ഹരിതകേരളം മിഷന്‍ ഫോട്ടോഗ്രാഫി, റീല്‍സ് മത്സരങ്ങള്‍ : വിജയികളെ പ്രഖ്യാപിച്ചു
ഹരിതകേരളം മിഷന്‍ സംഘടിപ്പിക്കുന്ന ദേശീയ പരിസ്ഥിതി സമ്മേളനത്തിന് മുന്നോടിയായി സംസ്ഥാനാടിസ്ഥാനത്തില്‍ നടത്തിയ ഫോട്ടോഗ്രാഫി, റീല്‍സ് മത്സരങ്ങളുടെ ഫലം പ്രഖ്യാപിച്ചു. കേരളത്തിലെ പരിസ്ഥിതി പുന:സ്ഥാപന മേഖലയില്‍ ഹരിതകേരളം മിഷന്റെ വിവിധ ഇടപെടലുകളെ ആസ്പദമാക്കി സംഘടിപ്പിച്ച മത്സരങ്ങളില്‍ മികച്ച പങ്കാളിത്തമുണ്ടായി. പ്രശസ്ത ഛായാഗ്രാഹകന്‍ കെ.ജി. ജയന്‍ അധ്യക്ഷനായ ജൂറിയാണ് അവാര്‍ഡ് ജേതാക്കളെ തിരഞ്ഞെടുത്തത്.
10,000 രൂപയും സര്‍ട്ടിഫിക്കറ്റുമാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനത്തിന് 7,500 രൂപയും സര്‍ട്ടിഫിക്കറ്റും മൂന്നാം സമ്മാനത്തിന് 5,000 രൂപയും സര്‍ട്ടിഫിക്കറ്റും പ്രോത്സാഹന സമ്മാനത്തിന് 2500 രൂപയും സര്‍ട്ടിഫിക്കറ്റും ലഭിക്കും. ഫോട്ടോഗ്രാഫി മത്സരത്തില്‍ അവസാന റൗണ്ടിലെത്തിയ 160 ചിത്രങ്ങളില്‍ നിന്നാണ് മികച്ചവ കണ്ടെത്തിയത്. മത്സരത്തില്‍ ആന്റണി വി.ഡി. ഒന്നാം സ്ഥാനം കരസ്ഥമാക്കി. കെ.ബി. വിജയന്‍ രണ്ടാം സ്ഥാനവും പ്രമോദ് മൂന്നാം സ്ഥാനവും നേടി. അരവിന്ദന്‍ മണലി, സുനില്‍ കുഴൂര്‍ എന്നിവര്‍ പ്രോത്സാഹന സമ്മാനത്തിന് അര്‍ഹരായി. പ്രകൃതി സംരക്ഷണത്തിന്റെ നേര്‍ക്കാഴ്ചകള്‍ ഒപ്പിയെടുത്ത ചിത്രങ്ങളാണ് അവാര്‍ഡിനായി പരിഗണിച്ചത്. റീല്‍സ് മത്സരത്തില്‍ അവസാന ഘട്ടത്തിലെത്തിയ 20 റീല്‍സുകളില്‍ നിന്ന് നാസര്‍ എടപ്പാള്‍ പ്രോത്സാഹന സമ്മാനത്തിന് അര്‍ഹനായി. വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ ഫെബ്രുവരി 23ന് തിരുവനന്തപുരത്ത് നടക്കുന്ന ദേശീയ പരിസ്ഥിതി സമ്മേളന വേദിയില്‍ വിതരണം ചെയ്യും.
- Log in to post comments