ആര്‍ത്തവ ശുചിത്വത്തിലേക്ക് പറക്കോട് ബ്ലോക്കിനെ നയിച്ച് ഹരിതകേരളം മിഷന് ഹരിതകര്‍മ സേനയ്ക്ക് മെന്‍സ്ട്രല്‍ കപ്പുകള്‍ വിതരണം ചെയ്തു
ആര്‍ത്തവ ശുചിത്വത്തോടൊപ്പം പാരിസ്ഥിതിക സുസ്ഥിരതയും ലക്ഷ്യമിട്ട് ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ പറക്കോട് ബ്ലോക്ക് പഞ്ചായത്തില്‍ പുതിയ ചുവടുവയ്പ്പ്. ബ്ലോക്കിന് കീഴിലെ എല്ലാ പഞ്ചായത്തുകളിലെയും ഹരിത കര്‍മ സേന അംഗങ്ങള്‍ക്ക് മെന്‍സ്ട്രല്‍ കപ്പ് വിതരണം ചെയ്തു. പദ്ധതിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിനിലാല്‍ നിര്‍വഹിച്ചു.
മാലിന്യ നിര്‍മാര്‍ജന രംഗത്ത് വലിയ വെല്ലുവിളി ഉയര്‍ത്തുന്ന സാനിറ്ററി നാപ്കിനുകള്‍ക്ക് പകരമായി പരിസ്ഥിതി സൗഹൃദവും ആരോഗ്യപ്രദവുമായ മെന്‍സ്ട്രല്‍ കപ്പുകള്‍ പ്രചരിപ്പിക്കുക എന്നതാണ് ഈ ലക്ഷ്യം. വീടുകളില്‍ നിന്ന് അജൈവ മാലിന്യങ്ങള്‍ ശേഖരിക്കുന്ന ഹരിത കര്‍മ സേന അംഗങ്ങള്‍ തന്നെ ഈ മാറ്റത്തിന് മാതൃകയാകുന്നത് സമൂഹത്തില്‍ വലിയ ചലനമുണ്ടാക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ. മുരളി അധ്യക്ഷനായി. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശ്രീദേവി ബാലകൃഷ്ണന് പങ്കെടുത്തു. ഹരിത കേരളം മിഷന് ബ്ലോക്ക് കോര്‍ഡിനേറ്റര്‍ ആഷ്ന പദ്ധതിയുടെ ലക്ഷ്യങ്ങളും പ്രവര്‍ത്തനങ്ങളും വിശദീകരിച്ചു.
- Log in to post comments