Skip to main content

പൊതുമേഖലാ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുക എന്നത് സംസ്ഥാന നയം: മന്ത്രി പി രാജീവ്

പൊതുമേഖലാ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുക, മത്സരക്ഷമമാക്കുക, ലാഭകരമാക്കുക എന്നതാണ് കഴിഞ്ഞ അഞ്ചു വർഷമായി സംസ്ഥാന സർക്കാർ പിന്തുടരുന്ന നയമെന്ന് വ്യവസായ, നിയമ, കയർ വകുപ്പ് മന്ത്രി പി. രാജീവ്. സ്റ്റീൽ ആൻഡ് ഇൻഡസ്ട്രിയൽ ഫോർജിംഗ്സ് ലിമിറ്റഡിൻ്റെ കോർപ്പറേറ്റ് ഓഫീസ് ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഏറ്റവും കൂടുതൽ പൊതുമേഖലാ സ്ഥാപനങ്ങൾ ലാഭകരമാക്കാൻ സംസ്ഥാന സർക്കാറിന് കഴിഞ്ഞുവെന്നത് എല്ലാവർക്കും അഭിമാനിക്കാൻ കഴിയുന്ന കാര്യമാണെന്നും മന്ത്രി പറഞ്ഞു.

എസ് ഐ എഫ് എല്ലിൻ്റെ പ്രവർത്തനം നല്ല രീതിയാണ് മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്. 76 കോടി രൂപയുടെ ലാഭത്തിലാണ് കമ്പനി പ്രവർത്തിക്കുന്നതെന്നും സാമ്പത്തിക വർഷം കഴിയുമ്പോഴേക്കും ഇത് 90 കോടി രൂപയുടെ ലാഭത്തിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു. 2031ൽ  എസ് ഐ എഫ് എല്ലിനെ 200 കോടി രൂപ ലാഭമുള്ള സ്ഥാപനമായി മാറ്റുക എന്നതാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

സേവ്യർ ചിറ്റിലപ്പിള്ളി എം എൽ എ അധ്യക്ഷത വഹിച്ചു. കെ രാധാകൃഷ്ണൻ എംപി മുഖ്യാതിഥിയായി. 7600 ചതുരശ്ര അടി വിസ്തൃതിയിൽ 2.5 കോടി രൂപ ചെലവിലാണ് കമ്പനിയുടെ പുതിയ കോർപ്പറേറ്റ് ഓഫീസിൻ്റെ നിർമ്മാണം പൂർത്തീകരിച്ചത്.

ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് മേരി തോമസ്, വടക്കാഞ്ചേരി മുനിസിപ്പാലിറ്റി വൈസ് ചെയർപേഴ്സൺ പി എം സുരേന്ദ്രൻ,  എസ് ഐ എഫ് എൽ ചെയർമാൻ അഡ്വ. ഷെരീഫ് മരയ്ക്കാർ, എസ് ഐ എഫ് എൽ എം.ഡി കമാൻഡർ(റിട്ട.) പി സുരേഷ്, സ്റ്റീൽ ഇൻഡസ്ട്രിയൽസ് കേരള ലിമിറ്റഡ് ചെയർമാൻ അഡ്വ. മുഹമ്മദ് ഇക്ബാൽ, ബി പി ടി എക്സിക്യൂട്ടീവ് ചെയർമാൻ അജിത്കുമാർ കെ, എസ് ഐ എഫ് എൽ ജനറൽ മാനേജർ പി കെ മൻസൂർ,  സ്കില്‍ ഫോര്‍ജ് എക്സിക്യൂട്ടീവ് അസോസിയേഷൻ സെക്രട്ടറി യുകെ വാസു എന്നിവർ സംസാരിച്ചു.

date