ടൂറിസം പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കണം - ജില്ലാ കളക്ടർ
ജില്ലയിലെ വിവിധ ടൂറിസം പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് ജില്ലാ കളക്ടർ ജി പ്രിയങ്ക.
ജില്ലയിലെ വിവിധ ടൂറിസം പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിനായി ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് കളക്ടർ ഇക്കാര്യം വ്യക്തമാക്കിയത്.
ആലുവ പാലസ് നവീകരണ പ്രവർത്തനങ്ങൾ ഓഗസ്റ്റ് 30-നകം പൂർത്തിയാക്കണമെന്ന് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
ഫോർട്ട് കൊച്ചിയിലെ ചീനവലകളുടെ സംരക്ഷണവും പുനരുദ്ധാരണവുമായി ബന്ധപ്പെട്ട ജോലികൾ വേഗത്തിൽ തീർപ്പാക്കാനും യോഗത്തിൽ തീരുമാനമായി.
ആലങ്ങാട് ഗ്രാമപഞ്ചായത്തിലെ പഴംചിറത്തോട് പുനരുദ്ധാരണ പ്രവർത്തനങ്ങൾ വേഗം പൂർത്തീകരിക്കണമെന്ന് ജില്ലാ കളക്ടർ നിർദേശിച്ചു. ഇതിനുപുറമെ, ഫോർട്ട് കൊച്ചിയിൽ മാലിന്യ നിർമ്മാർജ്ജനത്തിനായി വേസ്റ്റ് കണ്ടെയ്നറുകൾ സ്ഥാപിക്കുന്ന നടപടികൾ അടിയന്തരമായി പൂർത്തിയാക്കാനും കൊച്ചി പോർട്ടിലെ ക്രൂയിസ് ടെർമിനൽ പ്രവർത്തനങ്ങൾ വിലയിരുത്താനും യോഗം തീരുമാനിച്ചു. സാങ്കേതിക കാരണങ്ങളാൽ നിർമ്മാണം തടസ്സപ്പെട്ട പദ്ധതികളിലെ പ്രതിസന്ധികൾ പരിഹരിക്കാൻ പ്രത്യേക ശ്രദ്ധ നൽകുമെന്ന് അറിയിച്ചു.
കൂത്താട്ടുകുളം മഹാദേവ ക്ഷേത്രം, എറണാകുളം ഗസ്റ്റ് ഹൗസ് നവീകരണം, വൈപ്പിൻ ബീച്ച് കോറിഡോർ, സുഭാഷ് പാർക്ക് നവീകരണം തുടങ്ങിയ പദ്ധതികളും യോഗത്തിന്റെ പരിഗണനയിൽ വന്നു. കടമ്പ്രയാർ ഇക്കോ ടൂറിസം പ്രോജക്ട്, കടമക്കുടി റൂറൽ ടൂറിസം പ്രോജക്ട്, ആലങ്ങാട് ടൂറിസം സർക്യൂട്ട് എന്നിവയുടെ പുരോഗതിയും യോഗം ചർച്ച ചെയ്തു. ഫോർട്ട് കൊച്ചിക്കായുള്ള എമർജൻസി ആക്ഷൻ പ്ലാൻ, ആലുവ ഫൂട്ട് ബ്രിഡ്ജിലെ അലങ്കാര വിളക്കുകൾ സ്ഥാപിക്കൽ, പെയിന്റിംഗ് തുടങ്ങിയ ജോലികളും നിശ്ചിത സമയത്തിനകം പൂർത്തിയാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ടൂറിസം വകുപ്പിന്റെ ജില്ലാ ഓഫീസ് നവീകരണവും വിവിധ ഫണ്ടുകൾ ഉപയോഗിച്ചുള്ള പദ്ധതികളും യോഗം വിശദമായി വിലയിരുത്തി.
വിനോദ സഞ്ചാര വകുപ്പ് ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ ജി ശ്രീകുമാർ,ബന്ധപ്പെട്ട ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
- Log in to post comments