*മഴക്കാല മുന്നൊരുക്കം: വകുപ്പുകളുടെ അവലോകന യോഗം ചേർന്നു*
മഴക്കാല മുന്നൊരുക്കവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകൾ നടത്തിയ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിന് ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു. ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ എം.കെ ഇന്ദുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലയിൽ ഇതുവരെ നടത്തിയ മുന്നൊരുക്ക പ്രവർത്തനങ്ങൾ അവലോകനം ചെയ്തു. അപകടകരമായി നിലനിൽക്കുന്ന മരങ്ങൾ, കെട്ടിടങ്ങൾ എന്നിവ നീക്കം ചെയ്യുന്നതിന് സ്വീകരിച്ച നടപടികൾ പൊതുമരാമത്ത്, തദ്ദേശ സ്വയംഭരണ, റവന്യൂ വകുപ്പുകൾ യോഗത്തിൽ വിശദീകരിച്ചു. മഴക്കാലം തുടങ്ങുന്നതിന് മുമ്പ് അടിയന്തിരമായി പൂർത്തീകരിക്കേണ്ട പ്രവൃത്തികളുടെ പുരോഗതിയും വിലയിരുത്തി.
അസാധാരണ സാഹചരങ്ങളുണ്ടായാൽ സ്വീകരിക്കേണ്ട നടപടികൾ, കൺട്രോൾ റൂമുകളുടെ വിവരങ്ങൾ എന്നിവ യോഗത്തിൽ വിശദീകരിച്ചു. പ്രത്യേക ശ്രദ്ധ വേണ്ട പ്രദേശങ്ങളുടെയും അടിയന്തിര സാഹചര്യങ്ങളിൽ മാറ്റിപാർപ്പിക്കേണ്ടി വന്നേക്കാവുന്ന കുടുംബങ്ങളുടെയും പട്ടികകൾ അതത് വകുപ്പുകൾ തയ്യാറാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിൽ പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കാനും ജാഗ്രത പുലർത്താനും വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. 23ന് സബ് കളക്ടറുടെ അധ്യക്ഷതയിൽ മഴക്കാല മുന്നൊരുക്കങ്ങളുടെ പുരോഗതി വിലയിരുത്താൻ വീണ്ടും ഉദ്യോഗസ്ഥരുടെ യോഗം ചേരും.
- Log in to post comments