നിയമസഭാ തിരഞ്ഞെടുപ്പിന് ജില്ല സജ്ജം
2026 നിയമസഭാ തിരഞ്ഞെടുപ്പിന് ജില്ല സജ്ജം. ജില്ലയിലാകെ 25,03,842 വോട്ടർമാർ ആണ് ഉള്ളത്. ഇതിൽ 12,18,707 പുരുഷ വോട്ടർമാരും 12,85,108 സ്ത്രീ വോട്ടർമാരും 27 ട്രാൻസ്ജെൻഡർ വോട്ടർമാരും ഉൾപ്പെടുന്നു.
ജില്ലയിൽ കളമശ്ശേരി മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ വോട്ടർമാർ. 1,97,711 വോട്ടർമാർ. ഏറ്റവും കുറവ് വോട്ടർമാർ എറണാകുളം നിയോജക മണ്ഡലത്തിലാണ് - 1,36,222.
ജില്ലയിൽ ആകെ 3148 പോളിംഗ് സ്റ്റേഷനുകളാണുള്ളത്. ഇവയുടെ സുരക്ഷ ഉറപ്പാക്കാൻ എല്ലാ ബൂത്തുകളിലും വെബ്കാസ്റ്റിംഗ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. സ്ത്രീകൾ നിയന്ത്രിക്കുന്ന 14 ബൂത്തുകളും, 70 മോഡൽ പോളിംഗ് സ്റ്റേഷനുകളും, ഭിന്നശേഷിക്കാർ നിയന്ത്രിക്കുന്ന 2 ബൂത്തുകളും ജില്ലയിൽ സജ്ജീകരിച്ചിട്ടുണ്ട്.
സ്ത്രീ ശാക്തീകരണത്തിന്റെ സന്ദേശം പകർന്ന് ജില്ലയിലെ 14 മണ്ഡലങ്ങളിലും ഓരോ വനിതാ ബൂത്തുകൾ വീതം പ്രവർത്തിക്കും.
പ്രിസൈഡിങ് ഓഫീസർ ഉൾപ്പെടെയുള്ള മുഴുവൻ പോളിങ് ഉദ്യോഗസ്ഥരും സുരക്ഷാ ജീവനക്കാരും വനിതകളായിരിക്കും. പെരുമ്പാവൂർ (ആശ്രമം എച്ച്.എസ്.എസ്), അങ്കമാലി (സെന്റ് ജോസഫ് എൽ.പി.എസ്), ആലുവ ( നൊച്ചിമ വ. യു.പി.എസ്), കളമശ്ശേരി ( കരുമാല്ലൂർ സെന്റ് ലിറ്റിൽ ട്രീസാസ് യു പി സ്കൂൾ ), നോർത്ത് പറവൂർ (സെന്റ് ജെർമിയൻസ് സിയോൺ എൽ പി സ്കൂൾ), വൈപ്പിൻ (കുഴുപ്പിള്ളി സെന്റ് അഗസ്റ്റിൻ എച്ച്.എസ്.എസ്), കൊച്ചി (ഔർ ലേഡീസ് കോൺവെന്റ് ജി എൽ പി എസ് ), തൃപ്പൂണിത്തുറ (ജൈനീസ് സെന്റർ), എറണാകുളം (പൊന്നേക്കര എസ്.എൻ.ഡി.പി ഹാൾ), തൃക്കാക്കര (പാലാരിവട്ടം വിൻസെന്റ് ഡി പോൾ കോൺവെന്റ് സ്കൂൾ ), കുന്നത്തുനാട് (പൂതൃക്ക ഗവ. ഹൈസ്കൂൾ), പിറവം (കിഴകൊമ്പ് ശ്രീധരീയം), മൂവാറ്റുപുഴ (നിർമ്മല സ്കൂൾ), കോതമംഗലം (ഗവ. യു.പി സ്കൂൾ) എന്നിവിടങ്ങളിലാണ് വനിതാ ബൂത്തുകൾ സജ്ജീകരിച്ചിരിക്കുന്നത്.
ഭിന്നശേഷിക്കാരായ പോളിങ് ഉദ്യോഗസ്ഥർ പൂർണ്ണമായി നിയന്ത്രിക്കുന്ന പ്രത്യേക ബൂത്തുകൾ കൊച്ചി മണ്ഡലത്തിലെ അമരാവതി ജി.യു.പി സ്കൂളിലും മൂവാറ്റുപുഴയിലെ ഇലാഹിയ പബ്ലിക് സ്കൂളിലും പ്രവർത്തിക്കും.
ഇവയ്ക്ക് പുറമെ, വോട്ടർമാർക്ക് മികച്ച അടിസ്ഥാന സൗകര്യങ്ങളും വിശ്രമ സൗകര്യവും എല്ലാ പോളിങ് സ്റ്റേഷനുകളും ഉറപ്പാക്കിയിട്ടുണ്ട്.
നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഉദ്യോഗസ്ഥരുടെ വിന്യാസവുമായി ബന്ധപ്പെട്ട നിർണ്ണായക മൂന്നാം ഘട്ട റാൻഡമൈസേഷൻ നടപടികളും പൂർത്തിയാക്കി. ആകെ 15,148 ഉദ്യോഗസ്ഥരെയാണ് വിവിധ പോളിങ് ഡ്യൂട്ടികൾക്കായി അന്തിമമായി നിയോഗിച്ചിരിക്കുന്നത്. കാക്കനാട് സിവിൽ സ്റ്റേഷനിൽ ജില്ലാ കളക്ടറുടെ ചേംബറിൽ തിരഞ്ഞെടുപ്പ് ഒബ്സർവർമാരുടെ സാന്നിധ്യത്തിലാണ് മൂന്നാം ഘട്ട റാൻഡമൈസേഷൻ നടപടികൾ നടന്നത്.
തിരഞ്ഞെടുപ്പിനു മുന്നോടിയായി 14 വിതരണ കേന്ദ്രങ്ങളിൽ നിന്നായി ഉദ്യോഗസ്ഥർക്കുള്ള തിരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണം പൂർത്തിയായി.
ഇന്ന് ( ഏപ്രിൽ 9) രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ് നടക്കുക.
- Log in to post comments