യുവജന കമ്മീഷന്റെ ചരിത്ര ചിത്രപ്രദര്‍ശനത്തിന് ഇന്ന് സമാപനം
നവോഥാന മഹാസംഗമത്തിന്റെ ഭാഗമായി കോഴഞ്ചേരി പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ കേരള സംസ്ഥാന യുവജന കമ്മീഷന്‍ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ സഹകരണത്തോടെ ഒരുക്കിയിരിക്കുന്ന ചരിത്രചിത്ര പ്രദര്‍ശനത്തിന് ഇന്ന് സമാപനം.
അയിത്തം തൊട്ടുകൂടായ്മ, തീണ്ടിക്കൂടായ്മ, ചാതുര്‍വര്‍ണ്യത്തിന്റെ അടിസ്ഥാനത്തില്‍ രൂപീകരിക്കപ്പെട്ട ജാതി ശ്രേണികള്‍, അസമത്വം, ക്ഷേത്രപ്രവേശന വിലക്ക് തുടങ്ങിയ നിരവധി അനാചാരങ്ങള്‍ നീണ്ടു നിന്ന കാലഘട്ടത്തിന്റെ അതിജീവന കഥയാണ് ചിത്രപ്രദര്‍ശനം പറയുന്നത്. വിപ്ലവകരമായ തിരുവതാംകൂര്‍, കൊച്ചി, മലബാര്‍ എന്നിവിടങ്ങളിലെ ക്ഷേത്ര പ്രവേശന വിളംബരം തുടങ്ങിയവയുടെ ഉത്തരവുകളും ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. അയ്യന്‍കാളി, ശ്രീനാരായണഗുരു, സഹോദരന്‍ അയ്യപ്പന്‍, വക്കം മൗലവി, വി.ടി. ഭട്ടതിരിപ്പാട്, ബ്രഹ്മാനന്ദ ശിവയോഗി, തുടങ്ങി നവോത്ഥാന നായകരുടെ പ്രവര്‍ത്തന രേഖകളും ജീവചരിത്രവും പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സാമൂഹ്യപരിഷ്‌കര്‍ത്താവായ അയ്യന്‍കാളിയുടെ നേതൃത്വത്തില്‍ കല്ലുമാല പൊട്ടിച്ചെറിയല്‍, മാറുമറയ്ക്കല്‍ കലാപം, സ്വര്‍ണ്ണ മൂക്കൂത്തിയുമായി പ്രതിഷേധം, അച്ചിപ്പുടവ ധരിച്ച് പ്രതിഷേധം ഇങ്ങനെ നീളുന്നു ചരിത്രത്താളുകളില്‍ സ്ത്രീകളുടെ അവകാശത്തിനായുള്ള പോരാട്ടങ്ങള്‍. അന്തര്‍ജനമെന്നോ നായര്‍, ഈഴവ, പുലയര്‍, പറയര്‍, പാണര്‍ എന്നിങ്ങനെ തരംതിരിവില്ലാതെ കാര്‍ക്കശ്യ നിലപാടുകളുമായി ഇവര്‍ ഒന്നിച്ച് സമരരംഗത്തുണ്ടായിരുന്നു. അവര്‍ണ-സവര്‍ണ വേര്‍തിരിവിന്റെ മതിലുകള്‍ ഭേദിച്ച നവോത്ഥാനം ഉയര്‍ത്തിയതിന് പിന്നില്‍ ശക്തമായ സ്ത്രീസാന്നിധ്യവും ഉണ്ടായിരുന്നുവെന്ന് ചരിത്രപ്രദര്‍ശനത്തില്‍ ചൂണ്ടിക്കാട്ടുന്നു. (പിഎന്‍പി 4122/18)
- Log in to post comments