Skip to main content

*തൃശൂർ പൂരത്തിന് സർവ്വസജ്ജമായി ആരോഗ്യവകുപ്പ്*

കടുത്ത ഉഷ്ണതരംഗത്തിന്റെ പശ്ചാത്തലത്തിൽ തൃശൂർ പൂരത്തിനിടെ ഉണ്ടാകാവുന്ന എല്ലാ അടിയന്തര സാഹചര്യങ്ങളെയും നേരിടാൻ വിപുലമായ സന്നാഹങ്ങളൊരുക്കി  ആരോഗ്യവകുപ്പ്. പൂരം പ്രത്യേക ഡ്യൂട്ടിക്കായി ഡോക്ടർമാർ, സ്റ്റാഫ് നഴ്‌സുമാർ, പാരാമെഡിക്കൽ സ്റ്റാഫ് ഉൾപ്പെടെ നൂറോളം ആരോഗ്യ പ്രവർത്തകരെയാണ് നിയോഗിച്ചിരിക്കുന്നത്.

തൃശൂർ ജനറൽ ആശുപത്രിയിൽ 125 പേരടങ്ങുന്ന മൂന്ന് മെഡിക്കൽ സംഘങ്ങൾ ഷിഫ്റ്റ് അടിസ്ഥാനത്തിൽ സേവനം നടത്തും. കൂടാതെ ജില്ലയിലെ വിവിധ ആശുപത്രികളിൽ നിന്നും സർക്കാർ മെഡിക്കൽ കോളേജിൽ നിന്നുമുള്ള സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്. 70 ബെഡുകളും സജ്ജമാക്കിയിട്ടുണ്ട്.

സ്വരാജ് റൗണ്ടിലെ ബാറ്റ, ന്യൂ കേരള ടൈം ഹൗസ്, ധനലക്ഷ്മി ബാങ്ക്, സ്വപ്ന തിയറ്റർ, ഹൈ റോഡ് ജംഗ്ഷൻ, കണ്ട്രോൾ റൂം എന്നീ ആറ് പ്രധാന കേന്ദ്രങ്ങൾക്കു സമീപമായി ആംബുലൻസ് സൗകര്യങ്ങളോടെ പത്ത് മെഡിക്കൽ സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്.

ആരോഗ്യപ്രവർത്തകർ, മരുന്നുകൾ, ഓക്‌സിജൻ സിലിണ്ടർ, മറ്റു ചികിത്സാ ഉപകരണങ്ങൾ തുടങ്ങിയ സൗകര്യങ്ങളോടെ ആംബുലൻസുകൾ വൈദ്യസഹായം നൽകാനായി പൂരപ്പറമ്പിനു സമീപം, വടക്കേ സ്റ്റാൻഡ്, ശക്തൻ, കെ.എസ്.ആർ.ടിസി, കിഴക്കേ കോട്ട, പടിഞ്ഞാറേകോട്ട എന്നിവിടങ്ങളിലും സജ്ജീകരിച്ചിട്ടുണ്ട്.
മൊത്തത്തിൽ എഴുപതോളം ആംബുലൻസുകളാണ് ഒരുക്കിയിരിക്കുന്നത്.

അതേസമയം, തൃശ്ശൂരിലെയും സമീപ പ്രദേശങ്ങളിലെയും സ്വകാര്യ ആശുപത്രികൾക്കും അടിയന്തര സാഹചര്യം നേരിടാൻ ആവശ്യമായ സജ്ജീകരണങ്ങൾ ഉറപ്പാക്കണമെന്ന ജാഗ്രതാ നിർദ്ദേശം ജില്ലാ മെഡിക്കൽ ഓഫീസർ നൽകിയിട്ടുണ്ട്.

*ഉഷ്‌ണതരംഗ സാധ്യതയുള്ള സാഹചര്യത്തിൽ പൂരത്തിൽ പങ്കെടുക്കുന്നവർ പ്രത്യേകമായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ*

• കടുത്ത  ഉഷ്ണതരംഗം ഉള്ളതിനാൽ വൃദ്ധർ, രോഗികൾ, കുട്ടികൾ, ഗർഭിണികൾ എന്നിവർ രാവിലെ 11 മണി മുതൽ മൂന്ന് മണി വരെ പൂരാഘോഷങ്ങളിൽ നിന്നും വിട്ടു നിൽക്കുന്നതാണ് അഭികാമ്യം.

• സൂര്യാഘാതത്തിനും, സൂര്യാതാപത്തിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ നേരിട്ടു വെയിൽ കൊള്ളാതിരിക്കാനും തണലിൽ നിൽക്കാനും ശ്രദ്ധിക്കണം.

• പൂര ദിവസത്തിന് മുൻപ് തന്നെ വെള്ളം ധാരാളമായി കുടിക്കേണ്ടതും ഭക്ഷണം ശരിയായി കഴിക്കേണ്ടതുമാണ്

• പൂരദിവസം പൂരപ്പറമ്പിൽ എത്തുന്നതിനു മുൻപ് തന്നെ ഇടക്കിടയായി ഏഴ് മുതൽ പത്ത് ഗ്ലാസ് വരെ ഉപ്പിട്ട നാരങ്ങാ വെള്ളമോ കഞ്ഞിവെള്ളമോ കുടിക്കുന്നത് നിർജ്ജലീകരണം തടയാൻ സഹായകമാണ്. കൂടാതെ എല്ലായ്പ്‌പോഴും വെള്ളം കൈയിൽ  കരുതണം.

• കുട / തൊപ്പി ധരിക്കണം

• ജലാംശം കൂടുതലുള്ള തണ്ണിമത്തൻ പോലുള്ള പഴങ്ങൾ ധാരാളമായി കഴിക്കുക.

• കഴിയുന്നതും തണലിൽ നിൽക്കുക.

• മദ്യപിച്ചിട്ടുണ്ടെങ്കിൽ നിർജ്ജലീകരണം കൂടാൻ സാധ്യതയുണ്ട്.

• കടകളിൽ നിന്നും പാതയോരങ്ങളിൽ നിന്നും ജ്യൂസ് കുടിക്കുന്നവർ നല്ല വെള്ളവും ഐസ് ശുദ്ധജലത്തിൽ നിന്നുണ്ടാക്കിയതാണെന്നും ഉറപ്പ് വരുത്തണം

• ഏതെങ്കിലും തരത്തിലുള്ള ശാരീരിക/മാനസിക ബുദ്ധിമുട്ടുകൾ തോന്നുകയാണെങ്കിൽ ഉടൻ തന്നെ അടുത്തുള്ള മെഡിക്കൽ ടീം / ആംബുലൻസിൻ്റെ സേവനം പ്രയോജനപ്പെടുത്തുക.

date