Skip to main content

കടമക്കുടിയിലെ റോഡ് വികസനത്തിന് ഭരണാനുമതി; ഭൂമി ഏറ്റെടുക്കുന്നത് നെഗോഷ്യേറ്റഡ് പർച്ചേസ് വഴി- കെ എൻ ഉണ്ണികൃഷ്ണൻ എംഎൽഎ

കടമക്കുടി പഞ്ചായത്തിലെ വീതി കുറഞ്ഞ റോഡുകൾ പുനർനിർമ്മിക്കുന്നതിന് സർക്കാർ ഭരണാനുമതി നൽകി. നെഗോഷ്യേറ്റഡ് പർച്ചേസ് വഴി ഭൂമി ഏറ്റെടുത്ത് റോഡുകൾ വികസിപ്പിക്കാൻ ഗോശ്രീ ദ്വീപ് വികസന അതോറിറ്റിക്കാണ്  അനുമതി ലഭിച്ചതെന്ന് കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ അറിയിച്ചു.

വലിയ കടമക്കുടി - ചാത്തനാട് പാലം ഗതാഗതത്തിനായി തുറന്നു കൊടുക്കുന്നതോടെ പ്രദേശത്തുണ്ടാകാൻ സാധ്യതയുള്ള വലിയ തിരക്ക് മുൻകൂട്ടി കണ്ടാണ് റോഡുകളുടെ വീതി 9 മീറ്ററായി വർദ്ധിപ്പിക്കുന്നത്. 

ആദ്യഘട്ടത്തിൽ പിഴലയിലെ 550 മീറ്റർ റോഡ്, ചരിയംതുരുത്ത് ഫെറി - പുതുശ്ശേരി ഡിസൂസ റോഡ്, കടമക്കുടി സൗത്ത് റോഡ്, കടമക്കുടി നോർത്ത് റോഡ് എന്നിവയുടെ വീതിയാണ്   വർദ്ധിപ്പിക്കുന്നത്. ഇതിനായി യഥാക്രമം 27.69 ആർ, 30.92 ആർ, 61.84 ആർ, 17.37 ആർ എന്നിങ്ങനെ വിസ്തീർണ്ണത്തിൽ ഭൂമി ഏറ്റെടുക്കേണ്ടതുണ്ട്. ഓരോ റോഡിന്റെയും വികസനത്തിനായി 10 കോടി രൂപ വീതമാണ് ജിഡ വകയിരുത്തിയിരിക്കുന്നത്.

ജിഡ 2000 ൽ നിർമ്മിച്ച മൂലമ്പിള്ളി - പിഴല പാലം വഴിയുള്ള യാത്രയ്ക്കും റോഡുകളുടെ പുനർ നിർമാണം അനിവാര്യമാണ്. കിഫ്ബി 43 കോടി മുടക്കിൽ നിർമ്മിക്കുന്ന പിഴല - കടമക്കുടി പാലം നിർമ്മാണം ആരംഭിക്കാനും ഈ റോഡുകളുടെ പുനർ നിർമ്മാണം ആവശ്യമാണ്. പദ്ധതിക്കായി സ്ഥലം വിട്ടുനൽകുന്ന ഭൂവുടമകൾ തങ്ങളുടെ സമ്മതപത്രം ജില്ലാ കളക്ടർ മുമ്പാകെ സമർപ്പിക്കേണ്ടതുണ്ടെന്നും  എം.എൽ.എ അറിയിച്ചു.

date