Skip to main content
..

അനുമതിയില്ലാത്ത സാമൂഹ്യ മാധ്യമ പരസ്യങ്ങള്‍ കണ്ടെത്തി - ജില്ലാ കലക്ടര്‍

തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ട പ്രകാരം അനുമതി നേടാത്ത സാമൂഹ്യ മാധ്യമ പരസ്യങ്ങള്‍ കണ്ടെത്തി എന്ന്  ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ്. ചേമ്പറില്‍ ചേര്‍ന്ന മാധ്യമനിരീക്ഷണ സമിതി യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. അനുമതി ഇല്ലാത്തവയ്ക്ക്  ചട്ടപ്രകാരമുള്ള നിരക്ക് കണക്കാക്കി സ്ഥാനാര്‍ത്ഥികളുടെ ചിലവ്കണക്കില്‍ ഉള്‍പ്പെടുത്തും. ഇത്തരത്തില്‍ കണ്ടെത്തിയ പരസ്യങ്ങളുടെ ഉറവിടത്തിന് അനുമതി നേടുന്നതിനുള്ള നിര്‍ദ്ദേശം നല്‍കും. ദൃശ്യ- ശ്രവ്യ - സാമൂഹ്യ മാധ്യമങ്ങളിലെ  പരസ്യങ്ങള്‍ക്ക് എം സി എം സി  ( മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി ) അനുമതി നിര്‍ബന്ധമാണ്. തിരഞ്ഞെടുപ്പിന് 48 മണിക്കൂര്‍ മുമ്പ് നല്‍കുന്ന അച്ചടി മാധ്യമ പരസ്യങ്ങള്‍, നല്‍കാന്‍ ഉദ്ദേശിക്കുന്ന തീയതിക്ക് രണ്ട് ദിവസം മുമ്പ്  സര്‍ട്ടിഫിക്കറ്റ് നേടിയിരിക്കണം. രാഷ്ട്രീയ കക്ഷികളുടെയും സ്ഥാനാര്‍ത്ഥികളുടെയും പേരിലുള്ള സാമൂഹിക മാധ്യമ അക്കൗണ്ടുകളില്‍ നല്‍കുന്ന പരസ്യ സ്വഭാവമുള്ള പോസ്റ്റുകള്‍ക്ക്  അനുമതി വേണം. റേഡിയോ പരസ്യങ്ങള്‍, ബള്‍ക്ക് എസ് എം എസുകള്‍ എന്നിവയ്ക്കും അനുമതി ബാധകം. മറികടക്കുന്നവര്‍ക്കെതിരെ  തിരഞ്ഞെടുപ്പ് ചട്ട പ്രകാരമുള്ള നടപടി ഉണ്ടാകും. കലക്ടറേറ്റിലെ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന എം സി എം സി സെല്ലില്‍  പരസ്യങ്ങള്‍ക്ക് അനുമതി രേഖാമൂലം അപേക്ഷിച്ച് നേടാമെന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി.

 മാധ്യമ നിരീക്ഷണ സമിതി മെമ്പര്‍ സെക്രട്ടറിയായ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എല്‍. ഹേമന്ത് കുമാര്‍, സബ് കലക്ടര്‍  അഖില്‍ വി. മേനോന്‍,  അംഗങ്ങളായ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ കെ. രാജന്‍ ബാബു, ഇഗ്‌നേഷ്യസ് പെരേര, ജില്ലാ ഇന്‍ഫര്‍മാറ്റിക്‌സ് ഓഫീസര്‍ പി. എസ്. സുമല്‍ കുമാര്‍, അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍  എം. എസ്. പ്രശാന്ത് എന്നിവര്‍ പങ്കെടുത്തു.

 
 

date