മറ്റ് സംസ്ഥാനങ്ങളില്‍ എത്തിയ മത്സ്യത്തൊഴിലാളികളെ കൊണ്ടുവരാന്‍ കൊച്ചിയില്‍ പുതിയ കണ്‍ട്രോള്‍ റൂം
എറണാകുളം ജില്ലയില്‍ ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന വിവിധ കണ്‍ട്രോള്‍ റൂമുകള്‍ക്ക് ഉപരിയായി കൊച്ചി കേന്ദ്രീകരിച്ച് നേവിയുടെ സഹായത്തോടെ നിലവിലുളള രക്ഷാപ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും മറ്റ് സംസ്ഥാനങ്ങളില്‍ എത്തിയ മത്സ്യത്തൊഴിലാളികളെയും മത്സ്യബന്ധന ഉപകരണങ്ങളെയും സുരക്ഷിതമായി തിരികെകൊണ്ടുവരുന്നതിനുളള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുമായി ഒരു പുതിയ കണ്‍ട്രോള്‍ റൂം കൂടി തുറക്കുമെന്ന് ഫിഷറീസ് മന്ത്രി ജെ. മെഴ്‌സിക്കുട്ടി അമ്മ അറിയിച്ചു.
സംസ്ഥാനത്ത് മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരുന്ന ധാരാളം ബോട്ടുകള്‍ മഹാരാഷ്ട്ര, കര്‍ണ്ണാടക, ഗോവ, ഗുജറാത്ത്, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ എത്തിയതായാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുളളത്. അതത് സംസ്ഥാനങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നതിനും മത്സ്യത്തൊഴിലാളികളെ തിരികെകൊണ്ടുവരുന്നതിനുമുളള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും പ്രത്യേക ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്. നേവിയുടെ സതേണ്‍ കമാന്റിലെ ഉദ്യോഗസ്ഥരായിരിക്കും ഏകോപന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. റവന്യൂ, ആരോഗ്യ വകുപ്പുകളുടെയും കോസ്റ്റല്‍ പോലീസിന്റെയും ഉദ്യോഗസ്ഥരെ കണ്‍ട്രോള്‍ റൂമിലേക്ക് നിയോഗിക്കും. ഇത് സംബന്ധിച്ചുളള നിര്‍ദേശങ്ങള്‍ എറണാകുളം ജില്ലാ കളക്ടര്‍ക്കും സതേണ്‍ നേവല്‍ ഓഫീസര്‍ക്കും നല്‍കിയതായും മന്ത്രി അറിയിച്ചു.
പി.എന്‍.എക്‌സ്.5208/17
- Log in to post comments