മൺസൂൺ: ജലയാനങ്ങൾക്കുള്ള സുരക്ഷാ മുന്നറിയിപ്പ്
തെക്ക്-പടിഞ്ഞാറൻ മൺസൂൺ ശക്തിപ്രാപിക്കുന്ന സാഹചര്യത്തിൽ ജലയാനങ്ങളുടെ ഉടമകളും ഓപ്പറേറ്റർമാരും ജീവനക്കാരും അതീവ ജാഗ്രത പുലർത്തണമെന്ന് കേരള മാരിടൈം ബോർഡ് അറിയിച്ചു. കനത്ത മഴ, ശക്തമായ കാറ്റ്, തിരമാലകൾ എന്നിവയുള്ളപ്പോൾ യാതൊരു കാരണവശാലും ജലയാനങ്ങൾ പ്രവർത്തിപ്പിക്കുവാൻ പാടുള്ളതല്ല. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി, പോലീസ്, മറ്റ് ബന്ധപ്പെട്ട സർക്കാർ ഏജൻസികൾ പുറപ്പെടുവിക്കുന്ന കാലാവസ്ഥാ മുന്നറിയിപ്പുകൾ കർശനമായി പാലിക്കണം, അടിയന്തര സാഹചര്യങ്ങളിൽ അതാത് ജില്ലാ കൺട്രോൾ റൂമിൽ വിവരമറിയിച്ച് സഹായം തേടണം. യാത്രാവേളയിൽ കാലാവസ്ഥ പ്രതികൂലമായാൽ എത്രയും വേഗം സുരക്ഷിതമായ തീരത്തേക്ക് മാറി സുരക്ഷ ഉറപ്പാക്കണം.
സർവ്വീസ് നടത്തുന്ന എല്ലാ ജലയാനങ്ങളിലും നിയമപ്രകാരം സാധുതയുള്ള രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, സർവേ സർട്ടിഫിക്കറ്റ്, ഇൻഷുറൻസ് എന്നിവ കർശനമായും ഉണ്ടായിരിക്കണം. സർവേ സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയിട്ടുള്ള ലൈസൻസുള്ള ജീവനക്കാർ മാത്രമേ ജലയാനങ്ങൾ പ്രവർത്തിപ്പിക്കാൻ പാടുള്ളൂ. വാർഷിക സർവേ സർട്ടിഫിക്കറ്റിൽ അനുവദിച്ചിട്ടുള്ള പാസഞ്ചർ കപ്പാസിറ്റിയിൽ കൂടുതൽ യാത്രക്കാരെ ജലയാനങ്ങളിൽ കയറ്റുവാൻ പാടുള്ളതല്ല. ജീവൻരക്ഷാ ഉപകരണങ്ങളും അഗ്നിശമന ഉപകരണങ്ങളും അടിയന്തരമായി ഉപയോഗിക്കാൻ പാകത്തിൽ എപ്പോഴും പ്രവർത്തനസജ്ജമായി സൂക്ഷിക്കണം. യാത്രക്കാരുടെയും ജീവനക്കാരുടെയും ജലയാനത്തിന്റെയും സുരക്ഷ ഉറപ്പാക്കേണ്ടത് പ്രസ്തുത ജലയാനത്തിലെ മാസ്റ്റർ/സ്രാങ്കിന്റെയും ബോട്ടുടമയുടെയും പൂർണ്ണ ഉത്തരവാദിത്തമാണ്.
ഉൾനാടൻ ജലയാന നിയമം അനുശാസിക്കുന്ന സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതും രജിസ്ട്രേഷൻ/സർവേ നടപടികൾ പൂർത്തിയാക്കാത്തതുമായ ജലയാനങ്ങൾക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കും. യാത്രക്കാർ തങ്ങൾ സഞ്ചരിക്കുന്ന ജലയാനങ്ങളുടെ നിയമപരമായ സാധുത പരിശോധിക്കണം. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത ജലയാനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ രജിസ്റ്ററിങ് അതോറിറ്റി (ആലപ്പുഴ പോർട്ട് ഓഫീസ്): ഫോൺ: 9188939953, ഇമെയിൽ: poalappuzha.port@kerala.gov.in, കേരള മാരിടൈം ബോർഡ് ഹെഡ് ഓഫീസ്: ഇമെയിൽ: ceo.kmb@kerala.gov.in, ഫോൺ: 0471-2910040 എന്നിവിടങ്ങളിൽ പരാതിപ്പെടാം.
പി.എൻ.എക്സ്. 1835/2026
- Log in to post comments