Skip to main content

നവീകരിച്ച കന്നുകുട്ടി പരിപാലന പദ്ധതിയുടെ പൈലറ്റ് പ്രോജക്ടിന് ജില്ലയില്‍ തുടക്കം

ജനനദിനം മുതല്‍ കന്നുകുട്ടികളുടെ വളര്‍ച്ച, ആരോഗ്യം, പോഷണം, പ്രജനനം എന്നിവ ശാസ്ത്രീയമായി നിരീക്ഷിക്കുന്നതിന് നവീകരിച്ച കന്നുകുട്ടി പരിപാലന പദ്ധതിയുടെ പൈലറ്റ് പ്രോജക്ടിന് (ഡിജിറ്റല്‍ സ്പെഷ്യല്‍ ലൈവ്സ്റ്റോക്ക് ബ്രീഡിംഗ് പ്രോഗ്രാം (ഡി-എസ്എല്‍ബിപി)
ജില്ലയില്‍ തുടക്കം. കന്നുകാലികളുടെ ആദ്യ ഗര്‍ഭധാരണ പ്രായം, ആദ്യ പ്രസവ പ്രായം എന്നിവ കുറച്ച് ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കുക, കര്‍ഷകര്‍ക്ക് സാങ്കേതിക മാര്‍ഗനിര്‍ദേശങ്ങളും സാമ്പത്തിക പ്രോല്‍സാഹനങ്ങളും നല്‍കി വരുമാനം ഉയര്‍ത്തുക, സംസ്ഥാനത്തിന് പുറത്തുനിന്നുള്ള കന്നുകാലി ആശ്രിതത്വം കുറച്ച് സ്വയംപര്യാപ്ത ക്ഷീരമേഖല സൃഷ്ടിക്കുക തുടങ്ങിയവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. കന്നുകുട്ടികളുടെ രജിസ്ട്രേഷന്‍, ഇയര്‍ ടാഗിംഗ്, വാക്സിനേഷന്‍, ധാതുമിശ്രിത വിതരണം, കൃത്രിമ ഗര്‍ഭധാരണം, ഗര്‍ഭനിര്‍ണയം, വളര്‍ച്ച വിലയിരുത്തല്‍ എന്നിവ ഘട്ടംഘട്ടമായി ഡിജിറ്റല്‍ സംവിധാനത്തിലൂടെ ഉറപ്പാക്കും.  തീറ്റ സംഭരണം, വിതരണം, ഡേറ്റാ രേഖപ്പെടുത്തല്‍ എന്നിവ ക്ഷീര സഹകരണ സംഘങ്ങള്‍ നിര്‍വഹിക്കും
കേരള ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി  വികസിപ്പിച്ച ഇ-സമൃദ്ധ  സോഫ്‌റ്റ്വെയറിലൂടെ  പദ്ധതിയുടെ  പ്രവര്‍ത്തനം  നിരീക്ഷിച്ച് രേഖപ്പെടുത്തും. ജില്ലയില്‍ 800 കന്നുകുട്ടികളെ പദ്ധതിയില്‍ ഉള്‍പ്പെടുത്തും. സംസ്ഥാന പ്ലാന്‍ ബജറ്റില്‍ നിന്നുള്ള 49.68 ലക്ഷം രൂപയാണ് 800 കന്നുകുട്ടികള്‍ക്കായുള്ള ആകെ പദ്ധതിവിഹിതം.
ഒരു പശുക്കുട്ടിയെ വളര്‍ത്തി അതിന്റെ ആദ്യ പ്രസവം എത്തുന്നത് വരെയുള്ള ആകെ ചെലവിന്റെ 50 ശതമാനം തുക അതായത് പരമാവധി  30,000 രൂപ സബ് സിഡിയായി കര്‍ഷകന് ലഭിക്കും. ക്ഷീരമേഖലയുടെ ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കുക, കന്നുകാലികളുടെ ജനിതകഗുണം മെച്ചപ്പെടുത്തുക, കര്‍ഷകരുടെ വരുമാനം ഉയര്‍ത്തുക എന്നീ ലക്ഷ്യങ്ങളോടെ രൂപകല്‍പ്പന ചെയ്ത സ്പെഷ്യല്‍ ലൈവ്സ്റ്റോക്ക് ബ്രീഡിംഗ് പ്രോഗ്രാമിനെയാണ്  ആധുനിക സാങ്കേതികവിദ്യ ഉള്‍പ്പെടുത്തി ഡിജിറ്റല്‍ സ്പെഷ്യല്‍ ലൈവ്സ്റ്റോക്ക് ബ്രീഡിംഗ് പ്രോഗ്രാമാക്കുന്നത്.

 

date