്‍പ്പെടുന്നവര്‍, കെട്ടിട-റോഡ് നിര്‍മാണങ്ങളിലുള്ള തൊഴിലാളികള്‍, കര്‍ഷകര്‍, വഴിയോരകച്ചവടക്കാര്‍, തൊഴിലുറപ്പ്‌തൊഴിലാളികള്‍, ട്രാഫിക് ഡ്യൂട്ടിയിലുള്ള പോലീസുകാര്‍, പോസ്റ്റുമാന്‍മാര്‍, ലൈന്‍മാന്‍മാര്‍, ഓണ്‍ലൈന്‍ ഭക്ഷണ വിതരണക്കാര്‍, ഇ-കൊമേഴ്സ് പാഴ്‌സല്‍  വിതരണക്കാര്‍, കലക്ഷന്‍ ഏജന്റുമാര്‍, സെയില്‍സ്/ മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവുമാര്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവരും  ബൈക്ക് യാത്രക്കാര്‍, വിനോദസഞ്ചാരികള്‍, ചര്‍മരോഗങ്ങളുള്ളവര്‍, നേത്രരോഗങ്ങളുള്ളവര്‍, ക്യാന്‍സര്‍ രോഗികള്‍, മറ്റ് രോഗപ്രതിരോധശേഷികുറഞ്ഞ വിഭാഗങ്ങള്‍ തുടങ്ങിയവര്‍ പ്രത്യേകം ജാഗ്രത പാലിക്കണം.   

പകല്‍ സമയത്ത് പുറത്തേക്ക് ഇറങ്ങുമ്പോള്‍ തൊപ്പി, കുട, സണ്‍ഗ്ലാസ് എന്നിവ ഉപയോഗിക്കണം. ശരീരം മറയുന്ന കോട്ടണ്‍ വസ്ത്രങ്ങള്‍ ഉപയോഗിക്കണം. തണലില്‍ വിശ്രമിക്കാം,പാദരക്ഷകള്‍ ധരിക്കണം.

 

നിര്‍ജലീകരണം  തടയുന്നതിനായി കൃത്യമായ ഇടവേളകളില്‍ ശുദ്ധജലം കുടിക്കാം. ദാഹമില്ലെങ്കിലും വെള്ളം കുടിക്കണം. പുറത്ത്‌പോകുന്നവര്‍ കുപ്പിവെള്ളം കരുതണം. മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് ശീതള പാനീയങ്ങള്‍ തുടങ്ങിയവ  ഒഴിവാക്കുക. ഫ്രഷ് ജ്യൂസ്, സംഭാരം, ഓ ആര്‍ എസ്  ലായനി തുടങ്ങിയവ ഉപയോഗിക്കാം. ഭക്ഷണത്തില്‍ പഴങ്ങളും പച്ചക്കറികളും കൂടുതലായി ഉള്‍പ്പെടുത്തണം. വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കണം. ക്ളാസ്മുറികളില്‍ വായുസഞ്ചാരവും പരീക്ഷാഹാളുകളില്‍  ജലലഭ്യതയും ഉറപ്പാക്കണം. അസംബ്ലി, ഉച്ചയ്ക്കുള്ള കായികപഠനം തുടങ്ങിയവ ഒഴിവാക്കാം.  യൂണിഫോമിന്റെ ഭാഗമായുള്ള ടൈ, സോക്‌സ് തുടങ്ങിയവയില്‍ കുട്ടികള്‍ക്ക് ഇളവ് അനുവദിക്കാനും ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു.

date