Skip to main content

ഉന്നതികളിലും പോപ്പുലറായി  'നമസ്‌തേ കളക്ടര്‍ '

കാസര്‍കോട് ജില്ലയുടെ ഭാവി വികസനത്തിന് പുതുതലമുറയുടെ കാഴ്ചപ്പാടുകള്‍ അറിയാനും വിവിധ മേഖലകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ജില്ലാ കളക്ടറുമായി ഇടപഴകുന്നതിനും ജില്ലാ ഭരണകൂടം ആവിഷ്‌കരിച്ച 'നമസ്‌തേ കളക്ടര്‍ 'പദ്ധതിയില്‍ മഞ്ചേശ്വരത്തെ ഗേരുകട്ട ഉന്നതിയില്‍ നിന്നുള്ള കുട്ടികളും അധ്യാപകരും പങ്കെടുത്ത് ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യനുമായി സംവദിച്ചു.  കുട്ടികള്‍ക്ക് കളക്ടറോട് ചോദിക്കാന്‍ ചോദ്യങ്ങളേറെ ആയിരുന്നു. സിവില്‍ സര്‍വീസ് പരീക്ഷ എങ്ങനെ പാസാകാം, പരീക്ഷയ്ക്ക് എങ്ങനെ പഠിക്കണം, എന്തൊക്കെ പഠിക്കണം, എവിടെയൊക്കെയാണ് പരീക്ഷാ കേന്ദ്രങ്ങള്‍ തുടങ്ങി ഒരുപാട് കാര്യങ്ങള്‍ 'നമസ്‌തേ കളക്ടര്‍' പദ്ധതിലൂടെ കുട്ടികള്‍ കളക്ടറോട് ചോദിച്ചു മനസ്സിലാക്കി.

എല്ലാ ചോദ്യങ്ങള്‍ക്കും വ്യക്തമായ ഉത്തരം നല്‍കിയ കളക്ടര്‍ ഈ പരിപാടിയില്‍ പങ്കെടുത്ത കുട്ടികളില്‍ ഒരാളെങ്കിലും ഐ.എ.എസ് നേടണമെന്ന് പറഞ്ഞു. പഠിക്കാന്‍ പഠനമുറിയില്ലെന്ന് പറഞ്ഞ കുട്ടിയോട് എത്രയും പെട്ടെന്ന് അത് സാധ്യമാക്കാനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ കളക്ടര്‍ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി. എല്ലാ വെല്ലുവിളികളെയും വിജയത്തിലേക്കുള്ള ചവിട്ടുപടികളായി മാറ്റണമെന്ന് പറഞ്ഞ കളക്ടര്‍ മൊബൈലും സോഷ്യല്‍ മീഡിയയും നല്ല ഉദ്ദേശ്യങ്ങള്‍ക്കും അക്കാദമിക് തലം മെച്ചപ്പെടുത്താനും ഉപയോഗിക്കണമെന്ന് നിര്‍ദേശിച്ചു.

കൂട്ടത്തില്‍ കളക്ടറുടെ ട്രക്കിംഗ്, മൗണ്ടനീയറിങ് അഭിരുചികളെപ്പറ്റിയും കുട്ടികള്‍ ചോദിച്ചു മനസ്സിലാക്കി. കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിലാണ് ഉന്നതികളിലെ കുട്ടികളെ നമസ്‌തേ കളക്ടര്‍ പരിപാടിയില്‍ പങ്കെടുപ്പിച്ചത്.  ജില്ലാ കളക്ടറുമായി സംവദിക്കാന്‍  ലഭിച്ച അവസരം ഉന്നതികളിലെ കുട്ടികള്‍ക്ക് വേറിട്ട അനുഭവമായി  ഈ വിഭാഗത്തിലെ കുട്ടികള്‍ക്ക് ജില്ലാ കളക്ടറുമായി സംവദിക്കാന്‍ അവസരം ലഭിച്ചതിലൂടെ അവകാശങ്ങളും ആനുകൂല്യങ്ങളും ചോദിച്ചു വാങ്ങാന്‍ ഭയമില്ലാത്തവരായി മാറണമെന്ന് കളക്ടര്‍ പറഞ്ഞു. വിവിധ ക്ലാസുകളില്‍ പഠിക്കുന്ന  കുട്ടികളാണ് പരിപാടിയില്‍ പങ്കെടുത്തത്.

പരിപാടിയില്‍ കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്റര്‍ രതീഷ് പിലിക്കോട്, കുടുംബശ്രീ കൊറഗ ജില്ലാ പ്രോജക്ട് അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ യദുരാജ് എന്നിവരും പങ്കെടുത്തു. കഴിഞ്ഞ തവണ മഞ്ചേശ്വരം ഗോവിന്ദ പൈ സ്മാരക ഗവ. കോളേജിലെ എന്‍.എസ്.എസ് വോളന്റിയര്‍മാര്‍ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യനുമായി മുഖാമുഖം സംവദിച്ചിരുന്നു. നേരത്തെ പൈവളികെ, ചെമ്മനാട്, ബാര ഗവ ഹയര്‍ സെക്കണ്ടറി സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളും ജില്ലാ കളക്ടറുമായി സംവദിച്ചിരുന്നു. തിരക്കേറിയ ഔദ്യോഗിക കൃത്യനിര്‍വഹണങ്ങള്‍ക്കിടയിലും വിദ്യാര്‍ത്ഥികളുടെ സംശയങ്ങള്‍ കേള്‍ക്കാനും അവര്‍ക്ക് മറുപടി നല്‍കാനും കളക്ടര്‍ സമയം കണ്ടെത്തുന്നത് കലാലയങ്ങളില്‍ വലിയ ആവേശമാണ് പകര്‍ന്നുനല്‍കുന്നത്. പരിപാടിയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് dcipksd@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്യാം.
 

date