ഗുണമേന്മയുള്ള ആരോഗ്യ സേവനം സർക്കാർ ഉറപ്പാക്കുന്നുവെന്ന് മന്ത്രി വീണാ ജോർജ്
കോഴഞ്ചേരി ജില്ല ആശുപത്രിക്ക് ആധുനിക മുഖം
പുതിയ കാലത്തിന്റെ നിർമാണത്തിലൂടെ കോഴഞ്ചേരി ജില്ല ആശുപത്രിക്ക് ആധുനിക മുഖം.
കോഴഞ്ചേരി ജില്ല ആശുപത്രി ഒ പി ആന്‍ഡ് ഡയഗ്നോസ്റ്റിക് ബ്ലോക്ക്, എ ആന്‍ഡ് ബി ബ്ലോക്കിന്റെ നവീകരണം, വന്ധ്യതാ നിവാരണ ക്ലിനിക് എന്നിവയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയനുവേണ്ടി ആരോഗ്യ വകുപ്പു മന്ത്രി വീണാ ജോർജ് നിർവഹിച്ചു.
പൊതുജനങ്ങൾക്ക് ഗുണമേന്മയുള്ള ആരോഗ്യ സേവനം ഉറപ്പാക്കുന്നതിന് സർക്കാർ ശക്തമായ ഇടപെടൽ നടത്തുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. ആർദ്രം മിഷനിലൂടെ ആശുപത്രികളിൽ അടിസ്ഥാന സൗകര്യ വികസനമുണ്ടായി. രോഗികൾക്ക് സൗകര്യപ്രദമായ അന്തരീക്ഷവും മെച്ചപ്പെട്ട ചികിത്സയും ഉറപ്പാക്കി.
വർഷം 1600 കോടി രൂപ സൗജന്യ ചികിത്സക്കായി സർക്കാർ നൽകുന്നു.
സ്വകാര്യ മേഖലയിൽ രോഗിക്ക് മാസം 18,000 രൂപയ്ക്കു മുകളിൽ ചെലവ് വരുന്ന ഡയാലിസിസ് സർക്കാർ സൗജന്യമായി നൽകുന്നു . ദിവസേനെ ഏകദേശം 3,000 പേർ സംസ്ഥാനത്ത് സൗജന്യ ഡയാലിസിസ് സ്വീകരിക്കുന്നു.
സ്വകാര്യ ആശുപത്രിയിൽ എട്ട് ലക്ഷം രൂപയോളം ചെലവിൽ നടത്തുന്ന റോബോട്ടിക് സർജറി ആർസിസിയിലും മലബാർ കാൻസർ സെന്ററിലും സൗജന്യമാണ്. ആർസിസിയിൽ 200 ഓളം റോബോട്ടിക് സർജറി നടത്തി.
ജില്ലാ ആശുപത്രികളിൽ വൃക്ക, കരൾ, ഹൃദയമാറ്റ ശസ്ത്രക്രിയകൾ സാധ്യമായി. കേരളത്തിലെ സർക്കാർ ആശുപത്രികളിൽ ദിവസേന 200 ഓളം പേർ സൗജന്യമായി ആൻജിയോപ്ലാസ്റ്റി ചെയ്യുന്നു.
ജില്ലയിലും ആരോഗ്യ രംഗത്തെ വികസനം ദൃശ്യമാണ്. പത്തനംതിട്ട ജനറൽ ആശുപത്രി കെട്ടിട നിർമാണം പുരോഗമിക്കുന്നു. കോന്നിയിൽ മെഡിക്കൽ കോളജ് സാധ്യമാക്കി. കോന്നി, പത്തനംതിട്ട, ആറന്മുള എന്നിവിടങ്ങളിൽ നഴ്സിംഗ് കോളജ് ആരംഭിച്ചു.
അടൂർ ആശുപത്രി ഉദ്ഘാടനത്തിന് തയ്യാറാകുന്നു. തിരുവല്ല, എഴുമറ്റൂർ, കോന്നി, റാന്നി തുടങ്ങി എല്ലാ ജില്ലാ, താലൂക്ക്, ജനറൽ ആശുപത്രികളിലും പുതിയ കാലത്തിന്റെ നിർമാണം നടത്തി.
മുതിർന്നവർക്കായി ആധുനിക വയോജന വാർഡും ദേശീയ ഗുണനിലവാര സർട്ടിഫിക്കേഷനോടു കൂടിയ ഗൈനക് വിഭാഗവും ഐ യൂണിറ്റും കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ഉണ്ട് . 5858 സ്ക്വയർ മീറ്ററിൽ
നാലു നിലകളിലായാണ് ആശുപത്രിയുടെ പുതിയ ബ്ലോക്ക് നിർമാണം. അത്യാഹിത വിഭാഗത്തിൽ രോഗിയുടെ അവസ്ഥയുടെ അനുസരിച്ച് റെഡ്, യെല്ലോ, ഗ്രീൻ എന്നീ മൂന്ന് സോണുകളായി തിരിച്ചാകും ചികിത്സ.
ജീവിതശൈലി രോഗ ക്ലിനിക്കും വന്ധ്യത നിവാരണ ക്ലിനിക്കും ആരംഭിച്ചു.
ആശുപത്രിയുടെ വികസനത്തിനായി മൂന്നു കോടി രൂപ അനുവദിച്ചതായും മന്ത്രി അറിയിച്ചു.
കിഫ്ബി ഫണ്ട് 30.25 കോടി രൂപ വിനിയോഗിച്ചാണ് ഒ പി, ഡയഗ്നോസ്റ്റിക് ബ്ലോക്ക് നിര്‍മാണം. ആരോഗ്യ കേരളം പദ്ധതിയില്‍ മൂന്ന് കോടി രൂപ ചെലവിലാണ് എ ആന്‍ഡ് ബി ബ്ലോക്ക് നവീകരിച്ചത്.
ആരോഗ്യ കുടുംബക്ഷേമ വകുപ്പ് ഡയറക്ടര്‍ ഡോ. കെ ജെ റീന, ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ. എല്‍ അനിതാകുമാരി, ചെറുകോൽപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജീന മജീദ്, ജില്ലാ പഞ്ചായത്ത് അംഗം സവിത അജയകുമാർ, കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ സിൽവിയ തോമസ്, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. എസ് ശ്രീകുമാർ, ഡെപ്യൂട്ടി ഡിഎംഒ ഡോ. എസ് സേതുലക്ഷ്മി, കോഴഞ്ചേരി ജില്ലാ ആശുപത്രി സൂപ്രണ്ട് നിധീഷ് ഐസക് സാമുവൽ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ അഡ്വ. ശരത്ചന്ദ്ര കുമാർ, കുര്യൻ മടയ്ക്കൽ, മാത്യൂസ് ജോർജ്, മനു വാസുദേവ്, രാജു നെടുംപുറം, മനോജ് മാധവശേരിൽ, കെ ഐ ജോസഫ് എന്നിവര്‍ പങ്കെടുത്തു.
- Log in to post comments