കണ്ണൂർ മിലിട്ടറി സ്റ്റേഷനിൽ 72 അടി ഉയരത്തിൽ ദേശീയപതാക സ്ഥാപിച്ചു
കണ്ണൂർ ഡി.എസ്.സി സെന്റർ, ഡി.എസ്.സി റെക്കോർഡ്സ്, സ്റ്റേഷൻ സെൽ കണ്ണൂർ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കണ്ണൂർ മിലിട്ടറി സ്റ്റേഷനിൽ 72 അടി ഉയരത്തിൽ ദേശീയ പതാക സ്ഥാപിച്ചു. ലെഫ്റ്റനന്റ് ജനറൽ അജയ് രാംദേവ് (സേനാ മെഡൽ, ഡി.ജി ഇന്റഗ്രേറ്റഡ് ട്രെയിനിംഗ്) ദേശീയ പതാക ഉയർത്തി. കണ്ണൂർ നഗരത്തിൽ സ്ഥാപിച്ച ദേശീയ പതാക നമ്മുടെ ദേശീയ സ്വത്വത്തിന്റെയും അച്ചടക്കത്തിന്റെയും ഐക്യത്തിന്റെയും അടയാളമായി നിലകൊള്ളുമെന്ന് അദ്ദേഹം പറഞ്ഞു. പോർച്ചുഗീസുകാർ, ഡച്ചുകാർ, ബ്രിട്ടീഷുകാർ എന്നിവരുടെ കാലം മുതൽക്കുതന്നെ കണ്ണൂർ കന്റോൺമെന്റിന് സവിശേഷമായ പാരമ്പര്യമുണ്ട്. നിലവിൽ ഇന്ത്യൻ സൈന്യത്തിന്റെ സാന്നിധ്യം ഈ മേഖലയുടെ സുരക്ഷയും കരുത്തും ഉറപ്പാക്കുന്നു. കേരളത്തിൽ പ്രകൃതി ദുരന്തങ്ങൾ ഉണ്ടായപ്പോഴെല്ലാം ഡി.എസ്.സി, ടെറിറ്റോറിയൽ ആർമി എന്നിവർ നടത്തിയ സന്നദ്ധ പ്രവർത്തനങ്ങൾ എടുത്തുപറയേണ്ടതാണ്. കണ്ണൂരിലെ ജനങ്ങളും പ്രാദേശിക ഭരണകൂടവും സൈന്യത്തിന് നൽകുന്നത് വലിയ പിന്തുണയാണ്. രാജ്യസ്നേഹവും പൗരബോധവും വളർത്താൻ യുവതലമുറയ്ക്ക് ഈ പതാക വലിയ പ്രചോദനമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ലെഫ്റ്റനന്റ് ജനറൽ വിനോദ് നായനാർ (പി.വി.എസ്.എം, എ.വി.എസ്.എം, റിട്ട), മേജർ ജനറൽ അഷിം കോഹ്ലി (റിട്ട. ഫ്ലാഗ് ഫൗണ്ടേഷൻ ഓഫ് ഇന്ത്യ സി.ഇ.ഒ), പോലീസ്, നാവികസേന, ജുഡീഷ്യറി, സിവിൽ ഉദ്യോഗസ്ഥർ, മുൻ സൈനികർ, എൻ.സി.സി കേഡറ്റുകൾ, വിവിധ മേഖലകളിലെ പ്രമുഖർ എന്നിവർ പങ്കെടുത്തു. തുടർന്ന് ഡി.എസ്.സി സെന്റർ ബാൻഡ് സംഘം ദേശീയ ഗാനം ആലപിച്ചു.
- Log in to post comments