ജന്മനാടിന്റെ ഹൃദയം തൊട്ട് പറവൂരിൽ ചരിത്ര സ്വീകരണം; വികസനക്കുതിപ്പിൽ കേരളം പുതിയ ചരിത്രമെഴുതും: മുഖ്യമന്ത്രി വി.ഡി. സതീശൻ
* പറവൂരിൽ പൗരാവലി ഒരുക്കിയ സ്വീകരണം ഏറ്റുവാങ്ങി
ജന്മനാടിന്റെ ഹൃദയങ്ങളിൽ നിന്നുയർന്ന പ്രാർത്ഥനകൾക്കും സ്വപ്നങ്ങൾക്കും സ്നേഹത്തിനും നന്ദി അറിയിച്ച് പറവൂരിന്റെ മണ്ണിൽ ജനസാഗരം സൃഷ്ടിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. കേരളത്തിന്റെ ഭരണചുമതലയേറ്റ ശേഷം ആദ്യമായി സ്വന്തം മണ്ഡലമായ പറവൂരിൽ എത്തിയ മുഖ്യമന്ത്രിക്ക് ചരിത്രത്തിലെ ഏറ്റവും വലിയ സ്വീകരണമാണ് പൗരാവലി ഒരുക്കിയത്.
ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരൻ തമ്പി ചടങ്ങിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ചലച്ചിത്ര താരം മോഹൻലാൽ മുഖ്യാതിഥിയായി പങ്കെടുത്തു. പറവൂർ പൗരാവലിയുടെ പരമോന്നത പുരസ്കാരം സിനിമാതാരം മോഹൻലാൽ മുഖ്യമന്ത്രിക്ക് സമർപ്പിച്ചു.
പറവൂർ സമൂഹം ഹൈസ്കൂൾ മൈതാനത്ത് തടിച്ചുകൂടിയ പതിനായിരക്കണക്കിന് ജനങ്ങളെ സാക്ഷി നിർത്തി, രാഷ്ട്രീയ-ജാതി-മത ഭേദമന്യേയുള്ള വികസനക്കുതിപ്പിന്റെ പുതിയ പ്രഖ്യാപനങ്ങൾ അദ്ദേഹം നടത്തി.വോട്ട് ചെയ്തവരും ചെയ്യാത്തവരുമായ എല്ലാവരുടെയും മുഖ്യമന്ത്രിയായിരിക്കും താനെന്ന് വ്യക്തമാക്കുകയും തന്റെ ഭരണത്തിൽ ജനങ്ങൾക്ക് ഒരിക്കലും തലകുനിക്കേണ്ടി വരില്ലെന്ന് ഉറപ്പുനൽകി.
ജനപ്രതിനിധി എന്ന നിലയിൽ അധികാരത്തിന്റെ പത്രാസിന് പുറകെ പോകില്ലെന്നും, പാവപ്പെട്ടവരെയും പാർശ്വവൽക്കരിക്കപ്പെട്ടവരെയും ഹൃദയത്തോട് ചേർത്തുനിർത്തുന്ന ഒരു ജനകീയ സർക്കാരായിരിക്കും കേരളം ഭരിക്കുകയെന്നും അദ്ദേഹം പറഞ്ഞു.സർക്കാരിന്റെ ഓരോ നടപടികളും പാവപ്പെട്ടവന്റെയും സാധാരണക്കാരന്റെയും ജീവിതനിലവാരം ഉയർത്തുന്നതിന് വേണ്ടി മാത്രമുള്ളതായിരിക്കുമെന്നും അദ്ദേഹം ജനങ്ങൾക്ക് ഉറപ്പുനൽകി.
കേരളത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്കും വികസനത്തിനും മുൻഗണന നൽകുന്ന വൻ പദ്ധതികൾ മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തെ ലോകത്തിന് മുന്നിൽ മികച്ച രീതിയിൽ പ്രദർശിപ്പിക്കുക എന്നതാണ് സർക്കാരിന്റെ പ്രധാന അജണ്ട. ഇതിന്റെ ഭാഗമായി വരുംവർഷങ്ങളിൽ കേരളത്തെ ഒരു വലിയ തുറമുഖ നഗരമാക്കി മാറ്റാനുള്ള കൃത്യമായ മാസ്റ്റർ പ്ലാനുമായാണ് സർക്കാർ മുന്നോട്ട് പോകുന്നത്. കേരളത്തെ ഒരു ആഗോള തുറമുഖ നഗരമാക്കി മാറ്റും. അതോടൊപ്പം നിലവിലുള്ള 4 അന്താരാഷ്ട്ര വിമാനത്താവളങ്ങളെ പരമാവധി പ്രയോജനപ്പെടുത്തി, ഇന്ത്യയിലെ ഏറ്റവും കൂടുതൽ ഏവിയേഷൻ പ്രോഫിറ്റ് ഉള്ള മികച്ച സംസ്ഥാനമാക്കി കേരളത്തെ മാറ്റുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. വരുന്ന സംസ്ഥാന ബജറ്റിൽ ആരോഗ്യ വിദ്യാഭ്യാസ അടിസ്ഥാന വികസന മേഖലകളിൽ വലിയ വിപ്ലവകരമായ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്ന സൂചനയും അദ്ദേഹം നൽകി.
കേരളത്തിലെ കുട്ടികൾ ഉന്നതവിദ്യാഭ്യാസത്തിനും ജോലിക്കുമായി കൂട്ടത്തോടെ വിദേശത്തേക്ക് പോകുന്ന സാഹചര്യം മാറണം. അവർക്ക് നാട്ടിൽ തന്നെ അന്താരാഷ്ട്ര നിലവാരമുള്ള മികച്ച വിദ്യാഭ്യാസവും, പുതിയ സംരംഭങ്ങൾ തുടങ്ങാൻ ആവശ്യമായ സഹായങ്ങളും സർക്കാർ ഉറപ്പാക്കും.വിദേശത്ത് പോകുന്നവരുടെ എണ്ണത്തിൽ കുറവ് വരുത്തി, കേരളത്തിൽ തന്നെ നന്നായി പഠിച്ച് ഇവിടെ തന്നെ നല്ല ശമ്പളമുള്ള ജോലി കിട്ടുന്നതിനുള്ള അവസരങ്ങൾ സർക്കാർ സൃഷ്ടിക്കും.
ജനങ്ങളെ ദ്രോഹിക്കാതെയും നികുതി ഭാരം അടിച്ചേൽപ്പിക്കാതെയും സംസ്ഥാനത്തിന്റെ സമ്പദ്വ്യവസ്ഥ മെച്ചപ്പെടുത്താനുള്ള ബദൽ മാർഗ്ഗങ്ങൾ സർക്കാർ നടപ്പിലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.ഇന്ത്യയിലാദ്യമായി മുതിർന്ന പൗരന്മാർക്കായി പ്രത്യേക മന്ത്രാലയം രൂപീകരിക്കുമെന്ന സാമൂഹിക സുരക്ഷാ പദ്ധതിയും അദ്ദേഹം പ്രഖ്യാപിച്ചു. ഇന്ത്യയിൽ തന്നെ ആദ്യമായാണ് ഒരു സംസ്ഥാനം മുതിർന്ന പൗരന്മാർക്കായി പ്രത്യേക മന്ത്രാലയം സ്ഥാപിക്കുന്നത്. വരാനിരിക്കുന്ന തലമുറകൾക്ക് വലിയ പ്രതീക്ഷകൾ നൽകുന്ന ഒരു പുതിയ കേരളം കെട്ടിപ്പടുക്കുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചടങ്ങിൽ മുൻ എം.പി കെ.പി. ധനപാലൻ അധ്യക്ഷനായി. ചലച്ചിത്ര താരങ്ങളായ സലീം കുമാർ, ചന്ദു സലിംകുമാർ, എം.പിമാർ, എം.എൽ.എമാർ, സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ, മറ്റ് ജനപ്രതിനിധികൾ, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments