Skip to main content

മുറ്റത്തെ നന്മമരം വീടില്ലാത്തവര്‍ക്ക് ആശ്രയമായി സുനില്‍ ടീച്ചര്‍ 

 

ഡോ.എം.എസ് സുനില്‍ - ഈ പേര് പത്തനംതിട്ട ജില്ലക്കാര്‍ക്കിടയില്‍ ചിരപരിചിതമാണ്. ഒരു സംഘടനയുടെ പോലും പിന്‍ബലമില്ലാതെ നിര്‍മിച്ച് നല്‍കിയ വീടുകളുടെ എണ്ണം എടുത്താല്‍ മാത്രം മതി  ഈ അധ്യാപികയുടെ നന്മ നിറഞ്ഞ മനസ് മനസിലാക്കാന്‍. പ്രളയം ജില്ലയെ പൂര്‍ണമായും വിഴുങ്ങിയപ്പോഴും പേടിച്ച് വീടിനുള്ളില്‍ ഇരിക്കാന്‍ ഇവര്‍ തയ്യാറായില്ല. എവിടെ നിന്നൊക്കെയോ കൈയ്യില്‍ കിട്ടിയ വസ്ത്രങ്ങളും, ഭക്ഷണപൊതികളുമെടുത്ത് അവര്‍ ആവശ്യക്കാരെ തേടിയിറങ്ങി. ക്യാമ്പുകളില്‍ സുരക്ഷിതമായി കഴിയുന്നവര്‍ക്ക് മാത്രമല്ല, ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കുടുങ്ങി പോയവര്‍ക്കും ഭക്ഷണമെത്തിച്ച് സുനില്‍ ടീച്ചര്‍ എല്ലാവരുടേയും പ്രാര്‍ഥനയ്ക്ക് പാത്രമായി. ''മനസുണ്ടായാല്‍ മാത്രം മതി മാര്‍ഗം നമുക്ക് മുന്നിലുണ്ടാകും'' എന്ന് ടീച്ചര്‍ ഉറച്ച ശബ്ദത്തില്‍ പറയുമ്പോള്‍ സാമൂഹിക സേവന രംഗത്തേക്കിറങ്ങാന്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ക്ക് പ്രചോദനമാകുന്നു. പ്രളയം അതിന്റെ പൂര്‍ണതയിലെത്തുന്നതിന് മുമ്പ് തന്നെ സുനില്‍ ടീച്ചറുടെ നേതൃത്വത്തില്‍ ജില്ലയിലുടനീളം വിവിധ സേവന പ്രവര്‍ത്തനങ്ങള്‍ സജീവമായിരുന്നു. ഒന്നരലക്ഷം രൂപയുടെ അവശ്യവസ്തുക്കളാണ് പത്തോളം ക്യാമ്പുകളിലായി ടീച്ചര്‍ എത്തിച്ച് നല്‍കിയത്. ക്യാമ്പുകള്‍ കൂടാതെ സഹായമെത്താത്ത ഒറ്റപ്പെട്ട പ്രദേശങ്ങളായ ആറന്മുള, മുടിയൂര്‍ക്കോണം, എന്നിവിടങ്ങളില്‍ ആഹാരം, വസ്ത്രം തുടങ്ങി എല്ലാ സാധനങ്ങളും ടീച്ചര്‍ എത്തിച്ചു. ചെങ്ങന്നൂരിലെ പാണ്ടനാട് ഭാഗങ്ങളില്‍ അന്‍പത് കുടുംബങ്ങള്‍ക്ക് വൈ.ഡബ്ല്യു.സി.എയുടെ സഹകരണത്തോടെ വീട്ടിലേക്കാവശ്യമായ പാത്രങ്ങള്‍ വാങ്ങി നല്‍കി. കൂടാതെ, നിരണത്ത് മരം വീണ് നശിച്ച ഒരു വിദ്യാര്‍ഥിനിയുടെ വീട് നിര്‍മിച്ച് നല്‍കി. വെള്ളം കയറി നശിച്ച ലൈബ്രറികളുടെ പുനര്‍ നിര്‍മാണത്തിനായി പുസ്തകങ്ങള്‍ വാങ്ങി നല്‍കി. ഏഴിക്കാട് കോളനിയില്‍ വെള്ളം കയറി പൂര്‍ണമായും നശിച്ച നാല് വീടുകളുടെ നിര്‍മാണം പൂര്‍ത്തീകരിച്ച് താക്കോല്‍ കൈമാറി കഴിഞ്ഞു. കൂടാതെ, അവശ്യക്കാര്‍ക്ക് വാട്ടര്‍ടാങ്ക്, ഡൈനിംഗ് ടേബിള്‍, മെത്ത എന്നിവയും സൗജന്യമായി നല്‍കി. ജില്ലയിലെ ആദ്യത്തെ വീട് കുമ്പഴയിലെ പുളിമുക്കിലായിരുന്നു നിര്‍മിച്ചത്.  ടീച്ചറുടെ നേതൃത്വത്തില്‍ ജില്ലയില്‍ പ്രളയത്തില്‍ തകര്‍ന്ന പന്ത്രണ്ട് വീടുകളാണ് പുനര്‍നിര്‍മിച്ചത്. ചില വീടുകളുടെ നിര്‍മാണം അന്തിമഘട്ടത്തിലാണ്. രണ്ട് കിടക്കമുറികള്‍, അടുക്കള, സിറ്റൗട്ട് എന്നിങ്ങനെ മൂന്ന് ലക്ഷം രൂപയുടെ വീടാണ് നിര്‍മിക്കുന്നത്. പെണ്‍കുട്ടികളുമായി അടച്ചുറപ്പില്ലാത്ത വീടുകളില്‍ കഴിയുന്ന കുടുംബങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്. നേട്ടങ്ങളുടെ കൊടുമുടിയില്‍ നില്‍ക്കുമ്പോഴും ഇത് തന്റെ കടമയാണെന്ന് മാത്രമേ ടീച്ചര്‍ക്ക് പറയാനുള്ളു.                                                                 (പിഎന്‍പി 4140/18)

date