ജില്ലയിലെ 468 കുടുംബങ്ങൾക്ക് കൂടി പട്ടയം
ഇന്നത്തെ ജില്ലാതല പട്ടയമേളയിൽ ഭൂമിയുടെ അവകാശികളായി മാറിയത് 468 കുടുംബങ്ങളാണ്. ആലുവ താലൂക്കിലെ 71, പറവൂർ താലൂക്കിലെ 1, കണയന്നൂർ താലൂക്കിലെ 33, കൊച്ചി താലൂക്കിലെ 69, മൂവാറ്റുപുഴ താലൂക്കില10, കുന്നത്തുനാട് താലൂക്കിലെ 30 എന്നിങ്ങനെയും അതിനുപുറമേ 202 എൽ.ടി പട്ടയങ്ങളും, 52 ദേവസ്വം പട്ടയങ്ങളുമാണ് ഇന്ന് വിതരണം ചെയ്തത്.
കുന്നത്തുനാട്, മൂവാറ്റുപുഴ, ആലുവ താലൂക്കുകളിൽപ്പെട്ടതും രേഖകളിൽ പാറ പുറമ്പോക്കായി രേഖപ്പെടുത്തിയതുമായ കേസുകളിൽ അനുകൂല സർക്കാർ ഉത്തരവ് ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ 22 പേർക്കുള്ള പട്ടയങ്ങളും കൊച്ചി താലൂക്കിലെ നായരമ്പലം, എടവനക്കാട്, കുഴിപ്പിള്ളി വില്ലേജുകളിൽ സുനാമി ബാധിതരെ പുനരധിവസിപ്പിച്ചിട്ടുള്ള ഫ്ലാറ്റുകളുടെ ഉടമകളായ 62 പേർക്കുള്ള പട്ടയങ്ങളും ഇന്ന് വിതരണം ചെയ്തവയിൽ ഉൾപ്പെടുന്നു.
പട്ടിമറ്റം എം.ഐ.എം.എസ് കൺവെൻഷൻ സെന്ററിൽ സംഘടിപ്പിച്ച പട്ടയമേളയിൽ പി.വി ശ്രീനിജിൻ എം.എൽ.എ അധ്യക്ഷനായി പട്ടയ വിതരണം നടത്തി.
2023 ൽ പിറവത്ത് സ്വജീവൻ പണയപ്പെടുത്തി, ഒഴുക്കിൽപ്പെട്ട മൂന്ന് കുട്ടികളുടെ ജീവൻ രക്ഷിക്കുന്നതിനിടെ മരണപ്പെട്ടുപോയ കെ.എം മനീഷിന്റെ ധീര പ്രവർത്തിക്ക് ലഭിച്ച 2024 വർഷത്തെ സർവോത്തം ജീവൻ രക്ഷാ പതക് വേദിയിൽ അദ്ദേഹത്തിന്റെ കുടുംബത്തിന് സമ്മാനിച്ചു.
ചടങ്ങിൽ ജില്ലാ കളക്ടർ ജി. പ്രിയങ്ക, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് വിനോദ് രാജ്, വടവുകോട് പുത്തൻകുരിശ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അമൃത സനൂപ്, വൈസ് പ്രസിഡന്റ് അഡ്വ. ബിജു കെ. ജോർജ്, ഡെപ്യൂട്ടി കളക്ടർമാരായ കെ. മനോജ്, വി.ഇ അബ്ബാസ്, സുനിത ജേക്കബ്, മൂവാറ്റുപുഴ ആർ.ഡി.ഒ പി.എൻ അനി, വിവിധ രാഷ്രീയകക്ഷി പ്രതിനിധികളായ എൻ. അരുൺ, പൗലോസ് മുടക്കന്തല, റെജി ഇല്ലിക്കപ്പറമ്പിൽ, കെ.കെ ഏലിയാസ്, ജിഷാന്ത് പത്മൻ, കുമാരൻ, പരീത് മാസ്റ്റർ, കുന്നത്തുനാട് താലൂക്ക് തഹസിൽദാർ എം. മായ, മറ്റു ജനപ്രതിനിധികൾ, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments