Skip to main content
..

കുട്ടികളുടെ ചലച്ചിത്രാസ്വാദന ക്യാമ്പ് സമാപിച്ചു സിനിമാസ്വാദനം മനുഷ്യനെയും കലാരൂപങ്ങളെയും അടുപ്പിക്കുന്നു: മന്ത്രി ബിന്ദു കൃഷ്ണ

സാങ്കേതികവിദ്യയുടെ നൂതന സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്ന ആധുനികയുഗത്തില്‍ സിനിമാസ്വദനം  മനുഷ്യനെയും കലാരൂപങ്ങളെയും അടുപ്പിക്കുന്നുവെന്ന് വനിതാ-ശിശുക്ഷേമ, തൊഴില്‍, ക്ഷീരവികസന-മൃഗസംരക്ഷണ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ.  സംസ്ഥാന ചലച്ചിത്ര അക്കാദമി, സാംസ്‌കാരിക വകുപ്പ് ഡയറക്ടറേറ്റ്, ശിശുക്ഷേമ സമിതി എന്നിവ  സംയുക്തമായി കുട്ടികള്‍ക്കായി സംഘടിപ്പിച്ച  സിനിമാസ്വാദന ക്യാമ്പിന്റെ സമാപന സമ്മേളനം ആശ്രാമം ശ്രീനാരായണഗുരു സാംസ്‌കാരിക സമുച്ചയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കുട്ടികളിലെ വ്യക്തിത്വ വികസനത്തിനും പഠനത്തോടൊപ്പം പാഠ്യേതര പ്രവര്‍ത്തനങ്ങളിലും സജീവമാകാനും ഇത്തരം ക്യാമ്പുകള്‍ സഹായകരമാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ക്യാമ്പില്‍ പങ്കെടുത്ത കുട്ടികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും മന്ത്രി നിര്‍വഹിച്ചു. എസ് ദേവശ്രീ, അനാമിക അനില്‍കുമാര്‍ എന്നിവര്‍ക്ക് മികച്ച ക്യാമ്പ് അവലോകന റിപ്പോര്‍ട്ടിനായുള്ള അവാര്‍ഡും രണ്ടായിരം രൂപയും ലഭിച്ചു. പ്രശസ്ത ഛായാഗ്രഹകനും കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറുമായ സണ്ണി ജോസഫ് മുഖ്യപ്രഭാഷണം നടത്തി.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി തിരഞ്ഞെടുക്കപ്പെട്ട 70 കുട്ടികളാണ് ക്യാമ്പില്‍ പങ്കെടുത്തത്. ആദ്യദിനം 'ചലച്ചിത്രാസ്വാദനത്തിന് ഒരു മുഖവുര' എന്ന വിഷയത്തില്‍ ഫിലിം സൊസൈറ്റി പ്രവര്‍ത്തകനായ നന്ദലാല്‍ രാമചന്ദ്രന്‍  ക്ലാസെടുത്തു. സത്യജിത് റായിയുടെ 'റ്റു', ഇറാനിയന്‍ ചിത്രമായ 'ദ സയലന്‍സ്' എന്നീ ചിത്രങ്ങള്‍ ആദ്യ ദിനം പ്രദര്‍ശിപ്പിച്ചു.  സംവിധാനം, തിരക്കഥ, ഛായാഗ്രഹണം, എഡിറ്റിംഗ് എന്നിവയുടെ പ്രാഥമിക അറിവുകള്‍, ചലച്ചിത്രപ്രവര്‍ത്തകരുമായുള്ള മുഖാമുഖം, ക്ലാസിക് ചലച്ചിത്രങ്ങളുടെ പ്രദര്‍ശനം, സംഗീതപരിപാടികള്‍ എന്നിവയും ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിച്ചു. ചലച്ചിത്ര അഭിനേതാക്കളും സാങ്കേതികപ്രവര്‍ത്തകരുമാണ് ക്ലാസുകള്‍ നയിച്ചത്.

സംസ്ഥാന ശിശു ക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ജി എല്‍ അരുണ്‍ഗോപി അധ്യക്ഷനായി. തിരക്കഥാകൃത്തും ഛായാഗ്രഹകനുമായ ബാഹുല്‍ രമേശ്, ക്യാമ്പ് ഡയറക്ടറും ചലച്ചിത്രനടിയുമായ ജോളി ചിറയത്ത്, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി.അജോയ് എന്നിവര്‍ പങ്കെടുത്തു.

date