തീപിടുത്തങ്ങളിൽ രക്ഷകനാകാൻ ഫയർ റെസ്ക്യൂ റോവർ:നൂതന സാങ്കേതികവിദ്യയുമായി യുവ പ്രതിഭ
വൻകിട കെട്ടിടങ്ങളിലുണ്ടാകുന്ന തീപിടുത്തങ്ങളിൽ കുടുങ്ങിയവരെ രക്ഷിക്കാൻ റോബോട്ടിക് സാങ്കേതികവിദ്യയുമായി യുവ പ്രതിഭ. 'ഫയർ റെസ്ക്യൂ റോവർ' എന്ന നൂതന പ്രോജക്റ്റുമായി ലിറ്റിൽ കൈറ്റ്സ് ദ്വിദിന സംസ്ഥാന ക്യാമ്പിൽ താരമായിരിക്കുകയാണ് കോഴിക്കോട് ബാലുശ്ശേരി ജി.എച്ച്.എസ്.എസിലെ കാർത്തിക് ബിജേഷ്. അഗ്നിബാധയുണ്ടാകുന്ന വൻകിട കെട്ടിടങ്ങളിലും മനുഷ്യർക്ക് കടന്നുചെല്ലാൻ കഴിയാത്ത ഇടങ്ങളിലും ഇനി രക്ഷാദൗത്യം സാധ്യമാകും.
പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലെ കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) കളമശേരി സ്റ്റാർട്ടപ്പ് വില്ലേജിൽ
സംഘടിപ്പിക്കുന്ന ലിറ്റിൽ കൈറ്റ്സ് ദ്വിദിന സംസ്ഥാന ക്യാമ്പിലെ പ്രദർശനത്തിലാണ് ഈ നൂതന കണ്ടുപിടുത്തം ശ്രദ്ധാകേന്ദ്രമായിരിക്കുന്നത്.
മനുഷ്യർക്ക് കടന്നുചെല്ലാൻ പ്രയാസമുള്ള അപകടമേഖലകളിൽ പ്രവേശിച്ച് രക്ഷാപ്രവർത്തനം നടത്താൻ പ്രാപ്തമായ ഈ സംവിധാനം സ്മാർട്ട്ഫോൺ ഉപയോഗിച്ച് പുറത്തുനിന്ന് എളുപ്പത്തിൽ നിയന്ത്രിക്കാനാകും. സ്മാർട്ട്ഫോൺ വഴി നിയന്ത്രിക്കാവുന്ന ഈ റോവർ അഗ്നിശമന സേനയുടെ പ്രവർത്തനങ്ങൾക്ക് ഭാവിയിൽ വലിയ മുതൽക്കൂട്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ആർഡ്വിനോ യുണോ, ഇഎസ്പി 32എന്നീ ഇരട്ട ബോർഡുകളാൽ നിയന്ത്രിക്കപ്പെടുന്ന ഈ റോവറിൽ അന്തരീക്ഷ താപനിലയും ഈർപ്പവും അളക്കാൻ സഹായിക്കുന്ന നാല് സെൻസറുകൾ ഘടിപ്പിച്ചിട്ടുണ്ട്. റോവറിന്റെ സ്വയംനിയന്ത്രിത സുരക്ഷാ സംവിധാനങ്ങളാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.
അന്തരീക്ഷ താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ ഉയർന്നാൽ സെൻസറുകൾ അത് തിരിച്ചറിയുകയും, പമ്പ് പ്രവർത്തിപ്പിച്ച് സ്വയം വെള്ളം ചീറ്റുകയും ചെയ്യും. ഇതിനുപുറമെ, മുന്നിലോ പിന്നിലോ തടസ്സങ്ങളുണ്ടായാൽ അൾട്രാസോണിക് സെൻസർ ഉപയോഗിച്ച് അവ തിരിച്ചറിഞ്ഞ് വാഹനം സ്വയം നിൽക്കുന്ന സംവിധാനവും ഇതിലുണ്ട്.നിലവിൽ ഇതൊരു പ്രോട്ടോടൈപ്പ് മാതൃകയാണെങ്കിലും, കൂടുതൽ ദൂരപരിധിയുള്ള ഇൻഫ്രാറെഡ് സെൻസറുകളും റിലേകളും ഉപയോഗിച്ച് വലിയ രീതിയിൽ വികസിപ്പിച്ചെടുത്താൽ അഗ്നിശമന സേനയ്ക്ക് ഇതൊരു വലിയ മുതൽക്കൂട്ടാകുമെന്ന് കാർത്തിക് വ്യക്തമാക്കുന്നു.
വൻതോതിലുള്ള താപനില നിയന്ത്രിക്കാനും വലിയ കെട്ടിടങ്ങളിൽ രക്ഷാപ്രവർത്തനം നടത്താനും ഈ സംവിധാനം മുതൽക്കൂട്ടാകുമെന്നാണ് പ്രതീക്ഷ. നൂതനമായ ഈ കണ്ടുപിടുത്തത്തിലൂടെ അഗ്നിശമന രംഗത്ത് വലിയൊരു മാറ്റത്തിന് തുടക്കമിടുകയാണ് കാർത്തിക്.
കേരളത്തിന്റെ ഐടി മേഖലയ്ക്ക് പുത്തൻ പ്രതീക്ഷകൾ നൽകുന്ന ക്യാമ്പിൽ, പ്രോഗ്രാമിംഗ്, റോബോട്ടിക്സ്, ആനിമേഷൻ എന്നീ മേഖലകളിൽ കുട്ടികൾ കൈവരിച്ച വലിയ പുരോഗതി വിളിച്ചോതുന്നതായിരുന്നു ആദ്യ ദിവസത്തെ പ്രദർശനം. നിത്യജീവിതത്തിലെ പ്രതിസന്ധികൾക്കും വൻ ദുരന്തങ്ങൾക്കും സാങ്കേതികവിദ്യയിലൂടെ പരിഹാരം കാണുന്ന നിരവധി പ്രോജക്റ്റുകളാണ് ക്യാമ്പിലെ പ്രധാന ആകർഷണം.
- Log in to post comments