Skip to main content

കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാൻ 'മഴയറിവ്': പദ്ധതി ജില്ലയിലെ 96 പഞ്ചായത്തുകളിലേക്ക് കൂടി വ്യാപിപ്പിക്കും

കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനായി പ്രാദേശിക സമൂഹത്തെ സജ്ജമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന 'മഴയറിവ്' മഴമാപിനി സ്ഥാപിക്കൽ ജില്ലയിലെ കൂടുതൽ ഗ്രാമപഞ്ചായത്തുകളിലേക്ക് വ്യാപിപ്പിക്കുന്നതിനു മുന്നോടിയായി  അവലോകന യോഗം ചേർന്നു. ജില്ലാ കളക്ടർ ജി പ്രിയങ്ക ഉദ്ഘാടനം ചെയ്തു. 

കാലാവസ്ഥ വ്യതിയാനത്തെ കുറിച്ച് പഠിക്കേണ്ടതും അതിനനുസൃതമായി ഒരു ജീവിതരീതി വളർത്തിയെടുക്കേണ്ടതും കാലഘട്ടത്തിൻ്റെ ആവശ്യമാണ്.  മെയ് 23-നാണ് കേരളത്തിൽ കാലവർഷം  എത്തുമെന്ന് കരുതിയെങ്കിലും ജില്ലയിൽ പലയിടത്തും അതിശക്തമായ വേനൽമഴ നാശനഷ്ടങ്ങൾ വിതച്ചു. പിറവം, മണീട്, രാമമംഗലം, പാമ്പാക്കുട പഞ്ചായത്തുകളിലും പിറവം നഗരസഭയിലുമായി നൂറോളം വീടുകൾക്കും കൃഷിയിടങ്ങൾക്കും മെയ് 14ന് പെയ്ത മഴയിൽ വ്യാപകമായ നാശനഷ്ടം സംഭവിച്ചു . ഈ സാഹചര്യത്തിൽ പ്രാദേശികമായ കാലാവസ്ഥാ മാറ്റങ്ങൾ  കൃത്യമായി മനസ്സിലാക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് ജില്ലാ കളക്ടർ പറഞ്ഞു.

​ഇതൊരു സർക്കാർ പദ്ധതിയല്ല, മറിച്ച് ഒരു ജനകീയ മുന്നേറ്റമാണ്. ഈ പദ്ധതി പഞ്ചായത്തുകൾ  ഏറ്റെടുക്കണം. പ്രാദേശികമായി ലഭിക്കുന്ന വിവരങ്ങൾ ഉപയോഗിച്ച് അതത് പ്രദേശങ്ങൾക്ക് അനുയോജ്യമായ ദുരന്ത നിവാരണ പദ്ധതികളും ജല പരിപാലന പദ്ധതികളും തയ്യാറാക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് സാധിക്കണമെന്നും ജില്ലാ കളക്ടർ കൂട്ടിച്ചേർത്തു. 

 കാലാവസ്ഥയെ കുറിച്ചുള്ള വിവരശേഖരണം കൂടുതൽ സുതാര്യമാക്കാൻ സ്റ്റാർട്ടപ്പ് മിഷന്റെ സഹായത്തോടെ ഒരു ആപ്പ് വികസിപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. വിവരങ്ങൾ വിശകലനം ചെയ്യാൻ കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയുടെ ( കുസാറ്റ്) സേവനം ഉറപ്പാക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.

ആമ്പല്ലൂരിൽ വിജയകരമായി ആരംഭിച്ച കാലാവസ്ഥാ സാക്ഷരത യജ്ഞം എറണാകുളം ജില്ലയിൽ മുഴുവനായി നടപ്പിലാക്കുവാൻ ജില്ലാ ഭരണകൂടവും ഹരിത കേരളം മിഷനും തയ്യാറെടുക്കുകയാണ്.  നിലവിൽ 10 പഞ്ചായത്തുകളിൽ നടപ്പിലാക്കിയ മഴയറിവ് പദ്ധതി  അടുത്ത കുറച്ച് മാസങ്ങൾക്കുള്ളിൽ ജില്ലയിലെ 96  ഗ്രാമപഞ്ചായത്തുകളിലേക്ക്  വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് നവകേരളം ജില്ലാ കോഓഡിനേറ്റർ എസ് രഞ്ജിനി പറഞ്ഞു. 

​ റസിഡന്റ്സ് അസോസിയേഷനുകൾ, കുടുംബശ്രീ, ശാസ്ത്ര സാഹിത്യ പരിഷത്ത്, ലൈബ്രറി കൗൺസിൽ, വയനാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹ്യൂം സെൻ്റർ ഫോർ ഇകോളജി ആൻഡ് വൈൽഡ് ലൈഫ് ബയോളജി, കുസാറ്റ് തുടങ്ങിയവയുടെ സഹകരണത്തോടെയാണ് മഴ നിരീക്ഷണം നടക്കുന്നത്. 

പദ്ധതിയുടെ ഭാഗമായി മികച്ച പ്രവർത്തനം കാഴ്ചവെച്ച ആമ്പല്ലൂർ ഗ്രാമപഞ്ചായത്തിലെ അംഗങ്ങൾക്കും ആദ്യഘട്ടത്തിൽ മഴയറിവ് പദ്ധതി നടപ്പിലാക്കിയ 10 ഗ്രാമപഞ്ചായത്തുകളിലെ അംഗങ്ങൾക്കും ജില്ലാ കളക്ടർ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

ജില്ലാ പ്ലാനിങ് ഓഫീസർ ജി ഉല്ലാസ്, തദ്ദേശസ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ അനിൽകുമാർ, മറ്റു വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

date