Skip to main content

നുവാല്‍സില്‍ ദാക്ഷായണി വേലായുധൻ സ്മാരക പ്രഭാഷണം നാളെ

നുവാല്‍സ് ഇന്റർഡിസിപ്ലിനറി സെന്റർ ഫോർ സോഷ്യൽ ജസ്റ്റിസ് ഫെബ്രുവരി 26 വ്യാഴാഴ്ച നാലാമത് ദാക്ഷായണി വേലായുധൻ സ്മാരക പ്രഭാഷണം സംഘടിപ്പിക്കുന്നു. രാവിലെ 11:30-ന് അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്ക് സെമിനാർ ഹാളിലാണ് പരിപാടി.

ഇന്ത്യന്‍ ഭരണഘടനാ നിര്‍മാണ സഭയിലെ ഏക ദളിത് വനിതാംഗമായിരുന്ന ദാക്ഷായണി വേലായുധന്റെ സ്മരണാര്‍ഥമാണ് പ്രഭാഷണം നടത്തുന്നത്. സാമൂഹ്യനീതി, സമത്വം, പരിവർത്തനാത്മക ഭരണഘടനാ മൂല്യങ്ങൾ എന്നിവയിൽ സംവാദം പ്രോത്സാഹിപ്പിക്കുക വഴി അവരുടെ പൈതൃകത്തെ ആദരിക്കുക എന്നതാണ് ഈ വാർഷിക പരിപാടിയുടെ ലക്ഷ്യം.

നുവാല്‍സ് വൈസ് ചാൻസലർ പ്രൊഫ. (ഡോ.) ജി. ബി. റെഡ്ഡി പരിപാടി ഉദ്ഘാടനം ചെയ്യും. നുവാല്‍സ് മുൻ വൈസ് ചാൻസലർ പ്രൊഫ. (ഡോ.) കെ. സി. സണ്ണി ദാക്ഷായണി വേലായുധൻ സ്മാരക പ്രഭാഷണം നടത്തും. കേരള കേന്ദ്ര സര്‍വകലാശാല അസോസിയേറ്റ് പ്രൊഫസർ ഡോ. ഗിരീഷ് കുമാർ ജെ. മുഖ്യ പ്രഭാഷണം നിർവഹിക്കും.

നുവാല്‍സ് രജിസ്ട്രാർ ഡോ. ലിന അക്ക മാത്യു, ഇന്റർഡിസിപ്ലിനറി സെന്റർ ഫോർ സോഷ്യൽ ജസ്റ്റിസ് ഡയറക്ടർ ഡോ. കെ. അഭയചന്ദ്രൻ, അസിസ്റ്റന്റ് പ്രൊഫസർ ഡോ. കെ. എൽ. നമിത എന്നിവരും പ്രസംഗിക്കും.

date