Skip to main content

കേരള നിയമസഭ തിരഞ്ഞെടുപ്പ് : ഹരിത ചട്ടം കർശനമാക്കും

2026 കേരള നിയമസഭ തിരഞ്ഞെടുപ്പ് പൂർണമായും ഹരിതചട്ടം (ഗ്രീൻ പ്രോട്ടോ കോൾ) പാലിച്ചുകൊണ്ട് നാടത്തും .തിരഞ്ഞെടുപ്പ് ആരംഭിക്കുന്നതു മുതൽ വോട്ടെണ്ണൽ പൂർത്തിയാകുന്നതുവരെ സ്ഥാനാർഥികളും രാഷ്ട്രീയ പാർട്ടികളും നടത്തുന്ന എല്ലാപ്രചാരണ പരിപാടികളിലും ഗ്രീൻ പ്രോട്ടോകോൾ കർശനമായി പാലിക്കണം. ഹരിതചട്ടം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുവാനും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും തദ്ദേശസ്വയംഭരണ സ്ഥാപന അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ബോർഡുകളും പോസ്റ്ററുകളും 100% കോട്ടൻ, പ്ലാസ്റ്റിക്ക് ഇല്ലാത്ത പേപ്പർ, റിസൈക്കിൾ ചെയ്യാവുന്ന പോളി എത്തിലിൻ എന്നിവയിൽ പി.വി.സി ഫ്രീ റീസൈക്ലബിൾ ലോഗോയും യൂണിറ്റിന്റെ പേരും നമ്പറും മലിനീകരണ നിയന്ത്രണ ബോർഡിൽ നിന്നുള്ള സർട്ടിഫിക്കറ്റ് നമ്പർ / ക്യൂ ആർ കോഡ് എന്നിവ പതിച്ചു കൊണ്ട് മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. പോളിസ്റ്റർ കൊടികൾ, പ്ലാസ്റ്റിക്, പോളിസ്റ്റർ തോരണങ്ങൾ എന്നിവ കർശനമായി നിരോധിച്ചു. തിരഞ്ഞെടുപ്പ് കൺവൻഷനുകൾ, യോഗങ്ങൾ, റാലികൾ തുടങ്ങിയവയിൽ നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ, പേപ്പർ കപ്പുകൾ, പ്ലേറ്റുകൾ തുടങ്ങിയവ ഉപയോഗിക്കരുത്. വോട്ടെടുപ്പിന് ശേഷം സ്ഥാനാർഥികളും രാഷ്ട്രീയ പാർട്ടികളും മാലിന്യം ഹരിതകർമസേന മുഖേന ക്ലീൻ കേരള കമ്പനിക്ക് കൈമാറണം.തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടക്കുന്ന എല്ലാ പരിശീലനങ്ങളിലും, പോളിംഗ് സാമഗ്രികളുടെ വിതരണ–സ്വീകരണ കേന്ദ്രങ്ങളിലും, തിരഞ്ഞെടുപ്പ് ദിനത്തിൽ ഉദ്യോഗസ്ഥർക്കു നൽകുന്ന ഭക്ഷണ-പാനീയങ്ങളുടെ വിതരണവും പൂർണമായും ഹരിത പ്രോട്ടോകോൾ പാലിച്ചുകൊണ്ട് നടത്തണം. ആവശ്യമായ സ്ഥലങ്ങളിൽ മാലിന്യം തരം തിരിക്കുന്നതിന് മതിയായ ബിന്നുകൾ ഒരുക്കും. നിയമലംഘനങ്ങൾ ശ്രദ്ധയിൽ പ്പെട്ടാൽ പൊതുജനങ്ങൾക്ക് 9446700800 എന്ന നമ്പറിൽ വിവരം അറിയിക്കാം.

date