Skip to main content
ദുരന്തനിവാരണ പരിശീലന ക്യാമ്പില്‍ ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ മുഖ്യസന്ദേശം നല്‍കുന്നു

'യുവ ആപത് മിത്ര' എന്‍.സി.സി. ദുരന്തനിവാരണ പരിശീലന ക്യാമ്പ് സമാപിച്ചു

ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെ 'യുവ ആപത് മിത്ര' പദ്ധതിയുടെ ഭാഗമായി എന്‍സിസി ചെങ്ങന്നൂര്‍ പത്താം കേരള ബറ്റാലിയന്‍ സംഘടിപ്പിച്ച പ്രത്യേക ദുരന്തനിവാരണ പരിശീലന ക്യാമ്പിന് പത്തനംതിട്ടയില്‍ സമാപനം. അടൂര്‍ എസ്.എന്‍.ഐ.ടിയില്‍ ഫെബ്രുവരി 24 നാണ് ക്യാമ്പ് ആരംഭിച്ചത്. സമാപന ചടങ്ങില്‍ ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ മുഖ്യസന്ദേശം നല്‍കി. ദുരന്തമുഖങ്ങളില്‍ ഭയമില്ലാതെ ഇടപെടാന്‍ ക്യാമ്പിലൂടെ ലഭിച്ച അറിവ് പ്രയോജനപ്പെടുത്തണമെന്നും അത് മറ്റുള്ളവരിലേക്ക് പകര്‍ന്നു നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അപകടം സംഭവിക്കുമ്പോള്‍ പ്രാഥമികമായി ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് പലര്‍ക്കും അറിവില്ലെന്ന കാര്യം തന്റെ ജീവിതത്തിലുണ്ടായ കാര്‍അപകട അനുഭവം ഉദ്ധരിച്ച് അദ്ദേഹം ഓര്‍മിപ്പിച്ചു. കമ്മാന്‍ഡിങ് ഓഫീസര്‍ കേണല്‍ വി. അല്‍ഫോന്‍സ്, ജില്ലാ ഹസാര്‍ഡ് അനലിസ്റ്റ് ചാന്ദ്‌നി പി.സി. സേനന്‍, ഡിസാസ്റ്റര്‍ മാനേജ്മെന്റ് ജില്ലാ പ്ലാന്‍ കോ-ഓര്‍ഡിനേറ്റര്‍ അനി തോമസ് ഇടിക്കുള എന്നിവര്‍ പങ്കെടുത്തു.
കേരള സ്റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി, പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റി, എന്‍.സി.സി. എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ഏഴു ദിവസം നീണ്ട ക്യാമ്പ് സംഘടിപ്പിച്ചത്. ആലപ്പുഴ, പത്തനംതിട്ട, കൊല്ലം ജില്ലകളില്‍ നിന്നായി 507 എന്‍.സി.സി. യുവ ആപത് മിത്ര വളണ്ടിയര്‍മാരാണ് രണ്ട് ബാച്ചുകളിലായി പരിശീലനം പൂര്‍ത്തിയാക്കിയത്. അടിയന്തര സാഹചര്യങ്ങളെ നേരിടുന്ന രീതി, രക്ഷാപ്രവര്‍ത്തനത്തിനുള്ള മുന്നൊരുക്കം, മാനസിക-സാമൂഹിക പരിചരണം,
റോഡ് സുരക്ഷ, ജനക്കൂട്ട നിയന്ത്രണം, പ്രഥമ ശുശ്രൂഷ തുടങ്ങിയ വിഷയങ്ങളില്‍
ശാസ്ത്രീയമായ പരിശീലനം നല്‍കി. കൂടാതെ, ദുരന്തനിവാരണ ഉപകരണം കൈകാര്യം ചെയ്യുന്നതില്‍ കേഡറ്റുകള്‍ക്ക് പ്രത്യേക പരിശീലനം ലഭിച്ചു. അടിയന്തര സാഹചര്യങ്ങളില്‍ പ്രാഥമിക സഹായം നല്‍കാന്‍ യുവജനതയെ സജ്ജരാക്കുകയും ദുരന്തസമയങ്ങളില്‍ പ്രദേശവാസികള്‍ക്ക് താങ്ങായി മാറുന്ന ശക്തമായൊരു യുവസേനയെ വാര്‍ത്തെടുക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കിയ കേഡറ്റുകള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍, ഐ.ഡി. കാര്‍ഡുകള്‍, യൂണിഫോം, എമര്‍ജന്‍സി റെസ്‌പോണ്‍സ് കിറ്റുകള്‍ എന്നിവ വിതരണം ചെയ്തു.
 

date