Skip to main content
ഡെങ്കിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായ 'ഉറവിടം തേടി' ക്യാമ്പയിനിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ കെ രാജാറാം നിര്‍വഹിക്കുന്നു

ഡെങ്കിപ്പനി പ്രതിരോധം: 'ഉറവിടം തേടി' ക്യാമ്പയിന് തുടക്കം

 

ഡെങ്കിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലാ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ 'ഉറവിടം തേടി' പ്രത്യേക ക്യാമ്പയിനിന് തുടക്കമായി. മെയ് 6 വരെ ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് ഊര്‍ജിത ഉറവിട നശീകരണവും ബോധവത്കരണവുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ആരോഗ്യ പ്രവര്‍ത്തകര്‍, ആശാ പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവരുടെയും പൊതുജനങ്ങളുടെയും പങ്കാളിത്തത്തോടെയാണ് ക്യാമ്പയിന്‍ നടപ്പാക്കുന്നത്.

ജില്ലാതല ഉദ്ഘാടനം ഒളവണ്ണ ഇരിങ്ങല്ലൂര്‍ ഗവ. എല്‍ പി സ്‌കൂളില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ കെ രാജാറാം നിര്‍വഹിച്ചു. ഒളവണ്ണ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ സിന്ധുകല അധ്യക്ഷയായി. 
ജില്ലാ മെഡിക്കല്‍ ഓഫീസ് ടെക്‌നിക്കല്‍ അസിസ്റ്റന്റുമാരായ എന്‍ സുരേന്ദ്രന്‍, എം പ്രമോദ്, ജില്ലാ ഡെപ്യൂട്ടി എജ്യൂക്കേഷന്‍ മീഡിയാ ഓഫീസര്‍ ഡോ. കെ ടി മുഹസിന്‍, ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റ് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ പി ഹരി, ഒളവണ്ണ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ വി കെ പത്മനാഭന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ആര്‍ സന്തോഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. 

ക്യാമ്പയിനിന്റെ ബ്രോഷര്‍ പ്രകാശനം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നിര്‍വഹിച്ചു. ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിന്റെയും സോണല്‍ എന്റമോളജി യൂണിറ്റിന്റെയും നേതൃത്വത്തില്‍ വ്യത്യസ്ത ഇനം കൊതുകുകളുടെയും അവയുടെ ലാര്‍വകളുടെയും പ്രദര്‍ശനവും നടന്നു. തുടര്‍ന്ന് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ ഭവന സന്ദര്‍ശനം നടത്തുകയും കൊതുക് ഉറവിട നശീകരണത്തിന് നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു. ഡെങ്കിപ്പനി പ്രതിരോധത്തിന്റെ ഭാഗമായി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു.

date