മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം: ഏകോപിത നടപടികൾ സ്വീകരിച്ചു - ജില്ലാ കളക്ടർ
മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തെ തുടർന്ന് അടിയന്തര പ്രതികരണം, രക്ഷാപ്രവർത്തനം എന്നിവ കാര്യക്ഷമമായി ഉറപ്പാക്കുന്നതിന് ജില്ലാ ഭരണകൂടം ഏകോപിതമായ വിവിധ നടപടികൾ സ്വീകരിച്ചതായി ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ അറിയിച്ചു.
സംഭവവുമായി ബന്ധപ്പെട്ട വിവര ശേഖരണവും ഏകോപനവും സുഗമമാക്കുന്നതിന് മുണ്ടത്തിക്കോട് വില്ലേജ് ഓഫീസ്, തലപ്പിള്ളി താലൂക്ക് ഓഫീസ്, കലക്ടറേറ്റിലെ ജില്ലാ അടിയന്തര പ്രവർത്തന കേന്ദ്രം (DEOC) എന്നീവിടങ്ങളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം സംവിധാനം സജ്ജമാക്കിയിട്ടുണ്ട്. പൊതുജനങ്ങളുടെ ചോദ്യങ്ങൾക്കു മറുപടി നൽകുന്നതിനും വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനം ഉറപ്പാക്കുന്നതിനാവശ്യമായ ജീവനക്കാരെ ഇവിടങ്ങളിൽ നിയോഗിച്ചിട്ടുണ്ട്.
സംഭവസ്ഥലത്ത് തിരച്ചിൽ-രക്ഷാപ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നതിന് ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട് . ഇതോടൊപ്പം, ആശുപത്രികളിലും ഉദ്യോഗസ്ഥരെ വിന്യസിച്ച് ചികിത്സയിൽ കഴിയുന്നവരുടെ വിവരങ്ങൾ ഏകോപിപ്പിക്കുന്നതിനും, ഡിഎൻഎ സാമ്പിള്‍ ശേഖരണം, കാണാതായവരുടെ തിരിച്ചറിയൽ നടപടികൾ തുടങ്ങിയ പ്രധാന പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടത്തുന്നതിനുവേണ്ടിയുള്ള ക്രമീകരണങ്ങൾ പൂർത്തിയായി.
സംഭവത്തിൽ ഉണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിനായി തലപ്പിള്ളി തഹസിൽദാരുടെ നേതൃത്വത്തിൽ എട്ട് പേരടങ്ങുന്ന പ്രത്യേക സംഘം രൂപീകരിച്ച് സ്ഥലത്തെ പരിശോധനകൾ നടത്തിവരുന്നു. നിലവിൽ 33 വീടുകളുടെ പ്രാഥമിക പരിശോധന നടത്തിയിട്ടുണ്ട്. പ്രസ്തുത സ്ഥലങ്ങളിലെ നാശനഷ്ടങ്ങളുടെ വ്യാപ്തി കണക്കാക്കുന്നതിന് തദ്ദേശ സ്വയം ഭരണ വകുപ്പ്, പി ഡബ്ലിയു ഡി ബിൽഡിങ്സ് തുടങ്ങിയ വകുപ്പുകളിലെ എക്സിക്യൂട്ടീവ് എൻജിനീയർമാരെ ചുമതലപ്പെടുത്തി.
അടിയന്തര സഹായമായി, മരണമടഞ്ഞവരുടെ അടുത്ത ബന്ധുക്കൾക്ക് ഓരോരുത്തർക്കും 10,000 രൂപ വീതം സാമ്പത്തിക സഹായം വിതരണം ചെയ്തുകഴിഞ്ഞു. ബാക്കി തുക ഇവരുടെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ലഭ്യമാക്കുന്ന മുറയ്ക്ക് വിതരണം നടത്തും. അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്ന നടപടി ത്വരിതപ്പെടുത്തുന്നതിന് ആരോഗ്യം, പഞ്ചായത്ത്, റവന്യൂ തുടങ്ങിയ വകുപ്പുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. മരണപ്പെട്ട 11പേരിൽ തിരിച്ചറിഞ്ഞ പത്തു പേരിൽ മൂന്നു പേർ മലപ്പുറം ജില്ലയിൽ നിന്നുള്ളവരും രണ്ടു പേർ പാലക്കാട് ജില്ലയിൽ നിന്നുള്ളവരും അഞ്ചു പേർ തൃശൂർ ജില്ലയിൽ നിന്നുള്ളവരുമാണ്. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർക്കും ആവശ്യമായ സാമ്പത്തിക സഹായം നൽകുന്നതിനുള്ള നടപടികൾ പുരോഗമിച്ചുകൊണ്ടിരിക്കുന്നതായും ജില്ലാ കളക്ടർ അറിയിച്ചു.
- Log in to post comments