*സി-വിജില്‍: 174 പരാതികള്‍ ലഭിച്ചു*
ജില്ലയില്‍ ഞായറാഴ്ച സി-വിജില്‍ ആപ്പ് മുഖേന 174 പരാതികള്‍ ലഭിച്ചു. ലഭിച്ച എല്ലാ പരാതികളും പരിഹരിച്ചതായി അധികൃതര്‍ വ്യക്തമാക്കി.
കല്പറ്റ മണ്ഡലത്തില്‍ നിന്ന് 73, മാനന്തവാടി 41, സുല്‍ത്താന്‍ ബത്തേരി 60 പരാതികളാണ് ലഭിച്ചത്. ഇതോടെ സി-വിജില്‍ ആപ്പ് മുഖേന ജില്ലയില്‍ ഇതുവരെ 2005 പരാതികള്‍ ലഭിച്ചു. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ട ലംഘനം ശ്രദ്ധയില്‍ പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് വേഗത്തില്‍ ഇക്കാര്യം അധികാരികളുടെ മുന്നിലെത്തിക്കാനുള്ള സംവിധാനമാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ സി വിജില്‍ മൊബൈല്‍ ആപ്പ്. വോട്ടര്‍മാര്‍ക്ക് പണം നല്‍കുക, മദ്യം വിതരണം ചെയ്യുക, അനുമതിയില്ലാതെ പോസ്റ്ററുകള്‍ പതിപ്പിക്കുക, പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തുക തുടങ്ങി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനത്തിന്റെ പരിധിയില്‍ വരുന്ന ഏതു പ്രവര്‍ത്തനങ്ങള്‍ക്കെതിരേയും പൊതുജനങ്ങള്‍ക്ക് പരാതി നല്‍കാം.
ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നോ ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്നോ സി വിജില്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. ചട്ടലംഘനം നടക്കുന്നത് കണ്ടാല്‍ ആപ്പിലെ ക്യാമറ ബട്ടണ്‍ അമര്‍ത്തി ഫോട്ടോയോ (പരമാവധി രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള) വീഡിയോ എടുക്കുക. ആപ്പ് ഉപയോഗിച്ച് ഫോട്ടോ എടുക്കുമ്പോള്‍ തന്നെ ജിപിഎസ് വഴി ലൊക്കേഷന്‍ രേഖപ്പെടുത്തും. ഇത് അധികൃതര്‍ക്ക് കൃത്യസ്ഥലം കണ്ടെത്താന്‍ സഹായിക്കുന്നു. ഫോണ്‍ ഗാലറിയിലുള്ള പഴയ ഫയലുകള്‍ അപ്ലോഡ് ചെയ്യാന്‍ കഴിയില്ല. സംഭവത്തെക്കുറിച്ച് ചെറിയൊരു വിവരണം നല്‍കാം. സബ്മിറ്റ് ബെട്ടണ്‍ അമര്‍ത്തുന്നതോടെ പരാതി കണ്ട്രോള് റൂമിലേക്ക് പോകും. തുടര്‍ന്ന് പരാതിക്കാരന് ഒരു യുണീക് ഐ ഡി ലഭിക്കും. ഇത് ഉപയോഗിച്ച് പരാതിയുടെ പുരോഗതി നിരീക്ഷിക്കാം. 60 മിനിറ്റിനുള്ളില്‍ പരാതിയില്‍ എന്ത് നടപടി എടുത്തു എന്ന മറുപടി ലഭിക്കും.
- Log in to post comments