ജില്ലാ ആസൂത്രണ സമിതി യോഗം ചേര്‍ന്നു
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 2025-26 വര്‍ഷത്തെ വാര്‍ഷിക പദ്ധതി അവലോകനം ചെയ്യുന്നതിന്റെ ഭാഗമായി ജില്ലാ ആസൂത്രണ സമിതിയുടെ (അഡ്ഹോക്ക് കമ്മിറ്റി) രണ്ടാമത്തെ യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാര്‍ ഹാജിയുടെ അധ്യക്ഷതയില്‍ ജില്ലാ പ്ലാനിങ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. ജില്ലാ ആസൂത്രണ സമിതി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡോ. വിനയ് ഗോയല്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ടി.വി. ഷാജു, തദ്ദേശ ഭരണ സ്ഥാപന അധ്യക്ഷന്മാര്, സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.
യോഗത്തില്‍ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ 2025-26 വാര്‍ഷിക പദ്ധതി പുരോഗതി അവലോകനം ചെയ്തു. പദ്ധതി വിഹിതം തയ്യാറാക്കുന്നതില്‍ 54.52 ശതമാനം പൂര്‍ത്തിയാക്കി മലപ്പുറം ജില്ലാ പഞ്ചായത്ത് സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. 67.45 ശതമാനം പദ്ധതി വിഹിതം തയ്യാറാക്കി കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്ത് നാലാമതായും പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് 60.41 ശതമാനം പൂര്‍ത്തിയാക്കി ആറാമതായും മുനിസിപ്പാലിറ്റികളില്‍ വളാഞ്ചേരി മുന്‍സിപ്പാലിറ്റി 47.6 ശതമാനം പദ്ധതി വിഹിതം തയ്യാറാക്കി ഏഴാം സ്ഥാനത്തും നില്ക്കുന്നതായി അവലോകന യോഗത്തില്‍ വിലയിരുത്തി.
ഇന്ന് നടന്ന യോഗത്തില്‍ ജില്ലാ ആസൂത്രണ സമിതിക്ക് മുമ്പാകെ സമര്‍പ്പിച്ച 58 തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി രേഖകളില്‍ 53 തദ്ദേശസ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതികള്‍ക്ക് അംഗീകാരം നല്കി. മറ്റുള്ളവ അടുത്ത അവലോകന യോഗത്തിലേക്ക് മാറ്റിവെച്ചു. അവലോകനയോഗം ഏപ്രില്‍ അഞ്ചിന് നടക്കുമെന്ന് പ്ലാനിങ് ഓഫീസര്‍ അറിയിച്ചു.
- Log in to post comments