Skip to main content

*42 ഇവിഎം കൗണ്ടിംഗ് ടേബിള്‍, 23 പോസ്റ്റല്‍ ബാലറ്റ് കൗണ്ടിംഗ് ടേബിള്‍*

ജില്ലയില്‍ ആകെ 42 ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ (ഇവിഎം) കൗണ്ടിംഗ് ടേബിളുകളും 23 പോസ്റ്റല്‍ ബാലറ്റ് കൗണ്ടിംഗ് ടേബിളുകളുമാണ് സജ്ജീകരിച്ചിട്ടുള്ളത്. എല്ലാ മണ്ഡലത്തിനും 14 വീതം ഇവിഎം കൗണ്ടിംഗ് ടേബിള്‍ ഉണ്ടാവും. പോസ്റ്റല്‍ ബാലറ്റിന് കല്‍പറ്റ-ആറ്, സുല്‍ത്താന്‍ ബത്തേരി- ഒമ്പത്, മാനന്തവാടി- എട്ട്് എന്നിങ്ങനെ കൗണ്ടിംഗ് ടേബിള്‍ ഉണ്ടാവും. ജില്ലയിലെ ഇടിപിബി (ഇലക്ട്രോണിക്കലി ട്രാന്‍സ്മിറ്റഡ് പോസ്റ്റല്‍ ബാലറ്റ്) ഉള്‍പ്പെടെയാണിത്.

റൗണ്ട് അടിസ്ഥാനത്തിലാണ് വോട്ടുകള്‍ എണ്ണുക. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണുന്ന ഓരോ ടേബിളും ഒരോ എആര്‍ഒയുടെ നിയന്ത്രണത്തില്‍ ആയിരിക്കും. ഓരോ കൗണ്ടിംഗ് ടേബിളുകളും ബാരിക്കേഡ്, വയര്‍ മെഷ് എന്നിവ ഉപയോഗിച്ച് വേര്‍തിരിക്കും. ബാരിക്കേഡിന് പുറത്ത് നിന്ന് മാത്രം കൗണ്ടിംഗ് ഏജന്റുമാര്‍ക്ക് കൗണ്ടിംഗ് പ്രക്രിയ സൂക്ഷ്മമായി നിരീക്ഷിക്കാന്‍ കഴിയുന്ന തരത്തില്‍ ഇരിപ്പിടം സജ്ജീകരിക്കും. 

രാവിലെ ആറ് മണിയോടെ നിരീക്ഷകന്‍, വരണാധികാരി/ഉപ വരണാധികാരി, സ്ഥാനാര്‍ഥി/സ്ഥാനാര്‍ഥിയുടെ ഏജന്റ് എന്നിവരുടെ സാന്നിധ്യത്തില്‍ സ്ട്രോങ്ങ് റൂമുകള്‍ തുറന്നതിന് ശേഷം പോസ്റ്റല്‍ ബാലറ്റുകളുടെ എണ്ണല്‍ രാവിലെ എട്ട് മണിയോടെ ആരംഭിക്കും. പോസ്റ്റല്‍ ബാലറ്റുകളുടെ എണ്ണല്‍ ആരംഭിച്ച് 30 മിനിറ്റുകള്‍ക്ക് ശേഷം ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളിലെ വോട്ടെണ്ണല്‍ ആരംഭിക്കും.

ഇവിഎം വോട്ടെണ്ണലിന് ശേഷം ഓരോ നിയമസഭ മണ്ഡലത്തിലെയും വണാധികാരി, സ്ഥാനാര്‍ഥി/ഏജന്റ്,  നിരീക്ഷകര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന അഞ്ച് മെഷീനുകളിലെ വിവിപാറ്റ് സ്ലിപ്പ് എണ്ണും. നിരീക്ഷകന്‍, വരണാധികാരി, ഉപവരണാധികാരി, സ്ഥാനാര്‍ഥി/ഇലക്ഷന്‍ ഏജന്റ് എന്നിവരുടെ സാന്നിധ്യത്തില്‍ ലോഗ് ബുക്കില്‍ ആവശ്യമായ രേഖപ്പെടുത്തലുകള്‍ വരുത്തിയാണ് സ്ട്രോങ് റൂം തുറക്കുക. ഈ പ്രക്രിയ മുഴുവനായി സമയവു തീയതിയും രേഖപ്പെടുത്തി വീഡിയോ റിക്കോര്‍ഡിംഗ് നടത്തും.

date