Skip to main content

തൊഴിലാളി ക്ഷേമ ബോര്‍ഡുകളെ ശാക്തീകരിക്കും: മന്ത്രി ബിന്ദു കൃഷ്ണ

സംസ്ഥാനത്തെ തൊഴിലാളികളുടെ ക്ഷേമം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായി വിവിധ ക്ഷേമബോര്‍ഡുകളെ ശാസ്ത്രീയമായ പഠനത്തിലൂടെ ശാക്തീകരിക്കുമെന്ന് തൊഴില്‍ വകുപ്പ്  മന്ത്രി ബിന്ദു കൃഷ്ണ. കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികളുടെ ഒന്ന് മുതല്‍ ഏഴ് വരെയുള്ള ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കുള്ള സൗജന്യ പഠനോപകരണ കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കടപ്പാക്കട സ്‌പോര്‍ട്‌സ് ക്ലബ്ബ് ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ജസ്റ്റിസ് ഗോപാല ഗൗഡ കമ്മിറ്റി റിപ്പോര്‍ട്ട് സംബന്ധിച്ച്  ട്രേഡ് യൂണിയനുകളുടെ അഭിപ്രായം തേടുമെന്നും മന്ത്രി വ്യക്തമാക്കി. മോട്ടര്‍  തൊഴിലാളികളുടെ  ആവശ്യങ്ങളായ ചരക്കു വാഹനങ്ങളുടെ വാടക നിര്‍ണയം, ബസ്-ലോറി തൊഴിലാളികളുടെ ന്യായമായ വേതനം എന്നീ വിഷയങ്ങളിലെ വിജ്ഞാപനം പരിഗണനയിലാണ്. ഓട്ടോറിക്ഷാ തൊഴിലാളികളുടെ ആവശ്യമായ നിരക്ക് വര്‍ദ്ധനയില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് ഗതാഗത വകുപ്പാണ്.  ഇതുമായി ബന്ധപ്പെട്ട് ലഭിച്ച നിവേദനങ്ങള്‍ ഗതാഗത വകുപ്പ് മന്ത്രിക്ക് കൈമാറുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.  കേരള മോട്ടര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍ മലയാലപ്പുഴ ജ്യോതിഷ് കുമാര്‍ അധ്യക്ഷനായി. മേയര്‍ എ.കെ. ഹഫീസ് തൊഴിലാളികള്‍ക്കുള്ള ധനസഹായ വിതരണം നിര്‍വഹിച്ചു. കേരള മോട്ടര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍മാരായ ബി ശിവജി സുദര്‍ശന്‍, എസ് സാബു, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പി ആര്‍ ശങ്കര്‍, തൊഴിലാളി സംഘടന പ്രതിനിധികളായ ബി തുളസീധരക്കുറുപ്പ്, ടി സി വിജയന്‍, ജി ബാബു, താഷ്‌കന്റ് കാട്ടിശ്ശേരി, എം ഡി രവി, എസ് സലീം കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

 

date