മാലിന്യക്കൂമ്പാരത്തിൽ നിന്ന് ഹരിത ഓഫീസിലേക്ക്
ഫയലുകളും പൊടിയും നിറഞ്ഞ സർക്കാർ ഓഫീസുകളെക്കുറിച്ചുള്ള പൊതുധാരണകളെ തിരുത്തിക്കുറിക്കുകയാണ് ഫോർട്ട് കൊച്ചിയിലെ കൊച്ചിൻ കോർപ്പറേഷൻ റീജിയണൽ ഓഫീസ്.
ഏതാനും മാസങ്ങൾക്ക് മുൻപ് വരെ മാലിന്യക്കൂമ്പാരമായിരുന്ന ഓഫീസ് പരിസരം ഇന്ന് പച്ചപ്പ് നിറഞ്ഞിരിക്കുന്നു. ഹെൽത്ത് ഇൻസ്പെക്ടർ എം.എസ്. ഷജിയുടെ ദൃഢനിശ്ചയമാണ് ഈ മാറ്റത്തിന് പിന്നിൽ.
മുൻപും പല ഓഫീസുകളും ഹരിതവത്കരണം നടത്തി പരിചയമുള്ള ഷജിയുടെ ഓഫീസിലേക്ക് വരുമ്പോൾ ഓരോ ശുചീകരണ തൊഴിലാളികളും ഓരോ ചെടി വീതം കൊണ്ടുവരണമെന്ന ലളിതമായ നിർദ്ദേശമാണ് മാറ്റത്തിന്റെ തുടക്കം. മറ്റ് ഉദ്യോഗസ്ഥരും നാട്ടുകാരും ഈ സംരംഭത്തിന്റെ ഭാഗമായതോടെ മാലിന്യ കൂമ്പാരം പച്ചപ്പിലേക്ക് വഴിമാറി.
കേന്ദ്ര സർക്കാരിന്റെ 'സ്വച്ഛ് സർവ്വേക്ഷന്റെ' ഭാഗമായി ഓഫീസ് നവീകരണം കൂടുതൽ സജീവമായപ്പോൾ "വേസ്റ്റ് ടു ആർട്ട്" എന്ന ആശയവും ഷജി പരീക്ഷിച്ചു. ഉപേക്ഷിക്കപ്പെട്ട പഴയ ഫ്രിഡ്ജുകൾ പൂച്ചട്ടികളായും, കേടായ മീൻവലകൾ അലങ്കാരങ്ങളായും, പൊട്ടിയ വേസ്റ്റ് ബിന്നുകളും ഇരുമ്പുകമ്പികളും പുതിയ കലാരൂപങ്ങളായും പുനർജനിച്ചു. വിരൂപമായി കിടന്ന മതിലുകളിൽ പരിസ്ഥിതി സന്ദേശങ്ങൾ നൽകുന്ന ചിത്രങ്ങൾ ഇടംപിടിച്ചു. പ്രദേശത്തെ കച്ചവടക്കാരും ഓട്ടോ തൊഴിലാളികളും ചെടികളും സഹായങ്ങളുമായി പദ്ധതിക്കൊപ്പം ചേർന്നു.
വലിയ ഫണ്ടുകളോ ആഡംബരങ്ങളോ ഇല്ലാതെ, ഇച്ഛാശക്തിയും ജനപങ്കാളിത്തവും കൊണ്ട് ഒരു പൊതുസ്ഥാപനത്തെ എങ്ങനെ മാറ്റിയെടുക്കാമെന്ന് ഈ ഓഫീസ് തെളിയിക്കുന്നു.
ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിക്കാനൊരുങ്ങുന്ന ഷജിക്ക് ഇത് തന്റെ സർവീസ് കാലഘട്ടത്തിൻ്റെ ഹരിതസ്മാരകമാണ്.
- Log in to post comments